കുട്ടികള്‍ക്കൊപ്പം വളരും അവരുടെ പേരുള്ള മരങ്ങളും
ചെറുവത്തൂര്‍: നാളേക്ക് തണലാകാന്‍ ഭൂമിയോട് ചേര്‍ത്തുവയ്ക്കുന്ന വൃക്ഷത്തൈകള്‍ക്ക് സ്വന്തം പേര് തന്നെ കുട്ടികള്‍ക്ക് ചൊല്ലി വിളിക്കാം. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വീടുകളില്‍ നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ക്കാണ് കുട്ടികള്‍ സ്വന്തം പേരിടുക. മാളവികയുടെ തേന്മാവ്, റിയയുടെ പ്ലാവ് എന്നിങ്ങനെയെല്ലാം പേര് ചൊല്ലിവിളിക്കുന്നതോടെ കരുതലോടെയുള്ള പരിപാലനം തൈകള്‍ക്ക് ലഭിക്കും എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. വനംവകുപ്പും ഹരിതകേരള മിഷനും ചേര്‍ന്നാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്.
സാമൂഹ്യവനവല്‍കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 105 കേന്ദ്രങ്ങളിലായി 18 ലക്ഷത്തോളം തൈകളാണ് വിതരണത്തിനായി തയാറായിരിക്കുന്നത്. സ്‌കൂളുകള്‍ ജൈവ വൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുന്ന നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ പരമാവധി തൈകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെ നാട്ടുപിടിക്കാനാണ് നിര്‍ദേശം. ശേഷിക്കുന്ന തൈകള്‍ കുട്ടികള്‍ക്ക് വീടുകളില്‍ നട്ടു പിടിപ്പിക്കുന്നതിനായി നല്‍കും. മഴക്കൊയ്ത്ത് ഉത്സവമാക്കാനുള്ള നിര്‍ദേശവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
ജലക്ഷാമം പരിഹരിക്കുന്നതിനും ഭൂഗര്‍ഭ ജലസ്രോതസുകളെ സമ്പുഷ്ടമാക്കുന്നതിനും ഒരു വിദ്യാര്‍ഥി ഒരു മഴക്കുഴി ഒരധ്യാപകന്‍ ഒരു മഴക്കുഴി എന്ന ക്രമത്തില്‍ സ്‌കൂള്‍ കോമ്പൗണ്ടിലും വീടുകളിലും മഴക്കുഴികള്‍ ഒരുക്കും. ഒരു മീറ്റര്‍ വീതം നീളവും, വീതിയും,താഴ്ചയുമുള്ള മഴക്കുഴികള്‍ നിര്‍മിക്കാനാണ് നിര്‍ദേശം. സ്‌കൂളിന്റെ മൂലയിലോ,കിണറിനു സമീപമോ വിദ്യാര്‍ഥികള്‍ കാല്‍തെറ്റി വീഴാത്ത രീതിയിലാകണം മഴക്കുഴികള്‍ നിര്‍മിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."