നമ്മുടെ റെയില്‍വേ
തീവണ്ടി വന്ന വഴി
പതിനാറാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇംഗ്ലണ്ടില്‍ തീവണ്ടിയുടെ പ്രാഥമിക രൂപം പ്രചാരത്തിലുണ്ടായിരുന്നു. മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പാതകളിലൂടെ (വുഡന്‍ റെയില്‍) സമതലങ്ങളില്‍ സഞ്ചരിക്കുന്നവയും കയറ്റിറക്കങ്ങള്‍ കയറിയിരുന്നവയും (ഫീനിക്കുലാര്‍ റെയില്‍) സുലഭമായിരുന്നു. കല്‍ക്കരിഖനികളില്‍ ഉപയോഗപ്പെടുത്തിയിരുന്ന കുതിരവണ്ടികളിലൂടെയാണ് ആധുനിക കാലത്തെ തീവണ്ടികളുടെ ഉദയം.
തടികൊണ്ടുള്ള പാളങ്ങളില്‍ കൂടി കുതിരകള്‍ വലിച്ചു നീക്കിയിരുന്ന അത്തരം വണ്ടികള്‍ പതിയെ അപ്രത്യക്ഷമായിത്തുടങ്ങിയത് 1799 ല്‍ ആരംഭിച്ച ബ്രിട്ടന്‍-ഫ്രാന്‍സ് യുദ്ധത്തോടുകൂടിയാണ്. കുതിരകള്‍ യുദ്ധമുഖത്തെത്തിയതോടെ വണ്ടി വലിക്കാന്‍ കുതിരകള്‍ക്ക് ക്ഷാമം നേരിട്ടു.
ഇതോടെ കുതിരകള്‍ക്ക് പകരമായി ആവി എന്‍ജിന്‍ വന്നു. ലോകത്തിലെ ആദ്യത്തെ സ്റ്റീം ലോക്കോമോട്ടീവ് എന്‍ജിന്‍ ബ്രിട്ടനിലാണ് ഉദയം ചെയ്യുന്നത്. റിച്ചാര്‍ഡ് ട്രെവിതിക് എന്ന ഇംഗ്ലണ്ടിലെ മൈനിങ് എന്‍ജിനീയറായിരുന്നു ഇതിനു പിന്നില്‍.1804 ആകുമ്പോഴേക്കും സ്റ്റീം ലോക്കോമോട്ടീവ് ഓടിത്തുടങ്ങി. എന്നാല്‍ ട്രെവിതികിന്റെ എന്‍ജിനെ താങ്ങാനുള്ള ശേഷി അന്നത്തെ പാളങ്ങള്‍ക്കില്ലായിരുന്നു. പാളങ്ങള്‍ പൊട്ടിത്തകരുന്നത് പതിവായതോടെ ട്രെവിതികിന്റെ എന്‍ജിന്‍ ഓട്ടം നിര്‍ത്തി. ഇതോടെ മെച്ചപ്പെട്ട റെയില്‍ എന്‍ജിന്‍ നിര്‍മിക്കാന്‍ മത്സരങ്ങള്‍ അരങ്ങേറി. മാത്യു മുറൈയുടെ സാലമാന്‍ക എന്‍ജിന്‍ റെയില്‍വേക്ക് പുതിയമാനങ്ങള്‍ നല്‍കി.
ജോര്‍ജ് സ്റ്റീഫണ്‍സണും റോബര്‍ട്ട് സ്റ്റീഫണ്‍സണും തീവണ്ടി എന്‍ജിന്‍ നിര്‍മാണ രംഗത്തേക്ക് കടന്നു വന്നതോടെ റെയില്‍വേയില്‍ അത്ഭുതാവഹമായ മാറ്റങ്ങളുണ്ടായി. റോക്കറ്റ് എന്ന ആവി എന്‍ജിന്‍ അതുവരെയുള്ള റെയില്‍വേ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി. കല്‍ക്കരി വഹിച്ചു കൊണ്ടു പോകുന്ന തീവണ്ടിയില്‍നിന്നു മനുഷ്യ സഞ്ചാരയോഗ്യമായ തീവണ്ടിക്ക് വേണ്ടി പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 1825 സെപ്റ്റംബറില്‍ മനുഷ്യസഞ്ചാരയോഗ്യമായ തീവണ്ടി കന്നിയോട്ടം നടത്തിയെങ്കിലും 1830ല്‍ ലിവര്‍ പൂളില്‍ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള 56 കിലോമീറ്റര്‍ ദൂരം നിറയെ യാത്രക്കാരുമായി നടത്തിയ യാത്രയാണ് തീവണ്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയ ദിനം.
കംപ്യൂട്ടര്‍
റിസര്‍വേഷന്‍
ഇന്ത്യയില്‍ ആദ്യമായി കംപ്യൂട്ടര്‍ റിസര്‍വേഷന്‍ ആരംഭിച്ചത് 1986ല്‍ ആണ്. 1995ലാണ് ഇന്ത്യയില്‍ റിസര്‍വേഷനുകള്‍ ഒറ്റ നെറ്റ് വര്‍ക്കിനു കീഴിലായത്.
ഇന്ത്യന്‍ റെയില്‍വേ
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. പ്രതിദിനം രണ്ടു കോടിയിലേറെ യാത്രക്കാര്‍ ഇന്ത്യന്‍ റെയില്‍വേയിലൂടെ യാത്ര ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ റെയില്‍ കൊണ്ടുവരുന്നതിനായി ഈസ്റ്റ് ഇന്ത്യന്‍ റെയില്‍വേ കമ്പനി ലണ്ടന്‍ ആസ്ഥാനമായി 1845 ല്‍ സ്ഥാപിക്കുകയുണ്ടായി. തുടര്‍ന്ന് 1849 ആഗസ്റ്റില്‍ മുംബൈയിലെ ബോറിബന്ദര്‍ ആസ്ഥാനമാക്കി ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുലാര്‍ രൂപവത്കരിച്ചതോടെ ഇന്ത്യയില്‍ റെയില്‍വേ ജോലികള്‍ ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ പാത ആയ മുംബൈ-താനെ നിര്‍മിച്ചത് ഈ കമ്പനിയാണ്. സ്വാതന്ത്ര്യത്തിനു ശേഷം വിവിധ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഗവണ്‍മെന്റും നിയന്ത്രിച്ചിരുന്ന റെയില്‍വേ സംവിധാനം ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലായി.1952 ല്‍ ഇന്ത്യന്‍ റെയില്‍വേയെ ആറ് സോണുകളാക്കി തിരിച്ചു.
കേരളത്തിന്റെ ട്രെയിന്‍
കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത ബേപ്പൂര്‍-തിരൂര്‍ ആണ്. 1861 മാര്‍ച്ച് 12 നാണ് പാത തുറന്നത്. തിരൂരില്‍ നിന്നും കുറ്റിപ്പുറത്തേക്കും കുറ്റിപ്പുറത്ത് നിന്നും പട്ടാമ്പിയിലേക്കും അതേ വര്‍ഷം പാത ആരംഭിച്ചു.
ഇ. ശ്രീധരനും
മെട്രോ റെയിലും
മെട്രോമാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മലയാളിയാണ് ഇ. ശ്രീധരന്‍. ഇന്ത്യയിലെ ആദ്യത്തെ മെട്രോ 2005 ല്‍ ഡല്‍ഹിയിലാണ് സര്‍വിസ് ആരംഭിച്ചത്. രാജ്യത്തെ ഈ അതിവേഗ ട്രെയിന്‍ സര്‍വിസായ മെട്രോക്ക് മലയാളിയായ ഇ.ശ്രീധരനാണ് നേതൃത്വം കൊടുത്തത്. മംഗളൂരു മുതല്‍ മഹാരാഷ്ട്രയിലെ റോഹവരെയുള്ളതാണ് ആദ്യത്തെ കൊങ്കണ്‍ റെയില്‍വേപ്പാത. കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ റെയില്‍വേക്കൊപ്പം കൈകോര്‍ത്ത് വിജയിപ്പിച്ചെടുത്ത കൊങ്കണ്‍ റെയില്‍വേയിലും ഇ.ശ്രീധരന്റെ നേതൃത്വമുണ്ട്. ഇവയെ കൂടാതെ കൊല്‍ക്കത്ത മെട്രോ റെയില്‍വേയിലും ഇദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ട്. പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
റെയില്‍വേ മ്യൂസിയം
റെയില്‍വേക്കും ഒരു മ്യൂസിയമുണ്ട്. ഡല്‍ഹിയിലെ ചാണക്യപുരിയിലാണിത്. പഴയകാലത്തെ തീവണ്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. പത്തേക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ മ്യൂസിയം 1977 ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കോവര്‍കഴുത വലിക്കുന്ന തീവണ്ടി, ആടുകള്‍ക്കായുള്ള തീവണ്ടി(ബകരീ ഗാഡി) എന്നിവ ഇവിടെ പ്രദര്‍ശനത്തിനുവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള റെയില്‍വേ ആവി എന്‍ജിനായ ഫെയറിക്വീന്‍ എക്‌സ്പ്രസ് ഈ മ്യൂസിയത്തില്‍ കാണാം.
സ്ലീപ്പര്‍
യാത്രയില്‍ ഉറങ്ങാന്‍ സൗകര്യമുള്ള ക്ലാസിനെ സ്ലീപ്പര്‍ ക്ലാസ് എന്നാണ് പറയുന്നത്. ഈ സംവിധാനത്തിന് സാധാരണ ചാര്‍ജിനേക്കാള്‍ അല്‍പം കൂടുതലായിരിക്കും. സ്ലീപ്പര്‍ എന്നു പേരുള്ള ഒരു വസ്തു റെയില്‍വേയിലുണ്ട്. റയില്‍പ്പാതയില്‍ പാളങ്ങളെ താങ്ങി നിര്‍ത്തുന്ന കോണ്‍ക്രീറ്റ് ബീമുകളാണിവ.
ഗേജുകള്‍
രണ്ട് പാളങ്ങള്‍ തമ്മിലുള്ള അകലമാണ് ഗേജുകള്‍. നാരോഗേജ്, ബ്രോഡ് ഗേജ്, മീറ്റര്‍ ഗേജ് എന്നിങ്ങനെയാണ് ഇന്ത്യയില്‍ നിലവിലുള്ള ഗേജുകള്‍. നാരോ ഗേജ് രണ്ട് വിധത്തിലുണ്ട്. അവയില്‍ ഒന്ന് പാളങ്ങള്‍ തമ്മിലുള്ള അകലം 0.61 മീറ്ററും രണ്ടാമത്തേത് 0.762 മീറ്ററുമാണ്. മീറ്റര്‍ ഗേജില്‍ രണ്ട് പാളങ്ങള്‍ തമ്മിലുള്ള അകലം ഒരുമീറ്ററാണ്. ബ്രോഡ് ഗേജിലാകട്ടെ പാളങ്ങള്‍ തമ്മിലുള്ള അകലം 1.676 മീറ്ററായിരിക്കും. ഒരു ഗേജിലൂടെ ഓടുന്ന തീവണ്ടിക്ക് മറ്റൊരു ഗേജിലൂടെ സഞ്ചരിക്കാനാവില്ല. പാളങ്ങള്‍ക്കനുസൃതമായി തീവണ്ടിയുടെ ചക്രങ്ങളിലും മാറ്റം വരുന്നത് കൊണ്ടാണിത്.ഇന്ത്യയില്‍ ബ്രോഡ്‌ഗേജുകളാണ് കൂടുതലായും ഉള്ളത്.
ഇന്ത്യയിലെ
ആദ്യ ട്രെയിന്‍
ഇന്ത്യയിലെ ആദ്യ തീവണ്ടിപ്പാത മുംബൈയില്‍ നിന്നു താനെവരെയുള്ള 34 കിലോമീറ്ററാണ്. 1853 ഏപ്രില്‍ 16 ന് ആണ് ഈ കന്നിയാത്ര. സാഹിബ്, സിന്ധ്, സുല്‍ത്താന്‍ എന്നിങ്ങനെയായിരുന്നു ആദ്യത്തെ കോച്ചുകളുടെ പേരുകള്‍. ആദ്യത്തെ ഇലക്ട്രിക് തീവണ്ടിപ്പാത മുംബൈ-കൂര്‍ള. 1925 ലാണ് ആ യാത്ര നടന്നത്. 16 കിലോ മീറ്ററായിരുന്നു ഇലക്ട്രിക് തീവണ്ടിപ്പാതയുടെ നീളം.
വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ ചാര്‍ജെടുക്കുന്നത് 1994 ല്‍ ആണ്. റിങ്കു സിന്‍ഹ റോയ് ആണ് ഈ ബഹുമതിക്ക് അര്‍ഹ.
ആദ്യത്തെ റെയില്‍വേ സ്‌റ്റേഷന്‍
ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ സ്‌റ്റേഷന്‍ മുംബൈയിലെ ഛത്രപതിശിവജി ടെര്‍മിനല്‍സ് ആണ്.
ആശുപത്രി ട്രെയിന്‍
ഇങ്ങനെയും ഒരു സംവിധാനം നമ്മുടെ റെയില്‍വേക്കുണ്ട്. 1991 ല്‍ ആണ് ചലിക്കുന്ന ആശുപത്രി ട്രെയിന്‍ ഇന്ത്യയില്‍ ആരംഭിച്ചത്. ലൈഫ് ലൈന്‍ എക്‌സ്പ്രസ് എന്നാണ് ഇതിന്റെ പേര്. ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഈ ട്രെയിന്‍ അതിന്റെ സേവനം ചെയ്തു വരുന്നു.
കുന്നും കയറും
ട്രെയിന്‍ കുന്നുകയറുമോ ഈ സംശയം പലര്‍ക്കുമുണ്ടാകും. ഇന്ത്യയിലെ മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിവരെ പോകുന്ന 46 കിലോമീറ്റര്‍ ഇങ്ങനെയാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. കോഗ് റെയില്‍,റാക്് റെയില്‍ എന്നീ പേരുകളിലാണ് കയറ്റം കയറുന്ന റെയില്‍ അറിയപ്പെടുന്നത്. ഈ സാങ്കേതിക വിദ്യയില്‍ റാക്ക് ആന്‍ഡ് പിനിയന്‍ സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. ഒരിനം പല്‍ചക്രവും റെയിലുമാണ് ഇതിന്റെ മുഖ്യ ഘടകം.
പ്രകൃതി മനോഹര റെയില്‍വേ പാതകള്‍
ഇന്ത്യയിലെ നിരവധി പ്രകൃതി മനോഹര റെയില്‍വേ പാതകള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് മേട്ടുപ്പാളയം-ഊട്ടി, ന്യൂജല്‍പായ്ഗുരി-ഡാര്‍ജീലിങ്, കല്‍ക്ക-ഷിംല, നീരുള്‍-മതേരന്‍ എന്നിവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."