ഓഡിറ്റുമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ബന്ധം: കിഫ്ബി മസാല ബോണ്ടില്‍ അന്വേഷണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിമുറുക്കിയതിനു കാരണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ ബന്ധം. മസാല ബോണ്ടുകളുടെ മറവില്‍ ബിനാമി ഇടപാടിലൂടെ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്.
മസാല ബോണ്ട് വഴി വിദേശനിക്ഷേപം സ്വീകരിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജി കണ്ടെത്തലും അന്വേഷണ പരിധിയിലുണ്ട്. കിഫ്ബിയുടെ പിയര്‍ റിവ്യൂ ഓഡിറ്റ് കരാര്‍ നേടിയ സൂര്യ ആന്‍ഡ് കോയുടെ പങ്കാളിയാണ് വേണുഗാപാല്‍. മസാല ബോണ്ടുകളുടെ മറവില്‍ ബിനാമി ഇടപാടിലൂടെ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്. ഇതിനായാണ് ബോണ്ടില്‍ ആരെല്ലാം നിക്ഷേപിച്ചു എന്ന വിവരം ആവശ്യപ്പെട്ടിരിക്കുന്നതും. ഈ നിക്ഷേപകരില്‍ ശിവശങ്കറിന്റെ ബിനാമികളും ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
മസാല ബോണ്ട് വഴിയുള്ള വിദേശനിക്ഷേപം ഭരണഘടനാവിരുദ്ധമെന്ന് സി.എ.ജി കണ്ടെത്തിയതായി ധനകാര്യമന്ത്രി തോമസ് ഐസക് തന്നെയാണ് വെളിപ്പെടുത്തിയത്. റിസര്‍വ് ബാങ്കിന്റെ അനുമതി സംബന്ധിച്ചും വിവാദങ്ങള്‍ ഉയര്‍ന്നു. ആര്‍.ബി.ഐ എന്‍.ഒ.സി മാത്രമേ നല്‍കിയിട്ടുള്ളൂ എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. അനുമതിയില്ലാതെയാണ് നിക്ഷേപം സ്വീകരിച്ചെതെങ്കില്‍ അത് വിദേശനാണയ നിയന്ത്രണ ചട്ടങ്ങളുടെ ലംഘനമാകും. മാത്രമല്ല നിക്ഷേപം സ്വീകരിച്ചതിന്റെ നടപടി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ അറിയിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ഇ.ഡി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ടോറസ് ഡൗണ്‍ ടൗണ്‍, സ്മാര്‍ട്ട് സിറ്റി, ഇ മൊബിലിറ്റി, കെ ഫോണ്‍ എന്നിവയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മൂന്നാഴ്ച മുന്‍പ് ഇ.ഡി കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ ഇതു വരെ മറുപടി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."