സ്റ്റാര്‍ട്ട്, ആക്ഷന്‍, കാമറ... സ്ഥാനാര്‍ഥികള്‍ ഷൂട്ടിങ് തിരക്കിലാണ്
കൊച്ചി: വോട്ടുതേടിയെത്തിയ സ്ഥാനാര്‍ഥിയെ നേരില്‍ കണ്ടപ്പോള്‍ 85കാരി കൗസല്യ മുത്തശ്ശിക്കൊരു സംശയം, പിന്നെ മുത്തശ്ശി തുറന്നടിച്ചങ്ങു ചോദിച്ചു, 'എടീ കൊച്ചേ നീ അല്ലേ ചുണ്ടത്ത് ചെമപ്പൊക്കെ തേച്ച് കവിളില്‍ വെള്ളയൊക്കെ പൂശി സിനിമയിലെ പോലെ അഭിനയിച്ചത്. എന്റെ കൊച്ചുമോന്‍ എന്നെ കൊണ്ടുവന്നു കാണിച്ചിരുന്നു'. മോണകാട്ടി ചിരിച്ച് മുത്തശ്ശി ഒരു ഡയലോഗും കാച്ചി, ഷീലയും ശാരദയുമൊക്കെ തോറ്റുപോകും കേട്ടോ. വോട്ടുപിടിക്കാന്‍ സ്ഥാനാര്‍ഥിയ്‌ക്കൊപ്പം എത്തിയവരും മുത്തശ്ശിയുടെ വീട്ടിലുണ്ടായിരുന്ന മക്കളും മരുമക്കളുമൊക്കെ പിന്നെ കൂട്ടച്ചിരി... ഇത് ഡിജിറ്റല്‍ യുഗമല്ലെ മുത്തശ്ശി പിടിച്ചുനില്‍ക്കണ്ടെ എന്ന് സ്ഥാനാര്‍ഥിയും. കൊവിഡ് കാലത്തു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഡിജിറ്റല്‍ പ്രചാരണം വ്യത്യസ്തമാകുന്നത്. കൗസല്യ മുത്തശ്ശിയുടെ പരാതി തന്നെയാണ് പല വോട്ടര്‍മാര്‍ക്കുമുള്ളത്. മേക്ക്ഓവര്‍ അധികമായതിനാല്‍ സ്ഥാനാര്‍ഥികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്ന്. ഫോട്ടോഷോപ്പില്‍ മിനുക്കുപണി നടത്തി സൗന്ദര്യം വര്‍ധിപ്പിച്ച് വോട്ടഭ്യര്‍ഥന നടത്തുന്ന കാര്‍ഡുകളാണ് ആദ്യം ഇറങ്ങിയിരുന്നതെങ്കില്‍ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സോഷ്യല്‍മീഡിയ ക്ലിപ്പുകള്‍ക്കാണ് പ്രാധാന്യം. മൂന്ന് മിനിറ്റുവരെ ദൈര്‍ഘ്യമുള്ള ലഘുചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിലവില്‍ അംഗങ്ങളായ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളായിരുന്ന സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പ്രവര്‍ത്തനകാലത്തെ വികസനങ്ങളും നേട്ടങ്ങളും ഉയര്‍ത്തികാട്ടിയാണ് ഇവ തയാറാക്കിയിരിക്കുന്നത്. പുതുതായി മത്സരരംഗത്ത് വരുന്നവരാകട്ടെ തങ്ങളുടെ സാമൂഹിക സേവനങ്ങളും മറ്റും ഉയര്‍ത്തികാട്ടിയാണ് ലഘുചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതിന് പ്രത്യക 'വിദഗ്ധ' സംഘങ്ങള്‍തന്നെ നാടൊട്ടുക്ക് രംഗത്തുവന്നിട്ടുണ്ട്.
അതിനിടെ വേറിട്ട പോസ്റ്ററുകള്‍ നിര്‍മിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സ്വയം വൈറലാകുന്ന വിരുതന്മാരുമുണ്ട്. കളരിചുവടും മറ്റുമായി സ്വയം പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടാണ് ഇങ്ങനെ വൈറലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."