ഇത് ക്രൂരം, വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള നിയമം; കേരള പൊലിസ് ആക്ട് ഭേദഗതിക്കെതിരേ പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലിസ് ആക്ട് ഭേദഗതിക്കെതിരേ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കേരള സര്‍ക്കാര്‍ നടപടി നിര്‍ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
'കുറ്റകരമായി കരുതപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിലൂടെ കേരള പൊലിസ് ആക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണിത്,' പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലിസ് നിയമ ഭേദഗതിക്ക് അനുമതി നല്‍കിയത്. പൊലിസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. ഭേദഗതിക്കെതിരേ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."