പാലത്തായി പീഡനക്കേസില്‍ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി പകരം പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തളിപ്പറമ്പ് ഡി.വൈ.എസ്.പി രത്‌നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എ.ഡി.ജി.പി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.
ഐജി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലിസ് ശ്രമിക്കുകയാണെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണ സംഘത്തെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കോടതി പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിയായ ആര്‍.എസ്.എസ് പ്രാദേശിക നേതാവ് കൂടിയായ അധ്യാപകന് അനുകൂലമാണെന്ന് ആരോപിച്ചായിരുന്നു ഹരജി. നിലവിലുള്ള അന്വേഷണസംഘം കേസ്അട്ടിമറിച്ചെന്നും പ്രതിക്ക് സഹായകമായ അന്വേഷണമാണ് നടത്തിയതെന്നുമാണ് ഹരജിഭാഗം ആരോപിച്ചത്.
ഇരയുടേതായി നല്‍കിയ പല മൊഴികളും യഥാര്‍ഥത്തില്‍ കുട്ടി നല്‍കിയതല്ല.ഇരയുടെ മൊഴികളൊന്നും പോക്സോ നിയമത്തിന്റെ വകുപ്പ് 24 പ്രകാരം പ്രതിപാദിക്കുന്ന തരത്തില്‍ ഓഡിയോ റിക്കോര്‍ഡിങ് നടത്താതിരിക്കുകയും കോടതിയില്‍ സമര്‍പ്പിച്ച മൊഴിയില്‍ മാറ്റം വരുത്തുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 24 ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇരയുടെ മൊഴി എടുക്കുന്നത് 80 ദിവസത്തിന് ശേഷം കുറ്റപത്രം നല്‍കുന്നതിന്റെ തലേദിവസം മാത്രമാണ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് തയാറായില്ലെന്നും ഹരജിഭാഗം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."