പാളത്തിലെ വെള്ളിക്കൊലുസ്
വടകരയില്‍ സബ് ബ്യൂറോ ഇന്‍ചാര്‍ജായി ജോലിചെയ്യുന്ന കാലമാണ്.
തിരുവനന്തപുരം ബ്യൂറോയും കോഴിക്കോടും കഴിഞ്ഞാണ് 2011 ഫെബ്രുവരിയില്‍ വടകരയില്‍ എത്തുന്നത്. ഒക്ടോബര്‍ മാസമായിരുന്നു എന്നെ ഏറെ സങ്കടപ്പെടുത്തിയ ആ സംഭവം നടന്നത്. തലശേരിയില്‍നിന്നു വടകരക്ക് വരികയാണ്. വൈകിട്ട് അഞ്ചിനോടടുത്ത സമയം. വടകര സ്റ്റാന്‍ഡില്‍ ബസ് എത്താറായിരിക്കുന്നു.
ബസ് ചോറോട് ഗെയ്റ്റിനടുത്തേക്ക് എത്തിയപ്പോഴാണ് റെയില്‍വേ ട്രാക്കില്‍ ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ടത്. എന്തോ ഒരു അത്യാഹിതത്തിന്റെ ഗന്ധം. ട്രെയിനിന് മുന്‍പിലേക്ക് ആരോ ചാടിയതാവാം. കാഴ്ചയെ പിന്തള്ളി ബസ് വടകര സ്റ്റാന്‍ഡിലേക്ക് കുതിക്കുന്നു. അപ്പോഴും കണ്ടകാഴ്ചയെക്കുറിച്ച് ചിലരെല്ലാം സംസാരം തുടരുകയാണ്. ഇന്നത്തേക്ക് ഒരു വാര്‍ത്ത തടഞ്ഞേക്കും. എന്നിലെ പത്രപ്രവര്‍ത്തകന്‍ കര്‍മനിരതനായി.
ബസില്‍ നിന്നിറങ്ങി പുതിയ സ്റ്റാന്‍ഡിന് സമീപത്തെ ഓഫിസിലേക്കു കയറി. സുഹൃത്തിനെ വിളിച്ച് അവന്റെ ബൈക്കില്‍ ചോറോട് ഗെയ്റ്റിനടുത്തേക്ക് കുതിച്ചു. ഗെയ്റ്റില്‍നിന്ന് റാണി പബ്ലിക് സ്‌കൂളിലേക്കു പോകുന്ന കിഴക്കുവശത്തെ ട്രാക്കിനു സമാന്തരമായ റോഡിലൂടെ ഞങ്ങളുടെ ബൈക്ക് ചീറിപ്പാഞ്ഞു. അമ്മയും കുഞ്ഞും വണ്ടി തട്ടി മരിച്ചതാണെന്ന് ആരോ പറഞ്ഞു. വഴിയാത്രക്കാരായ അവര്‍ ഞങ്ങളെയും കടന്ന് എങ്ങോട്ടോ പോയി. എന്റെ ഉള്ളിലെ നടുക്കം ഞാന്‍ വ്യക്തമായി കേട്ടു. ഒരാളുടെ ഉയരത്തിലാണ് ഈ ഭാഗത്ത് റെയില്‍ പാളം കടന്നുപോകുന്നത്. ഞങ്ങളും ബൈക്കും റെയില്‍പാളത്തിന് കിഴക്കുവശത്തായിരുന്നു. അല്‍പ്പം കൂടി വടക്കോട്ട് മാറി പാളത്തില്‍ ഒരു ജനക്കൂട്ടം. തിരുവനന്തപുരത്തുനിന്ന് മംഗലാപുരംവരെ പോവുന്ന പരശുറാം എക്‌സ്പ്രസ് വടക്കോട്ട് പോയിട്ട് അധിക നേരമായിട്ടില്ല. കോഴിക്കോട്ടുനിന്ന് പതിവായി 3.40ന് എടുക്കുന്ന വണ്ടിയാണത്. ഏറിയാല്‍ 15 മിനുട്ടായിക്കാണും. എതിര്‍ ദിശയില്‍നിന്ന് വരുന്ന വണ്ടിയുടെ സൈറണ്‍ ചെവിയിലേക്കെത്തി. പാളത്തിലെ സ്ലീപ്പറുകളില്‍ ചവിട്ടി നടന്ന ഞങ്ങളും പാളംവിട്ടകന്നു. ഭയാനകമായ ശബ്ദത്തില്‍ ഹോണ്‍ മുഴക്കി പരിസരത്തെ സര്‍വചരാചരങ്ങളെയും കിടിലംകൊള്ളിച്ച് ട്രെയിന്‍ അതിശീഘ്രം കടന്നുപോയി. വീണ്ടും
പാളത്തിലേക്ക് ആളുകള്‍ കൂട്ടമായി എത്തി. വടകരയുടെ കിഴക്കന്‍ മലയോരമായ കുറ്റ്യാടി മേഖലയില്‍നിന്നുള്ള സ്ത്രീയാണ് വണ്ടിക്ക് ചാടിയതെന്ന് കൂടിനില്‍ക്കുന്നവര്‍ കുശുകുശുക്കുന്നത് കേട്ടു. 30-35 വയസുള്ള സ്ത്രീയാണ്. അവരുടെ ഭര്‍ത്താവ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണെന്നുള്ളതും ആള്‍ക്കൂട്ടം വെളിവാക്കി. കുറ്റ്യാടി ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയില്‍നിന്ന് വടകരക്ക് വരുന്ന ബസുകള്‍ നാദാപുരം റോഡ് ജങ്ഷനില്‍ എത്തിയാണ് ദേശീയപാതയില്‍ കയറി തെക്കോട്ട് പോകുക. ഹൈവേയില്‍നിന്ന് നൂറു മീറ്റര്‍ പോലുമില്ല നാദാപുരം റോഡിലെ റെയില്‍വേ ക്രോസിലേക്ക്. ആത്മഹത്യക്കായി എത്തിയ സ്ത്രീ കുട്ടിയെയുമായി റെയില്‍വേ ക്രോസിന് സമീപത്തെ സ്റ്റോപ്പിലായിരിക്കണം ഇറങ്ങിയത്. പിന്നീട് അവര്‍ അഞ്ചു വയസുകാരിയായ മകളുമായി ട്രാക്കിലൂടെ മരണത്തേയും തേടി നടന്നിരിക്കും. നാട്ടിന്‍പുറത്തുനിന്നു വരുന്നവളായതിനാല്‍ ട്രെയിനിന്റെ സമയത്തെക്കുറിച്ചൊന്നും ബോധമുണ്ടായിരിക്കില്ല. തങ്ങളുടെ മോചനത്തിനായി ഏതെങ്കിലും ഒരു ട്രെയിന്‍ ദിക്കെല്ലാം കുലുക്കി എത്തുമെന്നും പ്രതീക്ഷിച്ച് മരണം തങ്ങളെ പുല്‍കുന്നതും ഓര്‍ത്തോര്‍ത്താവും ആ സ്ത്രീ നടന്നിരിക്കുക. അങ്കണവാടിയിലോ, ഒന്നാം ക്ലാസിലോ എത്താനുള്ള പ്രായമേ ആ കുഞ്ഞു മകള്‍ക്കുള്ളൂ. ജീവിതം നരകമാക്കിയ സാഹചര്യത്തില്‍ മകളെ തനിച്ചാക്കി ഈ ഭൂമിയില്‍നിന്നു പോകാന്‍ സ്്‌നേഹനിധിയായ ആ അമ്മക്ക് കഴിഞ്ഞിരിക്കില്ല. വീട്ടില്‍ അന്ന് മുന്തിയ മത്സ്യമോ, ഇറച്ചിയോ വാങ്ങി മകള്‍ക്ക് അവര്‍ കറിവച്ചുകൊടുത്തിരിക്കാം. അല്ലെങ്കില്‍ കട്ടന്‍ ചായയും കുടിച്ച് കുറ്റ്യാടി അങ്ങാടിയിലോ മറ്റേതെങ്കിലും പ്രദേശങ്ങളിലോ എങ്ങനെയാണ് ജീവിതം അവസാനിപ്പിക്കേണ്ടതെന്ന് ഓര്‍ത്തോര്‍ത്ത് ചുറ്റിക്കറങ്ങിയിരിക്കാം. നട്ടുച്ചക്ക് കുട്ടിക്ക് ഒരു ഊണു വാങ്ങി നല്‍കാന്‍ പോലും കാശുണ്ടായിരുന്നില്ലെന്നും വരാം. പള്ളിക്കൂടങ്ങള്‍ക്ക് അവധിയില്ലാത്ത ആ ദിനത്തില്‍ അവര്‍ ഏതെങ്കിലും ബന്ധുവീട്ടില്‍ പോകാനുണ്ടെന്നു വിശ്വസിപ്പിച്ചാവും കുട്ടിയെ ഒപ്പം കൂട്ടിയിരിക്കുക. നാട്ടിന്‍ പുറത്ത് വളരുന്ന കുട്ടിയല്ലെ, അവളുടെ കൊച്ചുമനസില്‍ അപ്പോള്‍ ഒരായിരം പൂത്തിരികള്‍ കത്തിയിരിക്കണം. കുറേദൂരെയുള്ള പട്ടണത്തിലെ ഒരു ബന്ധുവീട്ടില്‍ പോകുക. ഏതൊരു കുട്ടിക്കും പ്രത്യേകിച്ചും കാടും പുഴയും ഇരുളും തങ്ങിനില്‍ക്കുന്ന ഒരു നാട്ടില്‍നിന്നു ദൂരേക്ക് ഒരു യാത്ര കുട്ടികള്‍ക്ക് ഇഷ്ടമാവാതിരിക്കുമോ. അനേകം വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡും ട്രെയിനുകള്‍ കുതിച്ചോടുന്ന റെയില്‍പാളവും കടല്‍തീരവുമുള്ള ഒരു പട്ടണക്കാഴ്ച... നാട്ടിന്‍പുറത്തുനിന്നുള്ള ഏത് കുട്ടിയാണ് അതിനായി കൊതിക്കാതിരിക്കുക.
പിന്നെ ഐസ്‌ക്രീം, മസാലദോശ... കുട്ടികളെ മരണവക്രത്തിലേക്ക് കൊണ്ടുപോരാന്‍ ഇത്രയൊക്കെ ധാരാളമല്ലെ.
ട്രെയിന്‍ അടുത്തെത്തിയിട്ടും കണ്ടുനിന്ന ചില പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തമര്‍ത്തി ഇരമ്പുന്ന ട്രെയിന്‍ എന്‍ജിനടിയിലേക്ക് കുതിക്കുകയായിരുന്നുവെന്ന് ആരോ പറയുന്നത് കേട്ടപ്പോള്‍ ദേഹം ഉലഞ്ഞുപോയി.
മിണ്ടാതിരി പൊലിസ് കേട്ടാല്‍ നിങ്ങളും കേസ് വിളിക്കുമ്പോള്‍ കോടതി വരാന്തയില്‍ സാക്ഷിപറയാന്‍ നില്‍ക്കേണ്ടി വരും. അതിന് മുന്‍പ് എത്രയോ തവണ പൊലിസ് സ്‌റ്റേഷനിലും... ഈ പ്രായത്തില്‍ അതെല്ലാം വേണോ... യുവാവിന്റെ വാക്കിലെ നീരസം വ്യക്തമാണ്. ഒരു ചെറുപ്പക്കാരന്‍ മധ്യവയസ്‌കനെ ഓര്‍മപ്പെടുത്തുകയാണ്, അയാളുടെ മകനോ, ബന്ധുവോ ആവാം.
ഞങ്ങള്‍ ആള്‍ക്കൂട്ടത്തെ ചുറ്റിപ്പറ്റിനിന്നു. അവരുടെ ബന്ധുക്കളും അവിടെ എത്തിയിരുന്നു. ആത്മഹത്യയായതിനാല്‍ അവരൊന്നും വിട്ടു പറഞ്ഞില്ല. ഞങ്ങള്‍ പൊലിസുകാര്‍ക്ക് അരികിലേക്ക് നീങ്ങി. ഒരു എ.എസ്.ഐയാണ് മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അയാള്‍ നല്ല തിരക്കിലായിരുന്നു. അയാള്‍ക്കൊപ്പമുള്ള പൊലിസുകാരില്‍ ഒരാള്‍ ആ അമ്മയുടെയും മകളുടെയും പേരും കുട്ടിയുടെ അച്ഛന്റെ മേല്‍വിലാസവും പറഞ്ഞുതന്നു.
ഫോട്ടോക്കായി ബന്ധുക്കളെ ചുറ്റിപ്പറ്റി നിന്നെങ്കിലും ഒന്നും നടന്നില്ല. പത്രക്കാരന്റെ ദുര്യോഗമാണത്. രംഗബോധമില്ലാത്ത കഴുതയെന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ പത്രക്കാര്‍ക്കാവും കൂടുതല്‍ ചേരുക.
ഇരട്ടപ്പാതയുടെ നടുവിലായിരുന്നു കുട്ടിയുടെ ചലനമറ്റ ദേഹം. അത് ആരോ ഒരു പഴംതുണിയാല്‍ മൂടിയിരുന്നു. താഴോട്ട് നോക്കിയപ്പോള്‍ ഒരു കാലിന്റെ മുട്ടിനു താഴെയുള്ള ഭാഗം കാണാനില്ല. വാര്‍ന്നുവീണ ഇളംചോരയാവാം ട്രാക്കിലെ
പാറക്കല്ലുകളില്‍ കട്ടപിടിച്ചു കിടക്കുന്നത്. എനിക്ക് കൂടുതല്‍ നില്‍ക്കാനായില്ല. നെഞ്ചുപിടക്കുന്നു. ചിലപ്പോഴെല്ലാം രക്തസമ്മര്‍ദം കൂടാറുള്ളതാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ കുറവുള്ളതിനാല്‍ മരുന്നു പതിവായി കഴിക്കുന്ന ദേഹം പിന്തിരിയാന്‍ മുന്നറിയിപ്പ് നല്‍കുന്നു. തലയ്‌ക്കൊരു അസ്വസ്ഥത തോന്നി. ഞാന്‍ ട്രാക്കില്‍നിന്ന് അല്‍പം
ദൂരേക്ക് മാറിനിന്നു. പണ്ട് കോഴിപ്പീടികയിലും ഇറച്ചിക്കടയിലും പോയാല്‍ കൊതിയോടെയാണ് മാംസം പൊതിഞ്ഞുകെട്ടിത്തരുന്നതും കാത്തുനില്‍ക്കുക. ഇപ്പോള്‍ കുറേകാലമായി എനിക്കതിന് സാധിക്കാറില്ല. അവിടുത്തെ അന്തരീക്ഷം എന്നെ വല്ലാതെ അസ്വസ്ഥനാക്കും. ഞാന്‍ മാറി നിന്നെങ്കിലും സുഹൃത്ത് ആളുകള്‍ക്കിടയിലേക്ക് പോയി. അവനെങ്കിലും പോകുന്നത് നല്ലതാണല്ലോ. മറ്റുപത്രക്കാര്‍ക്ക് ഞങ്ങളെക്കാള്‍ കൂടുതല്‍ വിവരം ലഭിക്കുകയും അവരുടെ പത്രത്താളില്‍ വിശദമായി വാര്‍ത്തവരുകയും ചെയ്താല്‍ എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിശദീകരണം നല്‍കേണ്ടിവരും. ചോര ഘനീഭവിച്ചതിനാല്‍ എനിക്ക് നോക്കാനായില്ല. വിവരം ശേഖരിക്കാനാവില്ല എന്നൊന്നും ഒരു പത്രക്കാര
നും ഡെസ്‌ക്കിലിരിക്കുന്ന എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരോട് പറയാനാവില്ല. പത്രപ്രവര്‍ത്തകരുടെ നിഘണ്ടുവില്‍ വാര്‍ത്ത ലഭിക്കാത്തതിന് ന്യായീകരണമില്ല. ഒഴിവുകഴിവ് പറഞ്ഞ് രക്ഷപ്പെടാനും ഇന്നേവരെ ഒരു പത്രക്കാരനും സാധിച്ചിട്ടില്ല.
''ആരെങ്കിലും ഒരു പായ കൊണ്ടുവാ ഇതു ഇവിടെ നിന്നു മാറ്റണ്ടെ...?''
ചോദ്യം പൊലിസുകാരന്റെതാണ്. കേട്ട ഉടനെ ആരോ ഒരാള്‍ ഒരു പഴമ്പായക്കായി തൊട്ടടുത്ത വീട്ടിലേക്ക് ഓടി. ഉയര്‍ന്ന പാളത്തിന്റെ പടിഞ്ഞാറെ വശത്തെ താഴ്ചയിലായിരുന്നു ആ മൃതദേഹം. പൊലിസ് നാട്ടുകാരെക്കൂടി സഹായത്തിന് വിളിച്ച് പായയിലേക്കേ് മാറ്റി. കുട്ടിയുടെ മൃതദേഹം മറ്റൊരു പായയിലേക്കും എടുത്തു കിടത്തി. പൊ ലിസുകാര്‍ മറ്റെന്തോ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങി.
''സാര്‍ ഇവിടെയുണ്ട്!''
കോണ്‍സ്റ്റബിള്‍മാരില്‍ ആരോ ഒരാള്‍ ഉറക്കെയാണ് അക്കാര്യം അറിയിച്ചത്. പത്രക്കാരന്റെ ജിജ്ഞാസയാവാം മാറിനിന്ന എന്നെയും അങ്ങോട്ട് അടുപ്പിച്ചത്. അതാ കിടക്കുന്നു ഒരു കുഞ്ഞിക്കാല്‍. മുട്ടിനു താഴെ മുറിഞ്ഞ രീതിയില്‍ പത്ത് മുപ്പത് മീറ്റര്‍ വടക്കോട്ട് മാറിയായിരുന്നു അത് കിടന്നിരുന്നത്. അല്‍പം മുന്‍പ് പറന്നിറങ്ങിയ രണ്ടു കാക്കകളുടെ സാമീപ്യമാണ് കോണ്‍സ്റ്റബിളിനെ അങ്ങോട്ട് നയിച്ചത്. വണ്ടിച്ചക്രം ഉരയുന്ന പാളത്തിനോട് ചേര്‍ന്നായിരുന്നു പിഞ്ചുകാല്‍. അറ്റുപോയ കാലില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നപോലെ ഒരു വെള്ളിക്കൊലുസ്. നിശ്ചലമായ കാലടിയില്‍ ചളികെട്ടിക്കിടന്നിരുന്നു. കുട്ടിയെ ചെരുപ്പിടാതെയാണ് അമ്മ നടത്തിക്കൊണ്ടുവന്നതെന്ന് ആ കാലടികള്‍ ഞങ്ങളോട് പറയുന്നതായി തോന്നി.
കിട്ടിയ വിവരങ്ങളുമായി ഓഫിസിലേക്ക് ബൈക്കില്‍ മടങ്ങുമ്പോള്‍ ഞാന്‍ ചിന്തിച്ചതത്രയും ആ അമ്മയുടെ പാളത്തിലൂടെയുള്ള യാത്രയെക്കുറിച്ചായിരുന്നു. എന്തു പറഞ്ഞാവും കുട്ടിയെ അവര്‍ ഓരോ അടിയും മുന്‍പോട്ട് നടത്തിയിരിക്കുക. കുട്ടി പല തവണ പറഞ്ഞിരിക്കാം അമ്മേ എന്റെ കാല്‍ കല്ലില്‍ തട്ടി നോവുന്നെന്ന്. ഇല്ല മോളെ എല്ലാ വേദനയും അല്‍പം കഴിഞ്ഞാല്‍ മാറുമെന്നായിരിക്കാം ആ സ്ത്രീ കുട്ടിക്ക് മറുപടി നല്‍കിയിരിക്കുക. വിജനമായ പാളത്തില്‍ ആരാണ് നമ്മുടെ ബന്ധുക്കളായുള്ളതെന്നും നടത്തം ദീര്‍ഘിക്കവേ സംശയത്താല്‍ പലതവണ ചോദിച്ചിരിക്കാം.
ജീവിതത്തിന്റെ കറുപ്പും വെളുപ്പും എരിവും പുളിയും ചവര്‍പ്പും അറിഞ്ഞു തുടങ്ങിയിട്ടില്ലാത്ത കുട്ടി. അവള്‍ക്കു മുന്നില്‍ ജീവിതത്തിന് ഒരു രുചിയേ ഉണ്ടായിരുന്നുള്ളൂ. അത് മിഠായിയുടെ മാധുര്യമായിരിക്കാം.
ഞങ്ങളുടെ പത്രത്തിലും ആ നൊമ്പര മരണത്തെക്കുറിച്ച് മോശമല്ലാത്ത റിപ്പോര്‍ട്ട് വന്നു. അന്നത്തെ പത്രം മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കടലാസു കച്ചവടക്കാരന്‍ ബ്യൂറോയില്‍ നിന്നു കെട്ടിയെടുത്തു കൊണ്ടുപോവുകയും ചെയ്തു.
ഇന്നും എനിക്ക് ആ കുഞ്ഞിക്കാല്‍ മനസില്‍ നിന്ന് എടുത്തു മാറ്റാനായിട്ടില്ല. അവള്‍ നല്ല ഒരു സുന്ദരിക്കുട്ടിയായിരുന്നുവെന്നു ആ പാദം എന്നോട് ഇന്നും പറയുന്നു. അന്നു പുറപ്പെടുന്നതിന് മുന്‍പും ആ സ്ത്രീ കുട്ടിയുടെ ദേഹവും കാലുകളും സോപ്പ് പതപ്പിച്ച് ചകിരികൊണ്ട് ഉരച്ച് കൂടുതല്‍ വെളിപ്പിച്ചിരിക്കാം. വരാന്‍ ഒരുങ്ങുമ്പോള്‍ പൗഡറിനൊപ്പം വിടര്‍ന്ന പ്രകാശിക്കുന്ന കണ്ണില്‍ കണ്‍മഷിയും എഴുതിച്ചിരിക്കും. പാവം കുട്ടി അവള്‍ക്കറിയില്ലല്ലോ ദയകാണിക്കാത്ത ലോകത്തുനിന്നു ഒരു പുറപ്പാടിനായാണ് അമ്മ ഇറങ്ങുന്നതെന്ന്.
വളയും മാലയും വാങ്ങി വരുന്നതും കാത്തിരിക്കുന്ന ഒരു മകള്‍ ആര്‍ക്കാണ് അത് ഇഷ്ടമില്ലാതിരിക്കുക. ഭാര്യയുടെ ഷാള്‍ അരയ്ക്കു ചുറ്റി ബൊമ്മാച്ചി (പാവ) ക്കുട്ടിയെ ശാസിക്കുന്ന ഒരു കുഞ്ഞുമകള്‍...
അതുപോലുള്ളൊരു മോളുടെ ജീവനല്ലെ പാളത്തില്‍ പൊലിഞ്ഞത്. ഇന്നും ഞാന്‍ ആ കുട്ടിയെ ഇടക്കെല്ലാം സങ്കല്‍പ്പിച്ചു നോക്കാറുണ്ട്. ഒരു പക്ഷേ ജീവിതാവസാനം വരെ ട്രെയിന്‍ ഓടുന്നിടത്തോളം ആ പിഞ്ചുബാലിക എനിക്കൊപ്പം കാണാനും മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."