മാലിന്യമുക്ത വയനാടിനായി നാട് കൈകോര്‍ത്തു
കല്‍പ്പറ്റ: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ വികേന്ദ്രീകൃത മാലിന്യശേഖരണത്തിന് രൂപീകരിച്ച ഹരിതകര്‍മസേനകളുടെ സംഗമവും തുടര്‍ പരിശീലനവും ഒക്ടോബര്‍ രണ്ടുവരെ നീളുന്ന തീവ്രശുചീകരണ പരിപാടികളുടെ ഭാഗമായി(സ്വച്ഛത ഹി സേവ) നാളെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടത്തും.
കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കുന്ന സംഗമം രാവിലെ 10ന് തുറമുഖ-പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി.കെ സുധീര്‍കിഷന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായ എം.പി രാജേന്ദ്രന്‍, എ.കെ രാജേഷ് അറിയിച്ചു. പ്രളയാനന്തരം ജില്ലയില്‍ നടത്തിയ ഒന്നാംഘട്ട ശുചീകരണത്തിന്റെ തുടര്‍ച്ചയായാണ് തീവ്രശുചീകരണവും കാംപയിനും ആസൂത്രണം ചെയ്തിരിക്കുന്നത്. കാംപയിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ തയാറാക്കിയ വീഡിയോ ആല്‍ബം സംഗമത്തില്‍ പ്രകാശനം ചെയ്യും. ഒന്നാംഘട്ട ശുചീകരണത്തില്‍ ശേഖരിച്ച മാലിന്യം ശാസ്ത്രീയമായി തരംതിരിക്കുന്നതിന് നേതൃത്വം നല്‍കിയ ഹരിതകര്‍മ സേനാംഗങ്ങളെയും 636 ടണ്‍ അജൈവമാലിന്യം നീക്കം ചെയ്ത കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെയും ആദരിക്കും. 27ന് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അസംബ്ലിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും ശുചിത്വ പ്രതിജ്ഞയെടുക്കും. ഹരിതകര്‍മസേനാംഗങ്ങള്‍ വിദ്യാലയങ്ങളിലെത്തി ശുചിത്വസന്ദേശം നല്‍കും. സ്‌കൂള്‍ പരിസരത്തെ മാലിന്യം ശേഖരിച്ച് അജൈവമാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള പരിശീലനം വൈകുന്നേരം വിദ്യാര്‍ഥികള്‍ക്കു നല്‍കും. 28, 29 തിയതികളില്‍ ഓരോ തദ്ദേശഭരണ പ്രദേശത്തുമുള്ള പൊതുസ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ തീവ്രശുചീകരണം നടത്തും. പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളില്‍ മാലിന്യസാന്ദ്രത കൂടിയ പ്രദേശങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും. 30ന് മിഷന്‍ ക്ലീന്‍ വയനാടിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം ജില്ലയിലെ മുഴുവന്‍ വീടുകളിലും കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തും. ഓരോ വീട്ടിലെയും ജൈവമാലിന്യം അവിടെത്തന്നെ സംസ്‌കരിക്കും. അജൈവമാലിന്യം വൃത്തിയാക്കി തരംതിരിച്ച് വീടുകളില്‍ സൂക്ഷിക്കും. ഹരിതകര്‍മസേനകള്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന അജൈവമാലിന്യം ക്ലീന്‍ കേരളാ കമ്പനിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ശുചിത്വസെമിനാര്‍ നടത്തും. ഹരിതചട്ടത്തിന്റെ പാലനം എല്ലാ സ്ഥാപനങ്ങളിലും പൊതുപരിപാടികളിലും ഒക്ടോബര്‍ രണ്ടു മുതതല്‍ ഉറപ്പുവരുത്തും. ജില്ലയിലെ ഓഫിസുകളിലുള്ള ഇ-മാലിന്യം 26നു ക്ലീന്‍ കേരളാ കമ്പനി മുഖേന നീക്കം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."