ഫലസ്തീന്‍ മന്ത്രിയെ ഇസ്‌റാഈല്‍ അറസ്റ്റ്‌ചെയ്ത് വിട്ടയച്ചു
ഗസ്സ: ഫലസ്തീനിന്റെ ജറൂസലം കാര്യ മന്ത്രി ഫാദി അല്‍ ഹദാമിയെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ്‌ചെയ്ത് വിട്ടയച്ചു. ഇന്നലെ രാവിലെ സ്വവസതിയില്‍നിന്ന് പിടികൂടിയ അദ്ദേഹത്തെ ഏറെ നേരം ചോദ്യംചെയ്ത ശേഷമാണ് വിട്ടയച്ചത്. ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയുടെ ജറൂസലം സന്ദര്‍ശന വേളയില്‍ ഹദാമി അദ്ദേഹത്തിനൊപ്പം അല്‍ അഖ്‌സ പള്ളി സന്ദര്‍ശിച്ചതാണ് അറസ്റ്റിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹദാമിയുടെ വസതി റെയ്ഡ് ചെയ്ത അധിനിവേശ സൈന്യം, അദ്ദേഹത്തിന്റെ സെല്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവയും പിടിച്ചെടുത്തിരുന്നു. 'ജറൂസലം പ്രവര്‍ത്തനങ്ങ'ളുടെ പേരിലാണ് ഹദാമിയെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തതെന്ന് അധിനിവേശ സേനാ വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറഞ്ഞു.
ചൊവ്വാഴ്ച സെബാസ്റ്റ്യന്‍ പിനേറയ്‌ക്കൊപ്പം അഖ്‌സ പള്ളി സന്ദര്‍ശിച്ച ഹദാമിയുടെ നടപടി ഇസ്‌റാഈല്‍ സൈന്യത്തെ ചൊടിപ്പിച്ചിരുന്നു. പിനേറയ്‌ക്കൊപ്പം ഫലസ്തീന്‍ മന്ത്രി അഖ്‌സയില്‍ കാലുകുത്തിയത് നിയമവിരുദ്ധമാണെന്നാണ് ഇസ്‌റാഈല്‍ വാദം. ഫലസ്തീന്‍ മന്ത്രിയെ കൂടാതെ സാധാരണക്കാരായ അഞ്ച് ഫലസ്തീനികളെയും അഖ്‌സ പരിസരത്തുവച്ച് അധിനിവേശ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്‌റാഈലിന്റെ നടപടിയെ ഫലസ്തീന്‍ അതോറിറ്റി വക്താവ് അപലപിച്ചു. മേഖലയെ തുടര്‍ച്ചയായി സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്ന് വക്താവ് കുറ്റപ്പെടുത്തി.
ജറൂസലം ഗവര്‍ണറെയും ഫലസ്തീന്‍ മന്ത്രിമാരെയും നേരത്തെ പലതവണ ഇസ്‌റാഈല്‍ അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."