സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യവുമായി യൂത്ത് ലീഗ് അംബ്രല മാര്‍ച്ച്
കോഴിക്കോട്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ നാനാവതി കമ്മിഷനു മുന്നില്‍ സത്യസന്ധമായി വിവരങ്ങള്‍ നല്‍കിയതും സത്യവാങ് മൂലത്തില്‍ ഉറച്ചുനിന്നതുമാണ് സഞ്ജീവ് ഭട്ടിനെ ഭരണകൂടത്തിന്റെ ശത്രുവാക്കിയതെന്ന് ഭാര്യ ശ്വേത ഭട്ട്.
കള്ളക്കേസ് ചുമത്തി ജയിലിലടച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച അംബ്രല മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിച്ചതിന് അദ്ദേഹത്തിനു തിരികെ ലഭിച്ചത് ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടികളും പകപോക്കലുമായിരുന്നു. അക്രമികള്‍ക്കും വിദ്വേഷപ്രചാരകര്‍ക്കും നേരെ നിയമപരമായ നടപടി സ്വീകരിച്ചതാണ് അദ്ദേഹം ചെയ്ത അപരാധം. കാക്കിയെ ആദരവോടെ കണ്ട് ഉത്തരവാദിത്തം നിറവേറ്റിയതുകൊണ്ടാണ് സഞ്ജീവിനെ ഭരണകൂടം കുറ്റവാളിയായി കണ്ടത്. സഞ്ജീവ് ഭട്ടിന് നീതി തേടിയുള്ള പോരാട്ടത്തില്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പിന്തുണ ആത്മധൈര്യം പകരുന്നതാണ്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും നീതിയിലും ഉറച്ചു വിശ്വസിക്കുന്നുവെന്ന് പറഞ്ഞ ശ്വേത, അടുത്ത ദിവസം ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു. പ്രതിഷേധ സംഗമത്തില്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സഞ്ജീവ് ഭട്ടിന്റെ മകന്‍ ശാന്തനു ഭട്ട് മുഖ്യാതിഥിയായി. യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, നജീബ് കാന്തപുരം, ഉമ്മര്‍ പാണ്ടികശാല, മിസ്ഹബ് കീഴരിയൂര്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മാഈല്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആശിഖ് ചെലവൂര്‍, എ.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത്, എം.പി നവാസ്, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ് സംസാരിച്ചു. കോഴിക്കോട് സ്റ്റേഡിയം ജങ്ഷനില്‍നിന്ന് ആരംഭിച്ച് മുതലക്കുളം മൈതാനിയില്‍ സമാപിച്ച കുടയേന്തിയ റാലിയില്‍ നൂറു കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."