നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം; മരണം അഞ്ചായി; ആശങ്കയൊഴിഞ്ഞതോടെ പൊതുഗതാഗതം പുനരാരംഭിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ആഞ്ഞുവീശിയ നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. മരണം അഞ്ചായി. തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ ഏക്കറ് കണക്കിന് കൃഷി നാശമുണ്ടായി. വില്ലുപുരത്ത് വീട് തകര്‍ന്ന് വീണ് 47 വയസുള്ള സ്ത്രീയും വൈദ്യുതാഘാതമേറ്റ് 16 കാരന്‍ ഉള്‍പ്പടെ മൂന്ന് പേരും മരിച്ചു. ചെന്നൈയില്‍ മരം തലയില്‍ വീണ് 40 കാരന്‍ മരിച്ചു. ചെന്നൈയില്‍ തുടരുന്ന ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തനിടിയിലായി.
നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാര്‍പ്പിച്ചതാണ് ആളപായം കുറച്ചത്. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ വിമാന -ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിരിക്കുന്നത്. പുതുച്ചേരിയില്‍ മുഖ്യമന്ത്രി നാരായണസ്വാമിയുടെ വീട്ടിലടക്കം വെള്ളം കയറി. വെള്ളം നിറഞ്ഞതോടെ ചെന്നൈ നഗരത്തിന്റെ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്ന ചെമ്പരക്കം തടാകത്തിന്റെ ഏഴ് ഷട്ടറുകള്‍ കൂടി തുറന്നു.
മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാണ് കടലൂര്‍ - പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് കര തൊട്ടത്. പുലര്‍ച്ച രണ്ടരയോടെ തീരത്തെത്തിയ നിവാര്‍ ആറ് മണിക്കൂര്‍ അതിതീവ്ര ചുഴലിക്കാറ്റായി വീശിയടിച്ചു. പുതുച്ചേരിയിലും തമിഴ്‌നാടിന്റെ തീരമേഖലയിലുമാണ് നാശനഷ്ടങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈ നഗരത്തില്‍ ഉള്‍പ്പടെ മരങ്ങള്‍ കടപുഴകി വീണു. നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നു.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ വ്യാപക കൃഷിനാശമാണുണ്ടാക്കിയത്.
അതിതീവ്ര ചുഴലിക്കാറ്റായി എത്തിയ നിവാറിന്റെ വേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മണിക്കൂറില്‍ 50 കിമി വേഗമുള്ള ചുഴലിക്കാറ്റായി നിവാര്‍ വ്യാഴാഴ്ച ഉച്ചയോടെ മാറിയിട്ടുണ്ട്. ആശങ്ക ഒഴിഞ്ഞ് തുടങ്ങിയതോടെ പൊതുഗതാഗതം പുനരാരംഭിച്ചു തുടങ്ങി. ചെന്നൈ വിമാനത്താവളം പത്ത് മണിയോടെ തുറന്നു. ചെന്നൈ മെട്രോ സര്‍വിസ് പുനരാരംഭിച്ചു. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വ്വിസും ഉടന്‍ തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."