നല്ല പാതി കരള്‍ പകുത്തു നല്‍കും, പക്ഷെ..
ചെറുവത്തൂര്‍: പ്രിയതമന്‍ സജിത്തിന് കരള്‍ പകുത്തുനല്‍കാന്‍ തയാറായി പ്രവിതയെന്ന മുപ്പത്തിയാറുകാരി. കുഞ്ഞുകുടുക്കയിലെ സമ്പാദ്യം നീട്ടി അച്ഛന്റെ അസുഖം ഭേദമാക്കി തരണമെന്ന് അപേക്ഷിക്കുന്ന ആര്യനന്ദയെന്ന നാലാം ക്ലാസുകാരി. മിഠായി പോലും വാങ്ങാതെ കാത്തുവെച്ച കൊച്ചു സമ്പാദ്യവും കരള്‍ പകുത്തുനല്‍കാനുള്ള പ്രവിതയുടെ മനസിനുമൊപ്പം ഇരുപത്തിയഞ്ചു ലക്ഷം രൂപ കൂടി ചേര്‍ത്തുവെച്ചാലേ ഈ കുടുംബത്തിന് തങ്ങളെ അത്താണിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിയൂ.
ചീമേനി കിഴക്കേക്കരയിലെ സജിത്ത് (39 ) മത്സ്യത്തൊഴിലാളിയാണ്. മൂന്ന് വര്‍ഷം മുന്‍പാണ് സജിത്തിന് കരള്‍ രോഗം പിടിപെട്ടത്. രോഗം മൂര്‍ച്ഛിച്ചതോടെ കരള്‍ മാറ്റി വച്ചാലേ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അന്നുമുതല്‍ തന്റെ ഭണ്ഡാരകുടുക്കയില്‍ നാണയത്തുട്ടുകള്‍ ശേഖരിച്ചു വയ്ക്കുകയായിരുന്നു മകള്‍ ആര്യനന്ദ.
കഴിഞ്ഞ ദിവസം ചീമേനി കൈത്താങ്ങിന്റെ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ മകള്‍ അവര്‍ക്ക് നേരെ നീട്ടിയതും ഈ ഭണ്ഡാരമായിരുന്നു. ഒപ്പം ഒരഭ്യര്‍ത്ഥനയും; അച്ഛനെ എനിക്ക് ആരോഗ്യത്തോടെ തിരിച്ചു തരണം. ചികിത്സാ ചെലവും, ജീവിത വഴിയും കണ്ടെത്താനാകാതെ പാടുപെടുകയാണ് ഈ നിര്‍ധന കുടുംബം. തങ്ങളുടെ കണ്ണീരൊപ്പാന്‍ സുമനസുകള്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകളും. സഹായമെത്തിക്കാന്‍ പ്രവിതയുടേയും ആര്യനന്ദയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 35296706937. ഐ. എഫ്.എസ്.സി കോഡ് ടആകച0014887, എസ്.ബി. ഐ ചീമേനി. ഫോണ്‍ : 9495346286.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."