'മില്യന്‍ മാര്‍ച്ച്': സുദാനില്‍ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങി
ഖാര്‍ത്തൂം: സിവിലിയന്മാരുടെ നേതൃത്വത്തിലേക്ക് ഭരണം കൈമാറണമെന്ന് ആവശ്യപ്പെട്ട് സുദാന്‍ ജനത വീണ്ടും തെരുവിലിറങ്ങി. ജനറല്‍ ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താനാണ് ഇന്നലെ മുതല്‍ ജനങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങിയത്. 'മില്യന്‍ മാര്‍ച്ച്' എന്ന പേരിലാണ് പ്രതിഷേധം അറിയപ്പെടുന്നത്. ജൂണ്‍ മൂന്നിനുണ്ടായ രക്ത രൂക്ഷിത പ്രതിഷേധത്തിന് ശേഷം ആദ്യമായാണ് ജനങ്ങള്‍ വീണ്ടും സംഘടിക്കുന്നത്. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ശക്തമായ സുരക്ഷയാണ് സൈന്യം ഒരുക്കിയത്.
സിവിലിയന്‍ ഭരണം ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് ഖാര്‍ത്തൂമിലെ ബഹാരി, മമൂറ, അര്‍ക്വതി തുടങ്ങിയ ജില്ലകളില്‍ ഒരുമിച്ച് കൂടിയത്. ഇവരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസം ഉപയോഗിച്ചു. അതിനിടെ പ്രക്ഷോഭം ആദ്യമായി പൊട്ടിപ്പുറപ്പെട്ട അത്ഭാറിയില്‍ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടകള്‍ അടച്ചിട്ട് ജനങ്ങള്‍ മുഴുവനായും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനം കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന്റെ മുന്‍പ് മൂന്ന് വണ്ടികളിലെത്തിയ പാരാമിലിട്ടറി സൈന്യം സംഘാടകരോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിന്റെ കാലത്തുള്ളതിനേക്കാള്‍ വലിയ ജനാധിപത്യ ലംഘനമാണ് ഇപ്പോഴുള്ളതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിനിടെ ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നതിന് തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടാവില്ലെന്നാണ് സൈന്യം അറിയിച്ചത്.
പ്രതിഷേധക്കാര്‍ക്ക് പ്രത്യേക അജണ്ടയാണുള്ളതെന്നും അതിക്രമങ്ങള്‍ നോക്കി നില്‍ക്കില്ലെന്നും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡാകോല പറഞ്ഞു. ജൂണ്‍ മൂന്നിന് നിരവധി പേര്‍ കൊല്ലപ്പെട്ട പ്രതിഷേധത്തിന് ശേഷം സൈന്യവുമായുള്ള ചര്‍ച്ചകളുണ്ടായിരുന്നില്ല. ആഫ്രിക്കന്‍ യൂനിയന്‍, എത്യേപ്യന്‍ പ്രധാനമന്ത്രി എന്നിവര്‍ മധ്യസ്ഥരാവാമെന്ന് അറിയിച്ചെങ്കിലും സമാധാന ശ്രമങ്ങള്‍ പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."