പൊലിസ് നിയമഭേദഗതി മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന്‍; നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പൊലിസ് നിയമഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിയുടേയും ആരോപണങ്ങളുടേയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത് അതു കേരളത്തില്‍ വിലപ്പോകില്ല. ഇതിനെതിരെ ശക്തമായ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയ പോരാട്ടവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമത്തെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നത് .എല്ലാതരം വിനിമയഉപാധികളും ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ വരും. ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലിസിന് നേരിട്ട് എടുക്കാവുന്ന കോഗ്നിസിബിള്‍ കേസാണിത്. വാറന്റില്ലാതെ കേസെടുക്കാനും പരാതിയില്ലെങ്കിലും പൊലിസിന് സ്വമേധയാ കേസെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി ദേശീയ തലത്തില്‍ വരെ വാതോരാതെ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. നിരവധി കരിനിയമങ്ങള്‍ക്കെതിരേ അവര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ആ നിയമങ്ങളെയെല്ലാം വെല്ലുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പൊലിസ് നിയമം. സമനില തെറ്റിയതുപോലെയും വെറളിപിടിച്ചതുപോലെയുമാണ് സര്‍ക്കാരിന്റെ ഓരോ നടപടിയുമെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."