പിന്‍വാങ്ങിയത് ചില ചോദ്യങ്ങള്‍ക്ക് വലിയ ഉത്തരങ്ങള്‍ നല്‍കിയ ഫോറന്‍സിക് വിദഗ്ധന്‍
പ്രശസ്ത ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ.ബി ഉമാദത്തന്‍(73)അരങ്ങൊഴിഞ്ഞു.
ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. നിരവധി കൊലപാതകക്കേസുകള്‍ തെളിയിക്കാന്‍ പൊലീസിനെ സഹായിച്ച വ്യക്തിയാണ് ഡോ. ഉമാദത്തന്‍. സിസ്റ്റര്‍ അഭയ കേസ് ഉള്‍പ്പെടെ പ്രമുഖമായ പല കേസുകളും ഈ പട്ടികയിലുണ്ട്. ഫോറന്‍സിക് സയന്‍സിന്റെ സാധ്യതകളെ കുറ്റാന്വേഷണ രംഗത്ത് സമൃദ്ധമായി ഉപയോഗിച്ച ആളായിരുന്നു അദ്ദേഹം.
ജീവിതത്തിനും മരണത്തിനുമിടയിലെ ചോദ്യചിഹ്നങ്ങളായി ചിലപ്പോള്‍ പോസ്റ്റുമോര്‍ട്ടം ടേബിള്‍ മാറാറുണ്ട്. അത്തരമൊരു സംഭവമാണ് ചാവക്കാട്ടെ വ്യാപാരിയുടെ മരണം. മാര്‍ക്കറ്റിലെ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നു ജോണി. പതിവുപോലെ അന്നു കച്ചവടം അവസാനിച്ചു. പണിക്കാര്‍ പച്ചക്കറി അടുക്കിവെക്കുന്ന തിരക്കലായിരുന്നു. പുറത്ത് ചാറ്റല്‍ മഴ. കുറച്ചുപേര്‍ കടയുടെ മുന്‍വശത്തുള്ള പന്തലില്‍ മഴ നനയാതിരിക്കാന്‍ കയറി നിന്നിരുന്നു. റോഡിന് പിന്തിരിഞ്ഞ് കസേരയിലിരുന്ന് കണക്കെഴുതുകയായിരുന്നു ജോണി. പെട്ടെന്ന് അയ്യോ എന്ന നിലവിളിയില്‍ മേശപ്പുറത്തേക്ക് കമിഴ്ന്നുവീണു. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. ഹൃദയാഘാതംമൂലം മരിച്ചതാകാമെന്ന് ഡോക്ടര്‍ പറഞ്ഞു.
മൃതദേഹം കുളിപ്പിക്കുന്നതിനിടെയാണ് ഇടതുതോള്‍ പലകയുടെ ഭാഗത്ത് ചെറിയ മുറിവ് മകന്റെ ശ്രദ്ധയില്‍പ്പെട്ടത്. ജീപ്പില്‍ കയറ്റിയപ്പോള്‍ വല്ല ആണിയും കൊളുത്തിയതാവാമെന്ന നിഗമനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ അപ്പന്റെ ഷര്‍ട്ട് രഹസ്യമായി സൂക്ഷിച്ച മകന്‍ പിറ്റേന്ന് ഉന്നത പൊലിസ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി. കേസേറ്റെടുത്ത കുന്നംകുളം സി.ഐ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചു.
കല്ലറ തുറന്ന് മൃതദേഹം പുറത്തെടുക്കുന്നത് സാധാരണമല്ലല്ലോ. ജനം ഇളകിയെത്തി. ശ്വാസകോശത്തിനകത്തു നിന്നും ചെറിയൊരു വെള്ളാരങ്കല്ല് കിട്ടി. കടക്ക് സമീപം നാടന്‍ ബോംബ് പൊട്ടിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഫോറന്‍സിക് ലാബിലെ വിദഗ്ധര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബോംബ് പൊട്ടിയതിന്റെ യാതൊരു ലക്ഷണവുമില്ല. തെളിവായി ബാക്കിനില്‍ക്കുന്ന ഷര്‍ട്ടില്‍കണ്ട ചെറിയ ദ്വാരം സംശയങ്ങള്‍ വര്‍ധിപ്പിച്ചു. പരിശോധനയില്‍ ഒരു ചെറിയ വെടിയുണ്ട അര സെന്റീമീറ്റര്‍ ദ്വാരത്തിലൂടെ തുളച്ചുകയറിയതാവാനുള്ള സാധ്യതയാണുള്ളതെന്ന് വിദഗ്ധ സംഘം വിലയിരുത്തി. തിരുവന്തപുരത്തെ ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ ഷര്‍ട്ടിലെ ദ്വാരത്തിനുചുറ്റുമുള്ള വലയത്തില്‍ ഈയത്തിന്റെ അംശമുണ്ടെന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനു പൊലീസ് നിര്‍ബന്ധിതരായി. എസ്.പിമാരായ വിന്‍സന്റ്‌പോളും ഹേമചന്ദ്രനും ചാവക്കാട്ടെത്തി ജോണി വധത്തിന്റെ പുനരാവിഷ്‌ക്കരണം നടത്തി.
മരണ സമയത്ത് ജോണി ധരിച്ചിരുന്ന ഷര്‍ട്ട് അയാളുടെ അത്രതന്നെ വണ്ണവും തൂക്കവമുള്ള മറ്റൊരാളെ ധരിപ്പിച്ച് കടയുടെ ക്യാഷ് കൗണ്ടറില്‍ ഇരുത്തി പരീക്ഷണം നടത്തി. വെടിയുണ്ട വന്നത് ഏത് ദിശയില്‍ നിന്നാണെന്ന് മനസ്സിലായി. തൊട്ടടുത്ത കടയുടെ വരാന്തയില്‍ നിന്നുകൊണ്ടു നിറയൊഴിച്ചാല്‍ മാത്രമേ ഈ ഭാഗത്ത് വെടിയുണ്ട കൊള്ളാനുള്ള സാധ്യതയുള്ളൂവെന്ന് സംഘത്തിന് ബോധ്യമായി. എന്നാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കാനുള്ള ഒരുതെളിവുമില്ല. മൃതദേഹം ആദ്യത്തെ പരിശോധനക്കു ശേഷം കുഴിച്ചിട്ടിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളു.
മൃതദേഹത്തില്‍ നിന്നും ഒരു ബുള്ളറ്റ് കണ്ടുപിടിക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു സംഘത്തിന്റെ മുന്നിലുണ്ടായിരുന്നത്. അതിനിടെ മെറ്റല്‍ ഡിറ്റക്ടര്‍ വഴി മൃതദേഹത്തിനുള്ളിലെ വെടിയുണ്ട കണ്ടെത്താമെന്നുള്ള നിഗമനത്തില്‍ എത്തി.
തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ കല്ലറയില്‍ നിന്നും മൃതദേഹം വീണ്ടും പുറത്തെടുത്തു. മെഡിക്കോ ലീഗല്‍ ഉപദേശകനായി.ബി ഉമാദത്തന്‍ മെഡിക്കല്‍ കോളജിലെ മേധാവി ഡോ. ജോര്‍ജ് പോള്‍ എന്നിവരാണ് പരിശോധിച്ചത്. ശരീരം ചീഞ്ഞഴുകി കറുത്ത മാംസപിണ്ഡമായി മാറിയിരുന്നു. ഓരോ ശീരഭാഗവും കയ്യിലെടുത്തു മെറ്റല്‍ ഡിറ്റക്റ്റര്‍ വഴി ഉള്ളില്‍ വെടിയുണ്ടയുണ്ടോ എന്ന് പരിശോധിച്ചു. ഒരു മണിക്കൂറിലേറെ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.
ശ്വാസകോശത്തിന്റെ ഭാഗത്ത് കൂടെ ഡിറ്റക്റ്റര്‍ ചലിപ്പിച്ചപ്പോള്‍ ബീപ്പ് ശബ്ദം മുഴങ്ങി. തുറന്നുനോക്കിയപ്പോള്‍ 0.22 വെടിയുണ്ട ഒരുതെളിവുപോലെ നില്‍ക്കുന്നു. വെടിവയ്ക്കാനുപയോഗിക്കുന്ന തോക്കില്‍ റൈഫ്‌ളിംഗില്ലാത്ത വ്യാജനിര്‍മിത തോക്കില്‍ നിന്നുതിര്‍ത്ത വെടിയുണ്ടായാണിതെന്ന് വ്യക്തമായി. ഇതു വ്യാജമായി ഉണ്ടാക്കുന്ന കൊല്ലന്മാരിലേക്ക് അന്വേഷണം നീണ്ടു. സി.ബി.ഐ അന്വേഷിച്ച കേസില്‍ അവസാനം മറ്റൊരു പച്ചക്കറി വ്യാപാരി വാടകക്കൊലയാളിയെക്കൊണ്ട് ജോണിയെ കൊല്ലിക്കുകയായിരുന്നെന്നാണ് തെളിഞ്ഞത്.
ചാക്കോവധം, റിപ്പര്‍ കൊലപാതകം, മിസ് കുമാരിയുടെ മരണം, പാനൂര്‍ സോമന്‍ കേസ് തുടങ്ങിയ കേസുകളില്‍, മൃതദേഹങ്ങളില്‍ നിന്നും അദ്ദേഹം ശേഖരിച്ച തെളിവുകള്‍ കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."