യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍
അന്തിക്കാട് (തൃശൂര്‍): അരിമ്പൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അരിമ്പൂര്‍ നാലാംകല്ല് കായല്‍ റോഡില്‍ കരിയാറ്റില്‍ കുട്ടന്റെ മകന് കലേഷിനെ (35)യാണ് വെട്ടിക്കൊന്നത്. നിര്‍മാണ തൊഴിലാളിയാണ്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ മുറിശ്ശേരി വീട്ടില്‍ രതീഷിനെ(34) അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 11.45 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തന്റെ വീട്ടില്‍ കയറി വാളു വീശി ഭീഷണിപ്പെടുത്തിയ രതീഷിനെ കലേഷ് ചോദ്യം ചെയ്തപ്പോള്‍ ഒന്നര മീറ്റര്‍ നീളമുള്ള വാളുകൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ കലേഷ് വീടിനകത്തു നിന്നും ഇറങ്ങിയോടുന്നതിനിടെ സമീപത്തെ കടയുടെ മുന്നില്‍ തടഞ്ഞുവീണു. പിന്നാലെയെത്തിയ രതീഷ് കലേഷിന്റെ കഴുത്തിലും തലയിലും നിരവധി തവണ ആഞ്ഞു വെട്ടി. തടയാന്‍ ചെന്ന നാട്ടുകാരെ വാള് വീശി ഭീഷണിപ്പെടുത്തി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലിസിനെ കണ്ട് രതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലിസും നടത്തിയ തിരച്ചിലില്‍ ഇയാള്‍ കുറച്ചകലെയുള്ള ബന്ധുവീട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. അന്തിക്കാട് എസ്.എച്ച്.ഒ മനോജ് കുമാര്‍, എസ്.ഐ എസ്. ആര് സനീഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പുലര്‍ച്ചെ മൂന്നോടെ പ്രതി ഒളിച്ചിരുന്ന വീട് വളയുകയായിരുന്നു. എന്നാല്‍ ഇയാള്‍ വാളുമായി പൊലിസിനെ നേരിട്ടു. തുടര്‍ന്ന് പൊലിസ് തോക്കു ചൂണ്ടി രതീഷിനെ കീഴ്പ്പെടുത്തുകയായിരുന്നു.
തൃശൂരില്‍ ഓട്ടോ ഡ്രൈവറായ രതീഷ് വീട്ടില്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പൊലിസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ ഇയാള്‍ ഭാര്യ ജ്യോതിയുമായി വഴക്കുണ്ടാക്കുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തിരുന്നു. തടയാന്‍ ചെന്ന പിതാവ് കൊച്ചുമോനും മര്‍ദനമേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ രതീഷിനെ തടയുന്നതിനിടെ ജ്യോതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ രതീഷ് ഭാര്യയെ അന്വേഷിച്ച് സമീപത്തെ വീടുകളില്‍ കയറി വീട്ടുകാരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തുന്നതിനിടെയാണ് കലേഷിനെ വെട്ടിയത്. തങ്കയാണ് കലേഷിന്റെ അമ്മ. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കലേഷിന്റെ മൃതദേഹം കാഞ്ഞാണി ആനക്കാട് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."