ട്രംപിന്റെ സന്ദര്‍ശനം: മാധ്യമലോകം റിയാദില്‍
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്ര സന്ദര്‍ശനത്തോടനുബന്ധിച്ച് റിയാദിലെ ഓരോ ചലനങ്ങളും ലോകത്തെ അറിയിക്കാന്‍ മാധ്യമപ്പടയും തയാര്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളടക്കം ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 500ലധികം മാധ്യമ പ്രവര്‍ത്തകരാണ് റിയാദ് ഉച്ചകോടി ഒപ്പിയെടുക്കാന്‍ എത്തിയത്.
സഊദി ചരിത്രത്തില്‍ തന്നെ ഇത്രയധികം മാധ്യമ പ്രതിനിധികള്‍ എത്തുന്നത് ആദ്യമായാണെന്ന് സഊദി കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശനത്തിന്റെ പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്.
ട്രംപിന്റെ സന്ദര്‍ശനത്തിന് മക്കാ ഹറം പള്ളി ഇമാമും ആശംസയുമായി രംഗത്തെത്തി. വെള്ളിയാഴ്ച പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഞായര്‍ മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ നിലയില്‍ രൂപപ്പെടുമെന്ന് ഇമാം ആശംസിച്ചത്. റിയാദില്‍ നടക്കുന്ന ഇസ്‌ലാമിക്-അറബ്-അമേരിക്കന്‍ ഉച്ചകോടി ലോക ജനതക്ക് പുതിയ ലോകം സമ്മാനിക്കുമെന്നും ഹറം ഇമാം ശൈഖ് സ്വാലിഹ് ബിന്‍ ഹാമിദ് വ്യക്തമാക്കി.
ട്രംപിന് സഊദിയുടെ പരമോന്നത സിവില്‍ ബഹുമതി
റിയാദ്: ചരിത്രസന്ദര്‍ശനത്തിനായി സഊദിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രാജ്യത്തെ പരമോന്നത സിവില്‍ ബഹുമതി നല്‍കി ആദരിച്ചു. ലോകത്തിന്റെയും വിശിഷ്യാ പശ്ചിമേഷ്യയുടെയും സുരക്ഷക്കായി നിലകൊള്ളുന്നതിനുള്ള അംഗീകാരമായാണ് സഊദി ബഹുമതി നല്‍കിയത്.
റിയാദിലെ റോയല്‍ കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ട്രംപിന്റെ കഴുത്തില്‍ അംഗീകാര മെഡല്‍ അണിയിച്ചു. സഊദി രാജകുടുംബാംഗങ്ങളും ഭരണരംഗത്തെ പ്രമുഖരും അമേരിക്കന്‍ വൃത്തങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."