തടസങ്ങളില്ലാതെ മുന്നോട്ടുപോകും: ഡിവൈ.എസ്.പി
തലശേരി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസന്വേഷണം തടസങ്ങളില്ലാതെ മുന്നോട്ടുപോകുമെന്ന് ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍. എ.എന്‍ ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യണോ, വേണ്ടയോ എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ പൂര്‍ണ സ്വാതന്ത്ര്യമാണ്. നിലവിലെ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും ഡിവൈ.എസ്.പി പറഞ്ഞു. സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ ഗൂഢാലോചന നടന്നത് എം.എല്‍.എയുടെ സഹോദരന്‍ എ.എന്‍ ഷഹീറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറില്‍ വച്ചാണെന്നും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
എം.എല്‍.എയുടെ പാറാലിലെ ആമിനാസ് എന്ന വിലാസം തന്നെയാണ് എറണാകുളം രജിസ്‌ട്രേഷനുള്ള കാറിന്റെ ആര്‍.സി ബുക്കിലുള്ളത്. കേസിലെ മുഖ്യസൂത്രധാരനായ എന്‍.കെ രാഗേഷിനെ എം.എല്‍.എ ഫോണ്‍ വിളിച്ചെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഷംസീറാണ് തന്നെ അക്രമിച്ചതെന്നു നസീര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
പ്രതിയുടെ ജാമ്യഹരജി തള്ളി
തലശേരി: സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യഹരജി ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസിലെ അഞ്ചാം പ്രതിയായ കൊളശേരി കുഞ്ഞിനേരി മീത്തലിലെ വി.കെ സോജിത്ത് (25) നല്‍കിയ ജാമ്യഹരജിയാണ് തള്ളിയത്.
മൂന്നാം പ്രതിയായ കതിരൂര്‍ പൊന്ന്യം വെസ്റ്റിലെ ചേരിപുതിയ വീട്ടില്‍ കെ. അശ്വന്ത് (20) വീണ്ടും ജാമ്യഹരജി നല്‍കി. ഇന്നു ഹരജി പരിഗണിക്കും. നേരത്തെ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. അക്രമം നടക്കുമ്പോള്‍ നസീറിന്റെ ശരീരത്തിലൂടെ മൂന്നുതവണ ബൈക്ക് കയറ്റിയ പ്രതിയാണ് അശ്വന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."