കേരളാ ബാങ്ക് തെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് വമ്പന്‍ വിജയം, മുഴുവന്‍ സ്ഥാനാര്‍ഥികളും വിജയിച്ചു
തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ഭരണസമിതി അംഗങ്ങളും എല്‍.ഡി.എഫിന് ലഭിച്ചു. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍, മുന്‍ ജില്ലാ സഹകരണ ബാങ്ക് ആസ്ഥാനങ്ങളിലായിരുന്നു (നിലവില്‍ കേരള ബാങ്കിന്റെ ക്രെഡിറ്റ് പ്രോസസിങ് സെന്ററുകള്‍) വോട്ടെടുപ്പ്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിച്ചിട്ടില്ലാത്തതിനാല്‍ ഈ ജില്ലയില്‍നിന്ന് പ്രതിനിധിയില്ല.
എല്‍.ഡി.എഫ് പ്രതിനിധികളായി അഡ്വ. എസ് ഷാജഹാന് (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം. സത്യപാലന് (ആലപ്പുഴ), കെ.ജെ ഫിലിപ്പ് (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണന് (തൃശൂര്‍), എ പ്രഭാകരന് (പാലക്കാട്), പി ഗഗാറിന് (വയനാട്), സാബു എബ്രഹാം (കാസര്‍കോട്), കെ ജി വത്സലകുമാരി (കണ്ണൂര്‍), ഗോപി കോട്ടമുറിക്കല്‍ (അര്‍ബന്‍ ബാങ്ക് പ്രതിനിധി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എല്‍.ഡി.എഫ് പ്രതിനിധികളായ മൂന്നുപേരെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മലാ ദേവി (പത്തനംതിട്ട), പുഷ്പ ദാസ് (എറണാകുളം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുപുറമെ ആറുപേര്‍കൂടി ചേരുന്നതാണ് കേരള ബാങ്ക് ഭരണസമിതി. രണ്ട് സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, നബാര്‍ഡ് കേരള റീജ്യണല്‍ ചീഫ് ജനറല്‍ മാനേജര്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് സി.ഇ.ഒ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."