പൊലിസ് ആക്ട് ഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സൈബര്‍ അധിക്ഷേപം തടയാനെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പൊലിസ് ആക്ട് ഭേദഗതി സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങാകുമെന്ന് വ്യക്തമാക്കി വിജ്ഞാപനം പുറത്തിറങ്ങിയതോടെ മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം. പ്രതിപക്ഷനേതാക്കളും സാംസ്‌കാരികപ്രവര്‍ത്തകരും പത്രപ്രവര്‍ത്തക യൂനിയനും നിയമഭേദഗതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകാരമായതോ അപകീര്‍ത്തികരമായതോ ആയ ഏതെങ്കിലും കാര്യം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അതല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. സൈബറിടത്തെ അധിക്ഷേപമെന്ന് പ്രത്യേകം എടുത്തുപറയാത്തതിനാല്‍ സംസ്ഥാനത്തെ എല്ലാ അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളും നിയമഭേദഗതിയുടെ പരിധിയിലാകുമെന്ന് വ്യക്തമായിട്ടുണ്ട്.
സാധാരണ അപമാനിക്കപ്പെട്ട വ്യക്തി നേരിട്ട് പരാതി നല്‍കിയാലായിരുന്നു പൊലിസ് കേസെടുത്തിരുന്നത്. എന്നാല്‍ ഭേദഗതിയനുസരിച്ച് അപമാനിക്കപ്പെട്ടയാള്‍ക്കു വേണ്ടി ഏതൊരാള്‍ക്കും പരാതി നല്‍കാം. വാറന്റില്ലാതെ അറസ്റ്റുമുണ്ടാകും. സര്‍ക്കാരിനെതിരേയോ മുഖ്യമന്ത്രിക്കെതിരേയോ പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലിസിനും നിയമഭേദഗതി അവസരം നല്‍കുന്നുണ്ട്.
നേരത്തെ തന്നെ നിയമഭേദഗതിക്കെതിരേ സി.പി.ഐയും പ്രതിപക്ഷവും ഉള്‍പ്പെടെ വിമര്‍ശനമുയര്‍ത്തിയെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാതെയാണ് സര്‍ക്കാര്‍ പൊലിസ് ആക്ടില്‍ 118 എ ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചത്. സൈബറിടത്തിലെ അധിക്ഷേപത്തിനെതിരേ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതിയിലേക്ക് കടന്നതെങ്കിലും കിട്ടിയ അവസരം മുഴുവന്‍ മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ വിനിയോഗിക്കുകയായിരുന്നു.
സി.പി.എം കേന്ദ്ര നേതൃത്വം ഇടപെട്ടു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലിസ് ആക്ട് ഭേദഗതി ഇടതുപക്ഷം ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടുകള്‍ക്ക് കടകവിരുദ്ധമെന്ന് വിമര്‍ശനം. നിയമ ഭേദഗതി വിവാദമായതിനു പിന്നാലെ സി.പി.എം കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടു.
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ അപകീര്‍ത്തിയുമായി ബന്ധപ്പെട്ട 499ാം വകുപ്പ് പോലും റദ്ദാക്കപ്പെടേണ്ടതാണെന്ന നിലപാടായിരുന്നു ഇതുവരെ സി.പി.എമ്മിന്. ഇതു റദ്ദാക്കുമെന്ന് പ്രകടനപത്രികയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഐ.പി.സി 499നേക്കാള്‍ കര്‍ശന വ്യവസ്ഥകളോടെയാണ് പൊലിസ് ആക്ടില്‍ 118 എ ഉപവകുപ്പ് ചേര്‍ത്ത് ഇടതുസര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിനുള്‍പ്പെടെ കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചിരിക്കുന്നത്.
നേരത്തെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി റദ്ദാക്കിയ ഐ.ടി ആക്ടിലെ 66 എ വകുപ്പിനും എതിരായ നിലപാടായിരുന്നു സി.പി.എമ്മിന്.
സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തുകയും ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്നത് ഒഴിവാക്കാന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
മൗലികാവകാശങ്ങളുടെ
ലംഘനമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിനും ഇടതു സര്‍ക്കാരിനുമെതിരേ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നവരെയും സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കുമെതിരേ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെയും നിശബ്ദരാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമാകുന്നു. ഇതനുസരിച്ച് സര്‍ക്കാരിനെതിരേ പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷനേതാക്കള്‍ക്കെതിരേയും കേസെടുക്കാം. മാധ്യമങ്ങളെയും സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹത്തെയും ഭീഷണിപ്പെടുത്തി നിലയ്ക്കുനിര്‍ത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അത് വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആശങ്കകള്‍ക്ക്
അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസ് നിയമ ഭേദഗതി സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെക്കുറിച്ച് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ പൗരരുടെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസ് എന്നിവ സംരക്ഷിക്കാനും സര്‍ക്കാരിനു ചുമതലയുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതുമായി ചേര്‍ന്നുപോകുന്ന നിയന്ത്രണങ്ങളേ പൊലിസ് നിയമഭേദഗതിയിലുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരുപയോഗം
തടയുമെന്ന്
ഡി.ജി.പി
തിരുവനന്തപുരം: പൊലിസ് ആക്ട് ഭേദഗതി ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
ഭേദഗതി പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് ഇതുസംബന്ധിച്ച് പ്രത്യേക നടപടിക്രമം (സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രോസിജ്യര്‍) തയാറാക്കും. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാകും നടപടിക്രമം തയാറാക്കുകയെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."