കേരളത്തെ മുഖ്യമന്ത്രി മദ്യപാനികളുടെ നാടാക്കി മാറ്റുമെന്ന് മദ്യവിരുദ്ധ ജനകീയ സമര സമിതി
മുളന്തുരുത്തി: പരസ്യമദ്യപാനവും അളവിലേറെ മദ്യവും പിടികൂടേണ്ടെന്ന് എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയതിലുടെ ദൈവത്തിന്റെ നാടായി പറയപ്പെടുന്ന കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്.സര്‍ക്കാര്‍ മദ്യപാനികളുടെ നാടാക്കിമാറ്റുമെന്ന് കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി അഭിപ്രായപ്പെട്ടു.
എല്ലാം ശരിയാകുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്നതിന്റെ ഒന്നാമത്തെ വാര്‍ഷികത്തില്‍ തന്നെ ഇത്തരം ഒരു നിര്‍ദേശം എക്‌സ് സൈസ് കമ്മിഷണര്‍ നല്‍കിയെന്ന് പറയുമ്പോള്‍ അത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ജൂണ്‍ മാസത്തില്‍ പ്രഖ്യാപിക്കാന്‍ പോകുന്ന മദ്യ നയം എത്രത്തോളം ജനദ്രോഹം ആയിരിക്കും എന്നുള്ളതിന്റെ സൂചനയാണെന്നും ഈ നയത്തിനെതിരെ മനുഷ്യ നന്മ കാംക്ഷിക്കുന്ന ഏവരും രംഗത്തിറങ്ങണമെന്നും സമിതി അഭിപ്രായപ്പെട്ടു. സമിതിയുടെ മുളന്തുരുത്തി മേഖല കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപിനായര്‍ ഉദ്ഘാടനം ചെയ്തു. സമിതി ജനറല്‍ കണ്‍വീനര്‍ എന്‍.ആര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ബിവറേജസ് ഔട്ട്‌ലെറ്റ് ജനവാസ മേഖല ആയ മുളന്തുരുത്തിയില്‍ വീണ്ടും തുറന്നതുവഴി ജനജീവിതത്തിന് വലിയ ഹാനിയാണ് വരുത്തിയിരിക്കുന്നത്.നാടിന്റെ നാനാഭാഗത്തുനിന്നുള്ള മദ്യപാനികള്‍ മുളന്തുരുത്തിയില്‍ ചേക്കേറിക്കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തില്‍ പരസ്യമദ്യപാനവും ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവിലേ നിയന്ത്രണമില്ലായ്മയുംകൂടി വരുന്നതെങ്കില്‍ അത് സൃഷ്ടിക്കുന്ന ദുസ്ഥിതി ഭീകരമായിരിക്കും.ബിവറേജസ് ഔട്ട്‌ലെറ്റ് മുളന്തുരുത്തിയില്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയ ഗ്രാമപഞ്ചായത് കമ്മിറ്റി ഇതിനെല്ലാം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
അന്താരാഷ്ര്ട ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജനങ്ങളുടെ ഇടയില്‍ ശക്തമായ ബോധവല്‍ക്കരണ,പ്രക്ഷോഭ പരിപാടികള്‍ സമിതി ആവിഷ്‌കരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.മേഖല പ്രസിഡന്റ് എം.ആര്‍.സെനിത് കുമാര്‍ , സമിതി ഭാരവാഹികളായ എം.കെ.ഉഷ,കെ.കെ.സുകുമാരന്‍,കെ.ഒ.സുധീര്‍,പി.പി.സജീവ് കുമാര്‍,കെ.എസ്.ഹരികുമാര്‍,കെ.എന്‍.രാജി,എം.പി.സുധ,എന്‍.എന്‍.സിന്ധു,ടി.സി.കമല എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."