പരദൂഷണം നിര്‍ത്തുന്നില്ല; വാവ സുരേഷ് പാമ്പുപിടിത്തം നിര്‍ത്തുന്നു
തിരുവനന്തപുരം: ആളുകളുടെ പരദൂഷണം കേള്‍ക്കാന്‍ വയ്യ, വാവ സുരേഷ് പാമ്പുപിടിത്തം നിര്‍ത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ് വാവ സുരേഷ് പാമ്പുപിടിത്തം നിര്‍ത്താന്‍ തീരുമാനിച്ചത്.
ഇരുപത്തൊന്‍പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടിത്തം മതിയാക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിലുള്ള ട്രോളുകള്‍ നേരിട്ടിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അടിസ്ഥാനരഹിതമായ രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്.
അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്നും പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നുവെന്നതുമെല്ലാം അടിസ്ഥാന രഹിതമായ ആരോപണമാണ്.
ഒന്നും ആഗ്രഹിച്ചിട്ടല്ല ഈ പണിക്ക് ഇറങ്ങിയത്. ആദ്യം തിരുവനന്തപുരത്തും കൊല്ലത്തും മാത്രമായിരുന്നു പാമ്പിനെ പിടിച്ചിരുന്നത്. പ്രളയത്തിന് പിന്നാലെ 9 ജില്ലകളില്‍ വരെ പോയി പാമ്പിനെ പിടിച്ചിട്ടുണ്ടെന്നും വാവ സുരേഷ് പറയുന്നു.
ഈ മേഖലയിലേക്ക് നിരവധിയാളുകള്‍ വന്നതിന് പിന്നാലെയാണ് തനിക്ക് നേരേ കരുതിക്കൂട്ടിയുള്ള രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതെന്നും അമ്മയ്ക്ക് പ്രായമായതോടെ ഇനിയുള്ള കാലം എന്തെങ്കിലും ജോലി ചെയ്ത് അമ്മയെ നോക്കണമെന്നും അദ്ദേഹം പറയുന്നു.
പക്ഷേ വേദനയോടെയാണ് ഈ രംഗത്തോട് വിടപറയുന്നതെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു.
ഒന്നും ആഗ്രഹിക്കാതെയായിരുന്നു താന്‍ പ്രവര്‍ത്തിച്ചത്. പക്ഷേ ഒറ്റപ്പെടുത്തലുകള്‍ ഒരു പരിധിയ്ക്ക് അപ്പുറമായി. ഇനി വയ്യെന്ന് വാവ സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."