ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് സഊദി അവസാനിപ്പിച്ചു
റിയാദ്: സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ലെവിയില്‍ ഇളവ് അനുവദിച്ചിരുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ ലെവി ബാധകമാക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.
ഇതോടെ ചെറുകിട കച്ചവടക്കാര്‍ ഇഖാമ പുതുക്കാന്‍ വന്‍തുക അടക്കേണ്ടി വരും. ഇതിനകം ഇഖാമ പുതുക്കാനായി ജവാസാത്തുമായി ബന്ധപ്പെട്ടപ്പോള്‍ ഭീമമായ തുക അടക്കാനുണ്ടെന്ന സന്ദേശമാണ് പലര്‍ക്കും ലഭിച്ചതെന്ന് മലയാളികളടക്കമുള്ള വിദേശികളില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പലരും ഇക്കാര്യം സമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയും ചെയ്തു.
നാലു വിദേശികളുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും ഒന്‍പതു വിദേശികളുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു തൊഴിലാളികള്‍ക്കുമായിരുന്നു ഇതു വരെ ലെവിയില്‍ അഞ്ചുവര്‍ഷത്തേക്ക് ഇളവ് അനുവദിച്ചിരുന്നത്.
ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് നിര്‍ത്തല്‍ ചെയ്തതായി ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ ലെവി അടക്കേണ്ടി വന്നതായ അനുഭവങ്ങള്‍ നിരവധി പ്രവാസികളെ ആശങ്കയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."