ബ്രസീല്‍ ഫൈനലില്‍
ബെലോ ഹൊറിസോന്റെ: കോപ അമേരിക്ക സ്വപ്ന സെമിഫൈനലില്‍ ചിരവൈരികളായ അര്‍ജന്റീനക്ക് മുകളിലൂടെ ചിറകടിച്ച് കാനറിപ്പട ഫൈനലിലേക്ക് കടന്നു. ലോകം ഉറ്റുനോക്കിയ ക്ലാസിക് പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം. സ്വന്തം കാണികള്‍ക്കു മുന്നില്‍ വിശ്വരൂപം പുറത്തെടുത്ത ബ്രസീല്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തെ പൂട്ടിയിട്ടാണ് ഫൈനലിന് ടിക്കറ്റെടുത്തത്.
ജയത്തോടെ ബ്രസീല്‍ 20ാം തവണയാണ് കോപ അമേരിക്ക ഫൈനലിന് യോഗ്യത നേടുന്നത്. എട്ടു തവണ ചാംപ്യന്മാരായ ബ്രസീല്‍ 11 തവണ ഫൈനലില്‍ പരാജയപ്പെട്ടു. 1919, 1922, 1949, 1989, 1997, 1999, 2004, 2007 എന്നീ വര്‍ഷങ്ങളിലാണ് ബ്രസീല്‍ കോപ കിരീടം ചൂടിയത്. 2004 ലും 2007 ലും അര്‍ജന്റീനയെ കീഴടക്കിയായിരുന്നു ബ്രസീലിന്റെ കിരീട നേട്ടം.
മികച്ച പോരാട്ടമാണ് ഇന്നലെ ഇരുടീമുകളും പുറത്തെടുത്തത്. ഇരുപകുതികളിലുമായി ഗബ്രിയേല്‍ ജീസസും (19ാം മിനുട്ട്) റോബര്‍ട്ടോ ഫിര്‍മീനോയും (71ാം മിനുട്ട്) നേടിയ ഗോളുകളാണ് ബ്രസീലിന് മിന്നും ജയം സമ്മാനിച്ചത്. ആദ്യ ഗോള്‍ നേടുകയും രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത ജീസസാണ് ബ്രസീലിന്റെ ഹീറോ. ചിലി - പെറു സെമിയിലെ വിജയികളാണ് ഫൈനലില്‍ ബ്രസീലിന്റെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ തങ്ങളുടെ ഏറ്റവും മികച്ച കളിയാണ് അര്‍ജന്റീന ഇന്നലെ ബദ്ധവൈരികള്‍ക്കെതിരേ പുറത്തെടുത്തത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ബ്രസീല്‍ പൂട്ടിയെങ്കിലും അര്‍ജന്റീനയാണ് പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും മുന്നിട്ടുനിന്നത്. പക്ഷേ നിര്‍ഭാഗ്യം വീണ്ടും അര്‍ജന്റീനയെ ചതിക്കുകയായിരുന്നു. രണ്ടു തവണയാണ് അര്‍ജന്റീനയ്ക്ക് ഗോള്‍ നിഷേധിക്കപ്പെട്ടത്. ആദ്യപകുതിയില്‍ സെര്‍ജിയോ അഗ്യൂറോയുടെ മികച്ച ഹെഡ്ഡറും രണ്ടാം പകുതിയില്‍ മെസ്സിയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ടും പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു.
മറുഭാഗത്ത് കാണികളുടെ പിന്തുണയില്‍ ആസ്വദിച്ചു കളിച്ച ബ്രസീല്‍ മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ അര്‍ജന്റീനന്‍ പ്രതിരോധത്തിനെ ഇടക്കിടെ പരീക്ഷിച്ചു. ഇരുടീമുകളും അറ്റാക്കിങ് ഫുട്‌ബോളാണ് തുടക്കം മുതല്‍ പുറത്തെടുത്തത്. രണ്ടു ഗോള്‍മുഖത്തേക്കും പന്ത് കയറിയിറങ്ങിയെങ്കിലും ലീഡ് നേടാനുള്ള ഭാഗ്യമുണ്ടായത് ബ്രസീലിനായിരുന്നു. 19ാം മിനിറ്റിലാണ് ബ്രസീല്‍ കാത്തിരുന്ന ഗോള്‍ പിറന്നത്. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നോട്ട് കുതിച്ച ഡാനി ആല്‍വസിന്റെ അതിമനോഹരമായ നീക്കമാണ് ഗോളില്‍ കലാശിച്ചത്. രണ്ട് അര്‍ജന്റീന താരങ്ങളെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ ആല്‍വസ് പന്ത് റോബര്‍ട്ടോ ഫിര്‍മീനോക്ക് കൈമാറി. വലതുവിങില്‍ ഒഴിഞ്ഞുനിന്ന ഫിര്‍മിനോ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ജീസസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 30ാം മിനുട്ടില്‍ അര്‍ജന്റീന സമനില ഗോളും നേടേണ്ടതായിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യം അവര്‍ക്കു വിനയായി. ബോക്‌സിനു പുറത്തു നിന്നുള്ള മെസ്സിയുടെ മനോഹരമായ ഫ്രീകിക്കില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഹെഡ്ഡര്‍ ചാടിയുയര്‍ന്ന അലിസണിന് തൊടാനായില്ലെങ്കിലും ക്രോസ് ബാറില്‍ തട്ടി തെറിക്കുകയായിരുന്നു. രണ്ടാംപകുതിയില്‍ സമനില ഗോളിനായി അര്‍ജന്റീന നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയതോടെ ബ്രസീല്‍ പ്രതിരോധത്തിലായി. പല തവണയാണ് അവര്‍ ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചത്. 57ാം മിനുട്ടില്‍ അര്‍ജന്റീനയ്ക്കു സമനില ഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിനു പുറത്തു നിന്നുള്ള മാര്‍ട്ടിനസിന്റെ ഷോട്ട് ബ്രസീല്‍ ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് ചെയ്ത പന്ത് പിടിച്ചെടുത്ത് മെസ്സി തൊടുത്ത ഇടംകാല്‍ വോളി പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു.
71ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായാണ് ബ്രസീല്‍ ലീഡുയര്‍ത്തിയത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഇടതു വിങിലൂടെ ഒറ്റയ്ക്ക് പന്തുമായി കുതിച്ച ജീസസ് പ്രതിരോധ താരങ്ങളായ പെസെല്ല, ഫോയ്ത്, ഒറ്റമെന്‍ഡി എന്നിവരെ കബളിപ്പിച്ച് നല്‍കിയ പാസ് തൊട്ടുകൊടുക്കേണ്ട ആവശ്യമേ ഫിര്‍മീനോക്കുണ്ടായിരുന്നുള്ളൂ. മെസ്സിയുടെ ഗോളെന്നുറച്ച ഫ്രീകിക്ക് മനോഹരമായി കൈപിടിയിലൊതുക്കിയ ഗോള്‍കീപ്പര്‍ അലിസണ്‍ ബക്കറും ബ്രസീലിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
65ാം മിനുട്ട്: പന്തുമായി ബോക്‌സിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ച ലയണല്‍ മെസ്സിയെ ഡാനി ആല്‍വസ് ബോക്‌സിന് പുറത്ത് വച്ച് ഫൗള്‍ ചെയ്തു. അര്‍ജന്റീനക്കനുകൂലമായി ഫ്രീ കിക്ക്.
66ാം മിനുട്ട്: പോസ്റ്റിന് വലതുകോര്‍ണറിലേക്ക് മെസ്സിയുടെ അളന്നുമുറിച്ചുള്ള ഫ്രീകിക്ക്. വായുവില്‍ ഉയര്‍ന്ന് ചാടിയ അലിസണ്‍ ബക്കര്‍ പന്ത് കൃത്യമായി കൈപിടിയിലൊതുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."