തൊഴില്‍ പീഡനം: പൊതുമേഖലാ സ്ഥാപനമായ മാല്‍കോടെക്‌സിന്റെ ഫിനാന്‍സ് മാനേജര്‍ രാജിവച്ചു
തൊടുപുഴ: തൊഴില്‍ പീഡനത്തെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ മാല്‍കോടെക്‌സിലെ ഫിനാന്‍സ് മാനേജര്‍ സഹീര്‍ കാലടി രാജിവച്ചു. മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ നല്‍കിയതില്‍ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയും 13 വര്‍ഷം പൊതുമേഖലാ സ്ഥാപനത്തില്‍ പ്രവര്‍ത്തന പരിചയവുമുള്ള അപേക്ഷകനായിരുന്നു സഹീര്‍ കാലടി.
ഇദ്ദേഹത്തെയടക്കം അവഗണിച്ച് മന്ത്രി ജലീല്‍ ബന്ധു കെ.ടി.അദീബിനു നിയമനം നല്‍കിയത് വന്‍ വിവാദമായിരുന്നു. എം.കോം ഫിനാന്‍സ്, എം.ബി.എ മാര്‍ക്കറ്റിംഗ് എന്നീ ഇരട്ട ബിരുദാനന്തര ബിരുദധാരിയാണ് സഹീര്‍.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്‌സില്‍ സ്ഥിരം തസ്തികയില്‍ 13 വര്‍ഷമായി ജോലി ചെയ്തുവരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
2018 ഏപ്രിലില്‍ മാല്‍കോടെക്‌സ് എം.ഡിയുടെ താല്‍കാലിക ചുമതലയില്‍ വ്യവസായ വകുപ്പ് നേരിട്ട് നിയമിച്ച കണ്ണൂര്‍ സ്വദേശിയായ സി.ആര്‍ രമേഷ് നടത്തുന്ന സാമ്പത്തിക ക്രമക്കേട്, അഴിമതി എന്നിവയ്‌ക്കെതിരേ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തെളിവ് സഹിതം സഹീര്‍ പരാതി നല്‍കിയിരുന്നു. ഇതോടെ എം.ഡിയുടെ കണ്ണിലെ കരടായി ഇദ്ദേഹം മാറി.
മന്ത്രി ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ട ഉദ്യോഗാര്‍ഥിയായതോടെ എം.ഡി ശക്തമായ തൊഴില്‍ പീഡനം നിരന്തരം നടത്തുകയായിരുന്നുവെന്ന് സഹീര്‍ പറയുന്നു.
ഇതോടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 ജനുവരി മുതല്‍ ഇദ്ദേഹം മെഡിക്കല്‍ ലീവിലായിരുന്നു.
നിലവിലെ തൊഴില്‍ ഇടം മാറണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് രണ്ട് വര്‍ഷത്തെ ശൂന്യവേതന അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. എം.ഡിക്ക് എതിരേയുള്ള പരാതി പിന്‍വലിക്കാന്‍ വ്യവസായ മന്ത്രിയുടെ ഓഫിസില്‍നിന്നു സമ്മര്‍ദ്ദമുണ്ടായെങ്കിലും സഹീര്‍ വഴങ്ങിയില്ല.
മെഡിക്കല്‍ ലീവ് റദ്ദ് ചെയ്യിപ്പിക്കാന്‍ ഡി.എം.ഒയ്ക്ക് എം.ഡി നിരന്തരം കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് 2019 ഏപ്രിലില്‍ സഹീറിനെ പരിശോധിച്ച ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ഗുരുതര ആരോഗ്യ പ്രശ്‌നം ശരിവച്ച് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കി.
രണ്ടാമതും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജി.എം തസ്തികയിലേക്ക് സഹീര്‍ അപേക്ഷ നല്‍കിയിരുന്നു. 2019 മെയ് 30ന് ഇന്റര്‍വ്യൂവിനു ക്ഷണിച്ചിരുന്നെങ്കിലും എം.ഡി. എന്‍.ഒ.സി നല്‍കാത്തതിനാല്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
ലീവ് അപേക്ഷയില്‍ തീരുമാനം ആവാത്തതിനാലും അഴിമതിക്കെതിരേ പരാതി നല്‍കിയതിനും എം.ഡി നടത്തുന്ന തൊഴില്‍ പീഡനം തടയണമെന്ന പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സഹീര്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇന്നലെ രാജിക്കത്ത് നല്‍കിയത്.
സ്പിന്നിങ് മില്‍ ഓഫിസേഴ്‌സ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഇദ്ദേഹം, ജോലി മികവിനു നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ഉദ്യോഗസ്ഥനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."