സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് ഹൈക്കോടതിയുടെ വിമര്‍ശനം
സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നത് വേദനാജനകമാണെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെറീന ഷാജി, സുനില്‍ കുമാര്‍, റാഷിദ്, ബിജു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി കസ്റ്റംസിനെ വിമര്‍ശിച്ചത്.
83 തവണ സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാകുന്നത് വേദനാജനകമാണെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന വിഷയമാണ്. ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കുകയാണോയെന്നു കോടതി വാക്കാല്‍ ആരാഞ്ഞു.
സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും കോടതി വ്യക്തമാക്കി. വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയിട്ടില്ലെന്ന് അന്വേഷണ സംഘത്തിനു എന്താണുറപ്പുള്ളതെന്നും കോടതി ചോദിച്ചു.
അതിനിടെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെയും സ്വര്‍ണക്കടത്തിനേയും നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുകയാണ്. പ്രതികളായ അര്‍ജുന്‍ നാരായണന്‍, പ്രകാശന്‍ തമ്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനല്‍ ശ്ചാത്തലം പരിശോധിക്കുകയാണ്. ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്നും പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."