മടപ്പള്ളി കോളജിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചില്‍ സംഘര്‍ഷം
വടകര: മടപ്പള്ളി ഗവ. കോളജിലെ എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരേ നടന്ന ബഹുജന മാര്‍ച്ചില്‍ സംഘര്‍ഷം. നാദാപുരം റോഡ്, കൈനാട്ടി എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്കും ഒരു പൊലിസുകാരനും പരുക്കേറ്റു. മാര്‍ച്ച് കഴിഞ്ഞ് പിരിഞ്ഞുപോയ പ്രവര്‍ത്തകരെ നാദാപുരം റോഡിലെ സി.പി.എം ഓഫിസിനു സമീപത്തുവച്ച് ചിലര്‍ തടയാന്‍ ശ്രമിച്ചതും സി.പി.എമിന്റെ പ്രചാരണ ബോര്‍ഡുകള്‍ പ്രതിഷേധക്കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചതുമാണു സംഘര്‍ഷത്തിനു കാരണമായത്.
എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകരായ ആറു വിദ്യാര്‍ഥികള്‍ക്കും കല്ലേറില്‍ എം.എസ്.പിയിലെ രഞ്ജിത്തിനുമാണു പരുക്കേറ്റത്. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഇടപെട്ടാണ് പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പരുക്കേറ്റ വിദ്യാര്‍ഥികളും പൊലിസും വടകര ജില്ലാ ആശുപത്രിയിലാണു ചികിത്സ തേടിയത്. ഇതിനിടെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് പ്രവര്‍ത്തകര്‍ തടഞ്ഞു.
പൊലിസിനെ കല്ലെറിഞ്ഞതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ചോറോട് പനങ്ങോട്ട് മുനീര്‍ (26), കാര്‍ത്തികപ്പള്ളിയിലെ പുതിയേക്കല്‍ ഫിര്‍ദൗസ് (37), മണിയൂര്‍ എടക്കണ്ടികുന്നിലെ ജറീഷ് (24), മേമുണ്ട കുനിയില്‍ മിന്ഹത്തുല്ല (19), വില്യാപ്പള്ളി പനോളിയില് ദില്‍രാജ്(19) എന്നിവരെയും കീഴല്‍ ബാങ്ക് റോഡ് സ്വദേശിയായ പതിനേഴുകാരനെയുമാണ് ചോമ്പാല പൊലിസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരനെ കോഴിക്കോട് ജുവനൈല്‍ കോടതിയിലും മറ്റുള്ളവരെ വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നിലും ഹാജരാക്കി.
മാര്‍ച്ച് കഴിഞ്ഞ് പിരിഞ്ഞുപോയവരെ യാതൊരു പ്രകോപനവുമില്ലാതെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."