കാലവര്‍ഷം: ഡാമുകളുടെ സുരക്ഷാ പരിശോധന നടന്നില്ല
തിരുവനന്തപുരം: ഡാമുകളുടെ സുരക്ഷ പരിശോധിക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനുമാണെങ്കിലും പരിശോധനയൊന്നും നടക്കുന്നില്ലെന്ന് വിവരാവകാശ രേഖ. ഈ വര്‍ഷം കാലവര്‍ഷത്തിനു മുന്‍പ് ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് യാതൊരു പരിശോധനയും നടത്തിയില്ല. പ്രളയശേഷം പരിശോധന നടത്തിയതായും സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ചതായി കേന്ദ്ര ജല കമ്മിഷന്‍ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
ഡാമുകളുടെ സുരക്ഷ പരിശോധിച്ചു കൃത്യമായ റിപ്പോര്‍ട്ട് സംസ്ഥാനങ്ങള്‍ കേന്ദ്ര ജല കമ്മിഷന് കൃത്യസമയങ്ങളില്‍ നല്‍കേണ്ടതുണ്ടെന്നും കേരളം പ്രളയത്തിനു മുന്‍പ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. കാലവര്‍ഷത്തിനു മുന്നോടിയായി 2015ല്‍ രണ്ടും 2016ലും 2017ലും നാലുവീതവും ഡാമുകള്‍ സുരക്ഷാ പരിശോധന നടത്തിയതായി കേരളം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2018ല്‍ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല. തുലാവര്‍ഷത്തിനു മുന്‍പായി പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നുണ്ട്. എന്നാല്‍ ഏതൊക്കെ ഡാമുകളാണ് ഇത്തരത്തില്‍ പരിശോധിച്ചതെന്ന് വ്യക്തമാക്കിയിട്ടുമില്ല. സംസ്ഥാനത്ത് വലുതും ചെറുതുമായി 57 ഡാമുകളുണ്ട്. ഇതില്‍ നാലെണ്ണം തമിഴ്‌നാട് സര്‍ക്കാരാണ് നിയന്ത്രിക്കുന്നത്.
2017ല്‍ കൊണ്ടുവന്ന മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് ഡാമുകളുടെ തകര്‍ച്ച ഒഴിവാക്കുന്നതിന് സ്ഥിരമായ പരിശോധനകള്‍ നടത്തുകയും ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പോരായ്മകള്‍കൊണ്ട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളിലും ഡാമുകളുടെ സുരക്ഷ പരിശോധിക്കുന്ന കാര്യത്തില്‍ കേരളം ഗുരുതരമായ കൃത്യവിലോപമാണ് വരുത്തിയതെന്ന് കേന്ദ്ര ജല കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. ഡാമുകളുടെ നിയന്ത്രണത്തിലുണ്ടായ പാളിച്ചകളാണ് കേരളത്തെ പ്രളയത്തിലേക്ക് തള്ളിവിട്ടതെന്ന വിവാദം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."