സൗജന്യ നീന്തല്‍ പരിശീലനം: 87 കുട്ടികള്‍ പെരിയാറിനു കുറുകെ നീന്തിക്കയറി
ആലുവ: വാളശ്ശേരില്‍ റിവര്‍ സ്വിമ്മിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 2017 ബാച്ചിലെ പരിശീലനം പൂര്‍ത്തിയാക്കിയ 87 കുട്ടികള്‍ പെരിയാറിനു കുറുകെ ( ഏറ്റവും വീതിയേറിയതും ആഴമുള്ളതുമായ ഭാഗം. 600 മീറ്റര്‍ വീതിയും 30 അടി ആഴവും) നീന്തിക്കയറി. പത്തുവയസില്‍ താഴെയുള്ള 32 കുട്ടികള്‍ നീന്തിക്കയറിയതില്‍ ആറു വയസുകാരി അഭിരാമിയാണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍.
രാവിലെ 8.30 ന് ആലുവ അദ്വൈതാശ്രമം കടവില്‍ നിന്നും ആലുവ എം.എല്‍.. അന്‍വര്‍ സാദത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. മണപ്പുറം കടവിലേക്ക് നീന്തിയെത്തിയ കുട്ടികളെ രക്ഷിതാക്കളും രാഷ്ട്രീയ സാമുഹ്യ നേതാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. തുടര്‍ന്നു നടന്ന പൊതസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കുമാരി ലിസി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ കൗണ്‍സിലര്‍മാരായ പി.എം.മൂസാക്കുട്ടി, ലോലിത ശിവദാസന്‍, എ.സി സന്തോഷ് കുമാര്‍, ഷൈജി ടീച്ചര്‍, രാഷ്ട്രിയ പൗരപ്രമുഖരായ പി.എം.സഹീര്‍, കെ.ജെ.ഡൊമിനിക്, മാധവന്‍കുട്ടി നായര്‍, കണ്‍വീനര്‍ സാബു പരിയാരത്ത്, സെക്രട്ടറി സുരേഷ് മുപ്പത്തടം, ട്രഷറര്‍ നിസാര്‍ കടുങ്ങല്ലൂര്‍, യൂനുസ്, സന്തോഷ്, നാദിര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു. നീന്തിയെത്തിയ കുട്ടികള്‍ക്ക് ആലുവ നഗരസഭയുടെ സര്‍ട്ടിഫിക്കറ്റും വാളശ്ശേരില്‍ റിവര്‍ സ്വിമ്മിങ് ക്ലബ്ബിന്റെ മൊമെന്റോയും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
മുഖ്യപരിശീലകന്‍ സജി വാളശ്ശേരിക്കൊപ്പം സഹപരിശീലകരായി പി.എം സഹീര്‍, എ.ഐ ഹംസ, അബ്ദുല്‍ അസീസ്, അബ്ദുല്‍ റഷീദ്, രാജേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. റെസ്‌ക്യൂ ബോട്ടും സ്‌കൂബാ ഡൈവേഴ്‌സും എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍, ലൈഫ് ജാക്കറ്റ്, ട്യൂബ്, ആംബുലന്‍സ് തുടങ്ങി എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഒരുക്കിയിരുന്നു. എട്ടു വര്‍ഷമായി പെരിയാറില്‍ സൗജന്യമായി നീന്തല്‍ പരിശീലനം നടത്തുന്ന സജി വാളശ്ശേരില്‍ ഇതുവരെ 1200 ലധികം കുട്ടികളേയും 105 മുതിര്‍ന്നവരേയും നീന്തല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അതില്‍ 335 കുട്ടികളും, 35 മുതിര്‍ന്നവരും പരിശീലനം പൂര്‍ത്തിയാക്കി പെരിയാര്‍ കുറുകെ നീന്തിക്കയറി.
2014ല്‍ ജന്മനാ നട്ടെല്ലിന് തകരാറുള്ള കൃഷ്ണ എസ്.കമ്മത്ത്, 2015 ല്‍ ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത 12 കാരന്‍ എം.എസ്. നവനീത്, 2016 ല്‍ അഞ്ചര വയസ്സുകാരി നിവേദിത, 2017 ല്‍ വലതു കൈക്ക് സ്വാധീനമില്ലാത്ത താലൂക്ക് ഓഫീസ് ജീവനക്കാരന്‍ എന്‍.രാധാകൃഷ്ണന്‍, സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്ത 13 കാരന്‍ ആദിത്ത് തുടങ്ങിയവര്‍ സജിയുടെ പ്രത്യേക പരിശീലനത്തിലൂടെ പെരിയാര്‍ കുറുകെ നീന്തിക്കടന്നിരുന്നു. വേമ്പനാട്ടുകായലിലെ ഏറ്റവും വീതിയേറിയ ഭാഗം നീന്തിക്കടന്ന് ചരിത്രത്തില്‍ ഇടം നേടിയ മാളു ഷെയ്കയെ പരിശീലിപ്പിച്ചതും സജിയാണ്.
ഇക്കുറി പരിയാരത്ത് കുടുംബത്തില്‍ നിന്നും ഒന്‍പത് കുട്ടികള്‍ ഒരുമിച്ച് സജിയുടെ കീഴില്‍ നീന്തല്‍ അഭ്യസിച്ചത്. ഒരു കുടുംബത്തിലെ തന്നെ ഇത്രയും കുട്ടികള്‍ ഒരുമിച്ച് പെരിയാര്‍ കുറുകെ നീന്തിക്കടക്കുന്നത് ആദ്യമായാണ്.
മുഹമ്മദ് ജബിന്‍, സുഫ്‌ല നസ്‌റിന്‍, റില്‍വാന പര്‍വിന്‍, റിന്‍സാന പര്‍വിന്‍, മുഹമ്മദ് റാസിഖ്, ഇസ്സത്ത് ഖിനാന, ഇഫ്ത്തിഫര്‍ ഖിനാന, ആഖ്വിബ് ഹനാന്‍, ഫൈഹാ ഫത്തിം എന്നിവരാണ് പരിയാരത്ത് കുടുംബത്തിലെ അഞ്ച് സഹോദരന്മാരുടെ ഒന്‍പത് കുട്ടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."