ഹോട്ടല്‍ ജോലിക്കിടയിലും ചുമര്‍ചിത്രകലയെ കൈവിടാതെ നിജീഷ്
മാനന്തവാടി: ഉപജീവന മാര്‍ഗമായ ഹോട്ടല്‍ ജോലിക്കിടെയും ചുമര്‍ചിത്രകലയെ സ്‌നേഹിച്ച് നിജീഷ് വ്യത്യസ്ഥനാകുന്നു. എടവക ഗ്രാമപഞ്ചായത്തിലെ ദ്വാരകയിലെ ഹോട്ടല്‍ നടത്തുന്ന കണ്ടോത്ത് കണ്ണന്റെ മകനായ നിജീഷ് (30), അച്ഛനെ സഹായിക്കുന്നതിനിടെ പുതിയ പരീക്ഷണത്തിന് സമയം കണ്ടെത്തുകയാണ്.
ജലഛായ ചിത്രരചന നടത്തുന്നതിനിടെ ചുമര്‍ചിത്രകല പരീക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ മാഹി കലാഗ്രാമത്തിലെ കെ.ആര്‍ ബാബുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും നാല് വര്‍ഷത്തോളം പരിശീലിക്കുകയും ചെയ്തു. ഇന്ന് 200ഓളം ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു. ക്ഷേത്രകലകളാണ് കൂടുതലായും വരയ്ക്കുന്നത്. ഇന്റീരിയല്‍ വര്‍ക്കും ചെയ്യുന്നുണ്ട്. അക്രിലിക്ക് മാധ്യമമാണ് വരയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഇതിനോടകം കേരള ലളിതകല അക്കാദമിയുടെ ഉള്‍പ്പെടെ നിരവധി ക്യാംപുകളില്‍ പങ്കെടുക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. നിജീഷ് വരച്ച ചില ചിത്രങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ചുമര്‍ചിത്രങ്ങള്‍ വരക്കുക എന്നത് ശ്രമകരമായ ജോലി എന്നതിനാല്‍ തന്നെ ഒന്നും രണ്ടും ആഴ്ചകള്‍ എടുത്താണ് ചിത്രം പൂര്‍ത്തീകരിക്കുന്നതെന്ന് നിജീഷ് പറഞ്ഞു.
ഹോട്ടലില്‍ ചായ തയാറാക്കിയും, ഭക്ഷണം വിളമ്പിയും ബാക്കിവരുന്ന സമയങ്ങളിലാണ് നിജീഷിന്റെ ചിത്രംവര. ക്ഷേത്രകല എന്നതിനുപരി ഇന്റീരിയര്‍ മേഖലയിലും ചുമര്‍ചിത്രങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ച് വരുന്നതായി നിജീഷ് പറഞ്ഞു. സ്വന്തം നാട്ടില്‍ ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കണമെന്നും ഈ മഹത്തായ കലയില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി പരീശീലനം നല്‍കണമെന്നുമാണ് നിജീഷിന്റെ ആഗ്രഹം. വളരെയെറെ ശ്രമകരമായതും, ചുമര്‍ചിത്രകലയുടെ നാഴിക്കല്ല് എന്നും വിശേഷിപ്പിക്കുന്ന ഗണപതി ഹോമത്തിന്റെ രചനയിലാണ് ഈ മുപ്പതുകാരന്‍ ഇപ്പോള്‍.
കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് അടുത്ത ആഴ്ച നാസിക്കില്‍ നടത്തുന്ന ചുമര്‍ചിത്രകലാ ക്യാംപിലേക്ക് നിജീഷിന് ക്ഷണം ലഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍ സ്വദേശി രഞ്ജിത്തിനും നിജീഷിനും മാത്രമാണ് കേരളത്തില്‍ നിന്ന് ക്ഷണം ലഭിച്ചത്. അമ്മ നിര്‍മലയും സഹോദരന്‍ സുധീഷും തനിക്ക് നല്ല പ്രോത്സാഹനമാണ് നല്‍കുന്നതെന്നും നിജീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."