സ്വാശ്രയ മെഡി. മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ഇന്ന് ചര്‍ച്ച
മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ബോണ്ട് വ്യവസ്ഥയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച എത്രമാത്രം ഫലപ്രദമാകുമെന്നതില്‍ സംശയമുണ്ട്.
ആരോഗ്യമന്ത്രിയുടെ ചേമ്പറില്‍ ഇന്ന് വൈകിട്ട് 6.30നാണ് ചര്‍ച്ച. ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനും കേരള പ്രൈവറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഫീസ് നിര്‍ണയിക്കാതെ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനെതിരേ മാനേജ്‌മെന്റുകള്‍ ഇന്ന് കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ പ്രവേശന നടപടികള്‍ ഇത്തവണയും കോടതി കയറും
സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് അവഗണിച്ച് എം.ബി.ബി.എസ് പ്രവേശനം നടത്താന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഫീസ് പ്രകാരം പ്രവേശനം നടത്താനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഫീസ് നിര്‍ണയ സമിതി പിന്നീട് നിശ്ചയിക്കുന്ന ഫീസ് നല്‍കാമെന്ന് വിദ്യാര്‍ഥികളില്‍ നിന്ന് എഴുതിവാങ്ങി പ്രവേശനം നടത്താനായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയായതിനാല്‍ ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയിരുന്നു.
5.32 മുതല്‍ 6.53 ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ കഴിഞ്ഞ തവണ നിശ്ചയിച്ച ഫീസ് ഘടന. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത്തവണ ഫീസ് കൂട്ടണമെന്ന ആവശ്യമാണ് മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
85 ശതമാനം സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ 30 ലക്ഷം രൂപ ഫീസായി വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ മാനേജ്‌മെന്റുകള്‍ ഈ ആവശ്യം മുന്നോട്ടുവയ്ക്കും. പുതിയ ഫീസ് ഘടന തീരുമാനിക്കാനുള്ള സമിതിയെ ശനിയാഴ്ച നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ജസ്റ്റിസ് ആര്‍.രാജേന്ദ്ര ബാബു അധ്യക്ഷനായ അഞ്ചംഗ ഫീസ് നിര്‍ണയ സമിതിയെയും ആറംഗ ഫീസ് മേല്‍നോട്ട സമിതിയെയുമാണ് നിയോഗിച്ചിരിക്കുന്നത്.
ഒരാഴ്ചക്കുള്ളില്‍ പുതിയ ഫീസ് ഘടന നിശ്ചയിക്കുമെന്നാണ് ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു വ്യക്തമാക്കിയിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതി പുനഃസംഘടിപ്പിക്കാന്‍ മാസങ്ങളോളം വൈകിയതാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."