'എട്ടിലും' സെമിയിലെത്തി അമേരിക്ക
പാരിസ്: പതിവ് തെറ്റിക്കാതെ എട്ടാമത് ഫിഫ വനിതാ ലോകകപ്പിലും അവസാന നാലില്‍ ഇടംനേടി അമേരിക്ക. ആതിഥേയരായ ഫ്രാന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അമേരിക്ക സെമിയിലെത്തിയത്. മുന്നേറ്റനിര താരം മെഗന് റെപിനോയിയുടെ ഇരട്ട ഗോളാണ് കാണികളുടെ ആരവത്തിന്റെ അകമ്പടിയോടെ കളത്തിലിറങ്ങിയ ആതിഥേയരുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ റെപിനോയിയുടെ ഫ്രീകിക്ക് ഗോളില്‍ അമേരിക്ക മുന്നിലെത്തി. പിന്നീട് ഇരു ടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ അറുപത്തിയഞ്ചാം മിനുട്ടില്‍ റെപിനോയി അമേരിക്കക്കായി രണ്ടാം ഗോളും നേടി. ഫ്രഞ്ച് പ്രതിരോധനിരയുടെ പിഴവില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. 81-ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍നിന്ന് ഫ്രഞ്ച് പ്രതിരോധ താരം വെന്‍ഡി റെണാര്ഡാണ് ഫ്രാന്‍സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ഇതോടെ മൂന്നു തവണ ചാംപ്യന്മാരായ അമേരിക്ക തുടര്‍ച്ചയായി എട്ടാംതവണയും ലോകകപ്പ് സെമിയിലെത്തി. 91, 99, 2015 എഡിഷനുകളില്‍ കപ്പ് ഉയര്‍ത്തിയ അമേരിക്ക 2011ല്‍ രണ്ടാം സ്ഥാനത്തും 95, 2003, 2007 എഡിഷനുകളില്‍ നാലാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തിരുന്നത്. ജൂലൈ രണ്ടിന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് അമേരിക്കയുടെ എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി നെതര്‍ലന്‍ഡ്സ് സെമിയിലെത്തി. 70ാം മിനുട്ടില്‍ വിവിയന്ന മിഡീമയും 80ാം മിനുട്ടില്‍ സ്റ്റെഫാനി വാന്‍ ഡെര്‍ ഗ്രാറ്റുമാണ് നെതര്‍ലന്‍ഡ്സിന് വേണ്ടി ഗോള്‍ നേടിയത്. ജര്‍മനി - സ്വീഡന് മത്സരത്തിലെ വിജയികളാണ് സെമിയില്‍ നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."