മിക്‌സി വാങ്ങണോ? മാവേലി സ്‌റ്റോറിലേക്ക് വരൂ..!
തിരുവനന്തപുരം: വീട്ടുപകരണങ്ങളും ഇ-ന്ദനി വിലക്കുറവില്‍ വാങ്ങാം. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ സപ്ലൈകോ വഴി ഗൃഹോപകരണങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാനുള്ള പദ്ധതിയൊരുങ്ങുന്നു. ഇതിനായി പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനി പ്രതിനിധികളുമായി സപ്ലൈകോ പ്രാഥമിക ചര്‍ച്ച നടത്തി. കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രാഥമിക ചര്‍ച്ചയില്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി സപ്ലൈകോ സി.എം.ഡി എം.എസ് ജയ സുപ്രഭാതത്തോട് പറഞ്ഞു. കമ്പനി അധികൃതരുമായുള്ള വിശദമായ യോഗം അടുത്തയാഴ്ച നടത്തും.
മിക്‌സി, വാഷിങ് മെഷിന്‍, പ്രഷര്‍ കുക്കര്‍, ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍ തുടങ്ങിയ എല്ലാവിധ ഗൃഹോപകരണങ്ങളും സപ്ലൈകോ വഴി വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്. കമ്പനികളില്‍നിന്നും ഉല്‍പാദകരില്‍നിന്നും കുറഞ്ഞവിലക്ക് നേരിട്ട് വാങ്ങി നാമമാത്രമായ ലാഭമെടുത്ത് ഗൃഹോപകരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാനാണ് പദ്ധതി.
ഇലക്ട്രോണിക്‌സ് ഗൃഹോപകരണ പൊതുവിപണിയില്‍ ഇടപെടാന്‍ സപ്ലൈകോ നേരത്തെ ആലോചിച്ചിരുന്നു. ഈ മേഖലയിലെ വിലക്കയറ്റവും ചൂഷണവും തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ പ്രാഥമിക ആലോചന നടന്നുവരുന്നതിനിടെയാണ് സംസ്ഥാനത്ത് പ്രളയ ദുരന്തമുണ്ടായത്. പ്രളയക്കെടുതിയില്‍ ആറുലക്ഷത്തില്‍ കൂടുതല്‍ കുടുംബങ്ങളിലെ ഗൃഹോപകരണങ്ങള്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തിലാണ് വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ നടപടിയായത്.
പ്രളയ ദുരിതത്തിലായ അഞ്ചു ജില്ലക്കാര്‍ക്ക് വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശരഹിത വായ്പയുമായി ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനായി ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ ദുരിതബാധിതര്‍ക്ക് സമീപിക്കാന്‍ പറ്റുന്ന പ്രധാനപ്പെട്ട നാലോളം ഔട്ട്‌ലെറ്റുകള്‍ കണ്ടെത്താന്‍ സപ്ലൈകോ മാര്‍ക്കറ്റിങ് വിഭാഗത്തിന് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."