മുഖ്യമന്ത്രി പിന്‍മാറി; ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനചടങ്ങ് അവസാന നിമിഷം റദ്ദാക്കി
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പ്രകാശനം അവസാന നിമിഷം റദ്ദാക്കി. പുസ്തകം പ്രകാശനം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറിയതിനാലാണ് പ്രകാശന ചടങ്ങ് റദ്ദാക്കിയത്.
ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സര്‍ക്കാറിന്റെ അനുമതിയില്ലാതെയാണെന്നു കെസി ജോസഫ് ആരോപിച്ചു. ഔദ്യോഗിക രഹസ്യനിയമം ജേക്കബ് തോമസ് ലംഘിച്ചുവെന്നും കെസി ജോസഫ് പറഞ്ഞു.
നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് പ്രകാശനം നടത്താത്തതെന്നു മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചു. നിയമ സെക്രട്ടറി ഉപദേശം നല്‍കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇറങ്ങും മുന്‍പേ വിവാദമായ പുസ്തകത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരാനും പിണറായി വിജയന്‍ മുഖ്യമന്ത്രിയാവാനും ആഗ്രഹിച്ചിരുന്നതായി ജേക്കബ് തോമസ് പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി സി. ദിവാകരനുമെതിരായ പരോക്ഷ വിമര്‍ശനങ്ങളുള്ള പുസ്തകത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിക്കുന്നുമുണ്ട്.
പൊലിസിലെ പ്രധാന ചുമതലകളില്‍നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശങ്ങളുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ അഴിമതിക്കെതിരേ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി പിന്തുണ നല്‍കി.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതു വരെ പിണറായിയുടെ ഭാഗത്തു നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ചില കേസുകളുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിക്കുകയും വിശദാംശങ്ങള്‍ ആരായുകയും ചെയ്തതിനപ്പുറം അന്വേഷിക്കരുത് എന്ന് ഒരു വാക്കു പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.
യു.ഡി.എഫ് ഭരണകാലത്ത് വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന താന്‍ ബാര്‍കോഴക്കേസ് അന്വേഷിച്ച രീതിയെക്കുറിച്ച് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. ബാര്‍കോഴക്കേസില്‍ അന്വേഷണം തന്റെ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ചെന്നിത്തലയ്ക്ക് എതിര്‍പ്പില്ലായിരുന്നു.
എന്നാല്‍ കെ. ബാബുവിനെ പിന്തുണയ്ക്കുന്നവരാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്നു തീരുമാനിച്ചതെന്ന് ഉമ്മന്‍ ചാണ്ടിയെ പേരെടുത്തു പറയാതെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നു. തന്നെ ജനവിരുദ്ധനായി ചിത്രീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചെന്ന പരാമര്‍ശവും പുസ്തകത്തിലുണ്ട്. സപ്ലൈകോയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മുന്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരനെതിരേയുള്ള പരോക്ഷ വിമര്‍ശനം. സപ്ലൈകോയില്‍ അഴിമതി ഇല്ലാതാക്കാന്‍ ശ്രിച്ചതിന് തന്നെ സ്ഥലം മാറ്റി. എന്നാല്‍ തന്നെ സ്ഥലം മാറ്റിയ ശേഷം തന്റെ റിപ്പോര്‍ട്ട് നടപ്പാക്കിയെന്നും പുസ്തകത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."