ധനുഷ്‌കോടി: പ്രേതനഗരിയുടെ കാറ്റേല്‍ക്കുമ്പോള്‍...
ലങ്കയില്‍ ആഭ്യന്തര കലാപം കൊടിമ്പിരികൊണ്ടിരുന്ന തൊണ്ണൂറുകളുടെ അന്ത്യത്തിലായിരുന്നു രാമേശ്വരത്തെക്കുറിച്ചും ധനുഷ്‌കോടിയെക്കുറിച്ചുമെല്ലാം കേട്ടുതുടങ്ങുന്നത്. ആഭ്യന്തരയുദ്ധത്തില്‍ പൊറുതിമുട്ടിയ തമിഴര്‍ അന്ന് ഇന്ത്യയിലേക്ക് മഹാപ്രവാഹമായി തീരമണിഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു കാലമായിരുന്നു. രാമേശ്വരം അതോടെയാണ് ഹൃദയത്തിലേക്ക് കയറിവന്നത്. യാത്രകളെന്നത് കേരളത്തിന്റെ ഉള്ളില്‍മാത്രം ഒതുങ്ങിപ്പോയ ഒരു കാലം. ആ ദിനങ്ങളില്‍ മലയാളത്തിന്റെ അതിരുവിട്ടൊരു പ്രയാണം ചിന്തിക്കാനാവുമായിരുന്നില്ല.
കോഴിക്കട്ടുനിന്ന് 12 മണിക്ക് പുറപ്പെട്ട് നല്ല ചുട്ടുപൊള്ളുന്ന പാലക്കാടന്‍ ചൂടിലേക്ക് നാലോടെ എത്തി. വീണ്ടും ഒരു ബസില്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂരിലെത്തിയപ്പോള്‍ സന്ധ്യ മൂടിയിരുന്നു. നേരത്തെ ഭക്ഷണം കഴിച്ചതിനാല്‍ അത്തരം വേവലാതികള്‍ അവസാനിച്ചത് ആശ്വാസം നല്‍കി. അടുത്ത ലക്ഷ്യം രാമേശ്വരമാണ്. അതുവഴി ഒന്ന് സഞ്ചരിക്കാന്‍ ആഗ്രഹം പെരുത്തിട്ട് നാലഞ്ചു വര്‍ഷത്തോളമായി. ഒരു രാവിന്റെ യാത്രയുണ്ട് രാമേശ്വരത്തേക്കെന്ന് കോയമ്പത്തൂരില്‍ എത്തിയപ്പോഴാണ് അറിയുന്നത്.
രാമേശ്വരത്തേക്കുള്ള വഴി
ചൊവ്വാഴ്ചകളില്‍ രാത്രി 7.45ന് പുറപ്പെടുന്ന 16618- ാം നമ്പര്‍ രാമേശ്വരം എക്‌സ്പ്രസ് രാവിലെ 6.30 ന്് രാമേശ്വരത്ത് എത്തും. ഏറെ സൗകര്യപ്രദമാണെങ്കിലും ആഴ്ചയില്‍ ഒരു സര്‍വീസേയുള്ളൂ. 11 മണിക്കൂറാണ് യാത്രാ ദൈര്‍ഘ്യം. രാമേശ്വരം- മധുരൈ പാസഞ്ചറാണ് ഈ റൂട്ടിലെ ചെലവ് കുറഞ്ഞ ട്രെയിന്‍. ആഴ്ചയില്‍ ഏഴു ദിവസം സര്‍വിസ് നടത്തുന്നുണ്ട്. ഈ ട്രെയിനുകള്‍ക്ക് പുറമേ 12 ട്രെയിനുകള്‍ കൂടിയുണ്ട് രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍. എന്നാല്‍ ദിനേനയുള്ളവ കുറവാണ്. പ്രധാന ട്രെയിനുകളില്‍ ഒന്ന് രാമേശ്വരം എക്‌സ്പ്രസാണ്. 11 മണിക്കൂറാണ് യാത്രാ ദൈര്‍ഘ്യം. 296 രൂപയാണ് ടിക്കറ്റ് നിരക്ക്.
തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിലായിരുന്നു രാമേശ്വരത്തേക്ക് പുറപ്പെട്ടത്. രാജ്യത്തിന്റെ തെക്കേയറ്റത്തെ ഒരു മുനമ്പാണ് രാമേശ്വരം. വന്‍കരയില്‍നിന്ന് വേറിട്ട് സ്ഥിതിചെയ്യുന്ന ഈ ദ്വീപിലേക്ക് നിര്‍മിച്ച പാലം നമുക്കെല്ലാം പരസ്യങ്ങളിലൂടെ ഏറെ സുപരിചിതമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രത്യേക ബ്രാന്റ് സിമന്റിന്റെ പരസ്യം നാം അടിക്കടി കേട്ടിരുന്നു, പാമ്പന്‍ പാലത്തിന് കരുത്തേകുന്ന പിന്‍ബലമെന്നായിരുന്നു ആ പരസ്യ വാചകം.
ബസ് പുറപ്പെട്ടപ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. കോയമ്പത്തൂരില്‍നിന്ന് 444 കിലോമീറ്ററാണ് റോഡുമാര്‍ഗം രാമേശ്വരത്തേക്കുള്ളത്. ദേശീയപാത 81 വഴിയുള്ള ദൂരമാണിത്. എന്‍.എച്ച് 87 വഴിയാണെങ്കില്‍ 378 കിലോമീറ്റര്‍ ദൂരമേയുള്ളൂ. എട്ടു മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ വേണം ഈ ദൂരം താണ്ടാന്‍. റെയില്‍മാര്‍ഗം 506 കിലോമീറ്ററാണ് ദൂരം. എന്നാല്‍ സര്‍വീസ് വളരെ കുറഞ്ഞതിനാല്‍ മിക്കവരും റോഡ്മാര്‍ഗമാണ് എത്തുക.
പാമ്പന്‍ പാലത്തിലൂടെ
വന്‍കരയുടെ അറ്റമായ മണ്ഡലത്തില്‍നിന്ന് രാമേശ്വരത്തേക്ക് നയിക്കുന്ന പാമ്പന്‍ പാലത്തിലേക്ക ബസ് പ്രവേശിച്ചപ്പോഴേക്കും നേരം നന്നായി പുലര്‍ന്നിരുന്നു. ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ ഞാന്‍ നടത്തിയ യാത്രകളിലൊന്നും അത്രയും നീളമുള്ള ഒരു പാലം ഓര്‍മയിലില്ല. അല്‍പദൂരം കയറി പിന്നീട് താഴോട്ടിറങ്ങി അവസാനിക്കുന്ന ആര്‍ച്ച്‌പോലുള്ള പാലങ്ങളാണല്ലോ നമ്മുടെ പുഴകള്‍ക്ക് മുകളിലൂടെ കടന്നുപോകുന്നത്. എന്നാല്‍ ഈ പാലം ആ ധാരണയെ ആകെ തിരുത്തി. പാലത്തിലേക്ക് ബസ് കയറിയത് മുതല്‍ നിരപ്പായ റോഡായിരുന്നു. ആ പാലം ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നി. ദൂരെ കരയോട് ചേര്‍ന്ന് മത്സ്യബന്ധന വള്ളങ്ങള്‍ നങ്കൂരമിട്ടിരുന്നു. ഒന്നും രണ്ടുമല്ല. നൂറുകണക്കിന് വള്ളങ്ങളാണ് ചേര്‍ത്തുകെട്ടിയപോലെ കിടക്കുന്നത്.
വന്‍കരയില്‍നിന്ന് മാറി പാമ്പന്‍ ദ്വീപിലാണ് രാമേശ്വരം സ്ഥിതിചെയ്യുന്നത്. രാമന്റെ കാല്‍പാദം പതിഞ്ഞതായി വിശ്വസിക്കപ്പെടുന്ന രാമനാഥസ്വാമി ക്ഷേത്രത്തിലെ ചക്രം ലോക പ്രശസ്തമാണ്. ശിവ പ്രതിഷ്ഠയാണ് രാമനാഥസ്വാമി ക്ഷേത്രത്തിലേത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നാലു ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളി(ചാര്‍ ദാമുകള്‍)ല്‍ ഒന്നാണിത്. ബദരീനാഥ്, ദ്വാരക, പുരി എന്നിവയാണ് മറ്റുള്ളവ. കരയേയും പാമ്പന്‍ദ്വീപിനെയും വേര്‍തിരിക്കുന്നത് പാമ്പന്‍ ചാനലാണ്. ശ്രീലങ്കയുടെ ഭാഗമായ മന്നാര്‍ ദ്വീപിലേക്ക് ഇവിടെ നിന്ന് 40 കിലോമീറ്റര്‍ മാത്രമാണ് ദൂരം.
രാവണന്‍ തട്ടിയെടുത്ത ഭാര്യ സീതയെ രക്ഷിക്കാനായി രാമന്‍ ശ്രീലങ്കയിലേക്ക് പാലം പണിതത് രാമേശ്വരത്തുനിന്നായിരുന്നുവെന്നാണ് വിശ്വാസം. നമ്മുടെ നാട്ടുകാര്‍ കൂടുതലായും മോക്ഷം തേടി പോകുന്ന ഇടമാണ് രാമേശ്വരം. മലയാളിക്ക് തീര്‍ഥാടനമെന്നാല്‍ രാമേശ്വരത്തേക്കുള്ള പ്രയാണമായ ഒരു ഭൂതകാലമുണ്ടായിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടവരും ഗ്രാഹസ്ഥ്യം വിരസമായവരും വയോജനങ്ങളും ഊരുതെണ്ടികളുമെല്ലാം അന്ന് രാമേശ്വരത്തേക്ക് തീര്‍ഥാടനം നടത്തിയിരുന്നു.
നീളന്‍പാതയിലൂടെ
ധനുഷ്‌കോടിയിലേക്ക്
രാമേശ്വരം ക്ഷേത്രാങ്കണത്തില്‍നിന്ന് ഓട്ടോയില്‍ കയറിയായിരുന്നു ബസ് സ്റ്റാന്റിലേക്ക് എത്തിയത്. ധനുഷ്‌കോടിയിലേക്ക് പോകാനായിരുന്നു പദ്ധതി. 20 കിലോമീറ്ററാണ് രാമേശ്വരത്തുനിന്നു ധനുഷ്‌കോടിയിലേക്കുള്ള ദൂരം. മൂക്കാല്‍ മണിക്കൂറോളംവേണം എത്തിച്ചേരാന്‍. ബസ് കയറി. നല്ല തിരക്കായിരുന്നു. സഞ്ചാരികളും തദ്ദേശീയരുമെല്ലാം അവിയലുപോലെ അതില്‍ ആണ്ടുകിടന്നു. തിരക്കുള്ള ബസായിരുന്നതിനാല്‍ ഒരു മണിക്കൂറോളമെടുത്തു ധനുഷ്‌കോടിയില്‍ എത്താന്‍.
ധനുഷ്‌കോടിയില്‍ ഇറങ്ങി. പിന്നീട് ടെമ്പോ ട്രാവലറില്‍ ധാനുഷ്‌കോടിയില്‍നിന്ന് കടല്‍ക്കരയിലേക്ക് പുറപ്പെട്ടു. നിറയെ യാത്രക്കാരുമായാണ് ട്രിപ്പടിക്കുന്ന ടെമ്പോട്രാവലറുകള്‍ നീങ്ങുന്നത്. കടല്‍ക്കരയിലേക്ക് പുറപ്പെടുന്നിടത്ത് ധാരാളം ടെമ്പോട്രാവലുകള്‍ ഊഴംകാത്ത് നിലയുറപ്പിച്ചിരുന്നു. ഓരോ ബസ് എത്തുമ്പോഴും ഡ്രൈവര്‍മാര്‍ ആളുകളെ വാഹനത്തിലേക്ക് ഉച്ചത്തില്‍വിളിച്ചു കയറ്റിക്കൊണ്ടിരുന്നു.
പാമ്പന്‍ ദ്വീപിന്റെ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഉപേക്ഷിക്കപ്പെട്ട ഒരു നഗരമാണ് ധനുഷ്‌കോടി. 1964ല്‍ തമിഴ്‌നാട് തീരത്തേക്ക് ഇരമ്പിയെത്തിയ ചുഴലിക്കാറ്റിലായിരുന്നു നഗരം നാമാവശേഷമായത്. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ് തീരത്തേക്ക് എത്തിയത്. ഏഴു മീറ്റര്‍ വരെ ഉയരത്തിലായിരുന്നു എല്ലാം തരിപ്പണമാക്കാന്‍ തിരമാലകള്‍ രൗദ്രഭാവം പൂണ്ട് തീരത്തേക്ക് അടിച്ചുകയറിയത്. പാമ്പന്‍ധനുഷ്‌കോടി പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിച്ചിരുന്ന 115 യാത്രക്കാര്‍ ഉള്‍പ്പെടെ 1,800 പേര്‍ക്കായിരുന്നു 1964 ഡിസംബര്‍ 22ന് ജീവന്‍ നഷ്ടമായത്. ഇതോടെ മദ്രാസ് സര്‍ക്കാര്‍ ധനുഷ്‌കോടിയെ പ്രേതനഗരമായി പ്രഖ്യാപിക്കുകയും താമസത്തിന് ഉപയുക്തമല്ലാത്തതെന്ന് വിധിയെഴുതുകയുമായിരുന്നു. 2004 ഡിസംബറില്‍ കടല്‍ 500 മീറ്ററോളം പിന്‍വലിഞ്ഞതോടെയായിരുന്നു വെള്ളത്തിനടിയിലായ നഗരത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്.
സുനാമിയില്‍ തകര്‍ന്ന കൃസ്ത്യന്‍പള്ളിക്കൊപ്പം മറ്റു ചില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും അവിടെ കണ്ടു. ഇളനീരും സഞ്ചാരികള്‍ക്ക് ആവശ്യമായ കുപ്പിവെള്ളവും മറ്റു വില്‍ക്കുന്ന ഒന്നു രണ്ട് മാടക്കടകള്‍ മാത്രമായിരുന്നു ആ പ്രദേശത്ത് ജീവന്റെ ലക്ഷണമായി കണ്ടത്. ധനുഷ്‌കോടിയില്‍നിന്ന്് ശ്രീലങ്കയിലേക്ക് ബോട്ട് മാര്‍ഗം ഒന്നു രണ്ടു മണിക്കൂറിനകം എത്തിച്ചേരാന്‍ സാധിക്കുമെന്ന് കടല്‍ക്കരയില്‍ നാട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന മുക്കുവര്‍ വിശദീകരിച്ചു. വെളുത്ത പൂഴിമണലില്‍ തൂവെള്ള വസ്ത്രം ധരിച്ച അവരുടെ ചിത്രം ചലചിത്ര ഫ്രെയിംപോലെ ഉള്ളിലുണ്ട്. കറുത്ത് ആജാനബാഹുക്കളായ പത്തു പതിനഞ്ചുപേര്‍. അവരുടെ മുഖത്തെ പൗരുഷവും പേശികളുടെ ഉറപ്പും കടല്‍ നല്‍കിയതാവണം.
രാമസേതു
രാമസേതു നിലനിന്നത് ആ പ്രദേശത്തായിരുന്നുവെന്നും വെള്ളത്തില്‍ അതിന്റെ അടയാളങ്ങള്‍ ഇപ്പോഴും കാണാമെന്നും അവര്‍ അറിയിച്ചതിനാല്‍ ഞാനും ചെന്നുനോക്കി. വെള്ളത്തിനടിയിലെ മണല്‍പ്പരപ്പില്‍ അലിഞ്ഞുപോയ ഒരു പഞ്ചായത്ത് റോഡിന് സമാനമായ ഒന്ന് എന്റെ കണ്ണിലും പെട്ടു. ഏതാനും അടി നീളത്തില്‍ ശ്രീലങ്കന്‍ ദിശയില്‍ അത് ചരിഞ്ഞുകിടന്നു. ബാക്കി ഭാഗം മണല്‍പരപ്പിന് അടിയിലായിപ്പോയിരിക്കാം.
ധനുഷ്‌കോടിയില്‍നിന്ന് മടങ്ങുമ്പോള്‍ നേരം ഉച്ച കഴിഞ്ഞിരുന്നു. പാമ്പന്‍ പാലത്തിലൂടെ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്ന ട്രെയിന്‍ കാഴ്ചയും രാമേശ്വരം സന്ദര്‍ശനത്തെ അവിസ്മരണീയമാക്കി. 1964ലെ ദുരന്ത കാലം വരെ വന്‍കരയുടെ ഭാഗമായ മണ്ഡപത്തില്‍നിന്നു ധനുഷ്‌കോടിയിലേക്ക് മീറ്റര്‍ഗേജ് സര്‍വീസ് നിലനിന്നിരുന്നു. എന്നാല്‍ പാമ്പന്‍ മുതല്‍ ധനുഷ്‌കോടി വരെയുള്ള ഭാഗം തകര്‍ന്നതോടെ ഇത് ഓര്‍മയായി. അതിന് ശേഷം ഇന്നുവരെ ഇവിടെ തകര്‍ന്ന കെട്ടിടങ്ങളൊന്നും പുനര്‍നിര്‍മിക്കപ്പെട്ടിട്ടില്ല. പ്രകൃതി ദുരന്തത്തിന്റെ ഭീതിയുണര്‍ത്തുന്ന ഈ നഗരത്തതിലേക്ക് ദിനേന ആയിരങ്ങളാണ് സന്ദര്‍ശകരായി എത്തുന്നത്.
ശ്രീലങ്കയുടെ വടക്കേയറ്റത്തുള്ള തലൈമന്നാറിലേക്ക് 29 കിലോമീറ്റര്‍ മാത്രമാണ് ധനുഷ്‌കോടി തീരത്തുനിന്നുള്ള ദൂരം. തകര്‍ന്നടിയുന്നതിന് മുന്‍പ്് റെയില്‍വേ സ്റ്റേഷനും പോസ്‌റ്റോഫീസും ആരാധനാലയങ്ങളുമെല്ലാം ഉള്‍പ്പെട്ട ആളും ബഹളവും നിറഞ്ഞ നഗരമായിരുന്നു ധനുഷ്‌കോടി. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പൊടിപാറിയ കച്ചവടം നടന്നിരുന്ന ഒരു തീരദേശ നഗരം കൂടിയായിരുന്നു ഇവിടം. ഒരുവശത്ത് ബംഗാള്‍ ഉള്‍ക്കടലും മറുവശത്ത് ഇന്ത്യന്‍ മഹാസമുദ്രവും സ്ഥിതിചെയ്യുന്നതും ഈ പ്രദേശത്തിന് മാത്രം അവകാശപ്പെടാവുന്ന സവിശേഷത. കടലുമായി മല്ലിട്ട് ജീവിതം കഴിക്കുന്ന അഞ്ഞൂറോളം മുക്കുവര്‍ മാത്രമാണ് ഇന്നിവിടെ അവശേഷിക്കുന്നത്.
ഇന്ത്യയില്‍ കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ് ഈ പ്രദേശങ്ങള്‍. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഒരറ്റം ഏതൊരു ഇന്ത്യക്കാരനും കാണേണ്ടതാണ്. ഒരിക്കല്‍ വന്നവരെ അത് വീണ്ടും മാടിവിളിക്കുന്നതായി യാത്ര അവാസനിച്ചിട്ടും തോന്നാറുണ്ട്. ചില പ്രദേശങ്ങള്‍ അങ്ങനെയാണ്, നമ്മോടൊപ്പം യാത്ര അവസാനിച്ചാലും അടിക്കടി കൂട്ടുവന്നുകൊണ്ടിരിക്കും. ഇനിയും പോകണം, അത് റോഡുമാര്‍ഗമാവില്ല, പാമ്പന്‍ പാലത്തിലൂടെ കൂകിയാര്‍ത്തു കടന്നുപോകുന്ന ട്രെയിന്റെ ഏതെങ്കിലും ഒരു ജാലക സീറ്റില്‍ ഇരുന്നുകൊണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."