റെയില്‍വേ ട്രാക്കിലെ ക്ലിപ്പുകള്‍ ഊരിമാറ്റിയതു പ്രത്യേക സംഘം അന്വേഷിക്കും
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്നിനു സമീപവും മൊഗ്രാല്‍ കടവിനു സമീപവും റെയില്‍വേ ട്രാക്കിലെ ഇലാസ്റ്റിക് ക്ലിപ്പുകള്‍ ഊരിമാറ്റിയ സംഭവം അന്വേഷിക്കാന്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘത്തെ നിയമിച്ചു. 22നു വൈകുന്നേരം 4.15നാണു മൊഗ്രാല്‍ പുത്തൂരിനു സമീപം പന്നിക്കുന്ന് റെയില്‍വേ ട്രാക്കില്‍ ആറ് ഇലാസ്റ്റിക് ക്ലിപ്പുകള്‍ ഊരിവച്ച നിലയില്‍ കണ്ടത്. റെയില്‍വേ എന്‍ജിനിയറിങ്ങ് സെക്ഷന്‍ വിഭാഗത്തിന്റെ പരാതിയില്‍ കാസര്‍കോട് പൊലിസ് അന്വേഷണം നടത്തുന്നതിനിടെ ഇതിനു രണ്ടു കിലോമീറ്ററോളം അകലെയുള്ള മൊഗ്രാല്‍ കടവിനു സമീപം ചൊവ്വാഴ്ചരാവിലെയും റെയില്‍വെ ട്രാക്കില്‍ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ കെ. അമ്പാടി, എ.എസ്.ഐമാരായ മധുസൂദനന്‍, ടി.എ സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ആര്‍.പി.എഫും ഇതേ കുറിച്ച് അന്വേഷിച്ചുവരുന്നു. സതേണ്‍ റെയില്‍വേ സെക്ഷന്‍ മാനേജറുടെ പരാതിയിലാണു പൊലിസ് രണ്ടു സംഭവങ്ങളിലും കേസെടുത്തിട്ടുള്ളത്.
ആറു ക്ലിപ്പുകള്‍ വീതമാണ് രണ്ടു സ്ഥലങ്ങളിലും ഊരിമാറ്റിയിരുന്നത്. ക്ലിപ്പുകള്‍ ഊരിമാറ്റിയ സംഭവം സമാന രീതിയിലുള്ളതായതിനാല്‍ തീവണ്ടി അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നിലെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. സാമൂഹിക ദ്രോഹികളാണോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെന്നും സംശയമുണ്ട്. വിജനമായ സ്ഥലമായതിനാല്‍ ഈ ഭാഗത്ത് റെയില്‍വേ അധികൃതരുടേയും പൊലിസിന്റെയും ശ്രദ്ധപതിയുന്നില്ല.
സംഭവം സംബന്ധിച്ച പൊലിസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ക്ലിപ്പുകള്‍ ഊരിമാറ്റിയ റെയില്‍വേ ട്രാക്കിനു സമീപം രണ്ടുപേര്‍രാവിലെ ട്രെയിനുകള്‍ക്ക് കൈകാട്ടിയിരുന്നതായി ആര്‍.പി.എഫിനു വിവരം ലഭിച്ചിരുന്നു. ഇതും പൊലിസ് അന്വേഷണ വിധേയമാക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ റെയില്‍വേ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളില്‍ പ്രത്യേക പരിശോധന തുടരാനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
22നു റെയില്‍വേ ട്രാക്കില്‍ ക്ലിപ്പുകള്‍ ഊരിവച്ച സംഭവത്തെ തുടര്‍ന്നു പ്രത്യേക പരിശോധന നടത്തി വരികയായിരുന്ന സംഘമാണ് ചൊവ്വാഴ്ച രാവിലെ ഊരിവച്ച നിലയില്‍ ക്ലിപ്പുകള്‍ കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹതമാറ്റാനാകാത്തതു യാത്രക്കാരിലും ഭീതിയുളവാക്കിയിട്ടുണ്ട്. അട്ടിമറി സാധ്യത പൊലിസ് തള്ളികളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."