നീണ്ടൂര്‍ പള്ളിയില്‍ തിരുന്നാള്‍ ഇന്നു മുതല്‍
ഏറ്റുമാനൂര്‍: നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ കല്ലിട്ട തിരുനാളും ശതോത്തര സുവര്‍ണ ജൂബിലി സമാപനവും ഇന്ന് മുതല്‍ ഞായര്‍ വരെ നടക്കും. ഇന്ന് രാവിലെ ഏഴിന് വിശുദ്ധകുര്‍ബാന, തുടര്‍ന്ന് കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ ആരാധന, വൈകിട്ട് നാലിന് പൊതു ആരാധനയും രൂപം എഴുന്നള്ളിച്ച് വെക്കലും നടക്കും.
പ്രധാന ആഘോഷദിനമായ ഞായറാഴ്ച വൈകിട്ട് 4.30ന് നവാഭിഷിക്തനായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കും. സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് സ്വീകരണം നല്‍കും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. അഡ്വ.കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ സ്മരണിക പ്രകാശനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ മറുപടി പ്രസംഗം നടത്തും.
2015 ഓഗസ്ത് രണ്ടിന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയാണ് ഒരു വര്‍ഷം നീളുന്ന ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഇടവകാംഗങ്ങള്‍ക്ക് ആത്മീയ ഉണര്‍വേകിയ വ്യത്യസ്ത പരിപാടികളാണ് വികാരി ഫാ.സജി മെത്താനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്നത്. ഇടവക കൂട്ടായ്മകള്‍, അമ്മ കൂട്ടായ്മ, പുത്രീ സംഗമം, പ്രവാസി സംഗമം, സമര്‍പ്പിത സംഗമം, വിശുദ്ധനാട് സന്ദര്‍ശനം, ഇടവക ദിനാചരണം, തീര്‍ത്ഥയാത്രകള്‍, മിഷന്‍ ധ്യാനം, കലാ സാഹിത്യ കായിക മത്സരങ്ങള്‍, പുരാതന പാട്ടു മത്സരം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവയായിരുന്നു പ്രധാന കര്‍മ്മ പരിപാടികള്‍. ജൂബിലി സ്മാരകമായി ഇടവക ദേവാലയത്തിന്റെ മുഖവാരം പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."