എന്തുകൊണ്ടാണ് രൂപ ആര്‍.ബി.ഐയ്ക്ക് പിടികൊടുക്കാത്തത്?
- 2018 ല്‍ 15 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്
- ഈ വര്‍ഷം ജനുവരിയില്‍ ഒരു ഡോളറിന് 63.50 എന്ന മൂല്യമുണ്ടായിരുന്നു
- സെപ്റ്റംബര്‍ 18ന് 72.98 എന്ന സര്‍വ്വകലാ വീഴ്ചയിലെത്തി
ഈയിടെയുണ്ടാവുന്ന രൂപയുടെ വീഴ്ച അത്ര ചെറിയ ക്ഷീണമല്ല ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കിയത്. സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ച് രൂപ ഇടിഞ്ഞിടിഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഈ വര്‍ഷം മാത്രമുണ്ടായത് 15 ശതമാനം മൂല്യത്തകര്‍ച്ചയാണ്. ഈ വര്‍ഷം ജനുവരിയില്‍ 63.50 മൂല്യത്തിലുണ്ടായിരുന്ന രൂപ സെപ്റ്റംബര്‍ 18ന് 72.98 എന്ന നിലയിലെത്തി. സെപ്റ്റംബര്‍ 24ന് 72.49 എന്ന നിലയിലാണ്.
രൂപയുടെ മൂല്യത്തകര്‍ച്ച നേരിടാന്‍ ആര്‍.ബി.ഐ എടുത്ത നടപടികളൊന്നും ഏശാതെ വരുന്നു. നടപടിയെടുക്കാന്‍ വൈകിയെന്നത് ഒരു കാരണം. നടപടി എടുക്കുമ്പോഴേക്കും രൂപയുടെ പതനം അത്രമേല്‍ ആഘാതമായിക്കഴിഞ്ഞിരുന്നു. വിദേശവിനിമയ കരുതലില്‍ നിന്ന് 25 ബില്യണ്‍ ഡോളര്‍ ആര്‍.ബി.ഐ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചെലവഴിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഡോളറിനു വേണ്ടിയുള്ള ഡിമാന്റ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.
ഇന്ത്യന്‍ ഇക്കോണമിയെ നിയന്ത്രിക്കുന്ന ആഗോള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ആഗോള എണ്ണ വിപണിയിലെ പ്രധാന വിതരണക്കാരായ ഇറാനു മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധവും വെനസ്വേലയില്‍ നിന്നുള്ള ഉല്‍പാദനം കുറച്ചതുമാണ് ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ കാരണം. ഇത് ഇന്ത്യന്‍ വിപണിയെ പിടിച്ചുലച്ചു.
ഇന്ത്യയും എണ്ണയും
ആഗോള മാര്‍ക്കറ്റില്‍ നിന്നാണ് ഇന്ത്യയ്ക്കാവശ്യമായ 80 ശതമാനം എണ്ണയും വാങ്ങുന്നത്. 2017-18 ല്‍ 5.6 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ് ഇന്ത്യ എണ്ണ വാങ്ങിയത്. ഇക്കൊല്ലം ഇന്ത്യയുടെ ആവശ്യം അതിലും കൂടി. ഇന്ത്യയിപ്പോള്‍ ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായി മാറിയിരിക്കുയാണ്. ചൈനയെ മറികടന്നാണ് ഇന്ത്യയുടെ ഈ പോക്ക്.
കൂടുതല്‍ എണ്ണ ആവശ്യമായി വന്നു എന്നതിനര്‍ഥം, കൂടുതല്‍ ഡോളറുകള്‍ പുറത്തേക്ക് കൊടുക്കേണ്ടി വന്നു. അതിനായി കൂടുതല്‍ രൂപ ചെലവഴിക്കേണ്ടിയും വന്നു. ഇന്ധ ബില്‍ കൂടുന്നത് കറന്റ് അക്കൗണ്ട് കമ്മിക്കും കാരണമായി. ഇത് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയെക്കൊണ്ട് തരംതാഴ്ത്തിക്കാനും ഇടയായി.
അമേരിക്കയുടെ കുത്ത്
കൂനിന്മേല്‍ കുരു ആയിട്ടാണ് അമേരിക്കയുടെ കുത്ത് വരുന്നത്. യു.എസ് ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇതോടെ നിക്ഷേപങ്ങള്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളെ ഉപേക്ഷിച്ച് അമേരിക്കന്‍ മാര്‍ക്കറ്റിലേക്കു നീങ്ങി. ഡോളറിന് സ്വാഭാവികമായും മൂല്യംകൂടി. രൂപയ്‌ക്കെതിരെ കൂടുതല്‍ ഡോളറിന്റെ ആവശ്യംകൂടി വന്നതോടെ രൂപയുടെ ഇടിവും ഒപ്പമെത്തി.
നല്ല മെച്ചമുള്ള അമേരിക്കന്‍ മാര്‍ക്കറ്റില്‍ നിന്ന് നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാവാന്‍ തുടങ്ങി. ഇത് ഇന്ത്യ പോലുള്ള മാര്‍ക്കറ്റുകളില്‍ നിന്ന് കൂടുതല്‍ പണം പുറത്തേക്കൊഴുകാന്‍ കാരണമായി. യു.എസ് ചൈന വ്യാപാരയുദ്ധവും യൂറോപ്പിലെ അനിശ്ചിതാവസ്ഥയും ഇതിന് ആക്കം കൂട്ടി.
നിക്ഷേപകരുടെ കരണത്തടി
സെപ്റ്റംബറില്‍ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തേക്കു കൊണ്ടുപോയത് 15,365 കോടി രൂപയാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളെ സംബന്ധിച്ച് ഇത് നേര്‍വിപരീത ട്രെന്‍ഡാണുണ്ടായത്.
ജൂലൈയില്‍ 2300 കോടിയും ഓഗസ്റ്റില്‍ 5200 കോടിയും ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ അവര്‍ നിക്ഷേപിക്കുകയാണുണ്ടായത്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 61,000 കോടി രൂപ നിക്ഷേപകര്‍ പുറത്തേക്ക് ഒഴുക്കിയിരുന്നു.
മറ്റൊരു പ്രധാന വെല്ലുവിളി, ഹ്രസ്വകാല വിദേശ വായ്പകളുടെ തിരിച്ചടവായിരുന്നു. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 'ഈസി ഡൂയിങ്' പദ്ധതിയുടെ പരിണിതഫലമാണ് ഇത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ഹ്രസ്വകാല വായ്പകള്‍ എടുക്കാനുള്ള നടപടി എളുപ്പമാക്കിക്കൊടുത്തു. ഇതോടെ ഇത്തരത്തിലുള്ള വായ്പയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായി. ഇത് വലിയ തിരിച്ചടിയായി. ഡോളറില്‍ തിരിച്ചടക്കാന്‍ കൂടുതല്‍ രൂപ ചെലവഴിക്കേണ്ട അവസ്ഥയാണിപ്പോള്‍.
2014-15 ല്‍ ഇന്ത്യക്കാര്‍ 1.3 ബില്യണ്‍ ഡോളറാണ് തിരിച്ചടവ് ഇനത്തില്‍ പുറത്തേക്ക് അയച്ചത്. ഇത് 2017-18 വര്‍ഷത്തില്‍ 11.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. വിദേശപഠനം, യാത്ര എന്നിവയ്ക്കുള്ള അടവും ഇതില്‍പ്പെടുന്നു. ഇത് വലിയ തിരിച്ചടിയായി.
ഇനിയുള്ളത്
പലിശനിരക്കുകള്‍ ഉയര്‍ത്തുക എന്നതാണ് ആര്‍.ബി.ഐയ്ക്കു മുമ്പിലുള്ള ഏക വഴി. ഇതുപക്ഷെ, ജി.ഡി.പിയെ ബാധിക്കും. പ്രത്യേകിച്ച്, നോട്ട് നിരോധനം, ജി.എ്.ടി എന്നീ രണ്ട് ഇരുട്ടടികളില്‍ നിന്ന് എഴുന്നേല്‍ക്കുന്ന ഈ സമയത്ത് വലിയ തിരിച്ചടിയായി ഭവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."