സ്വാശ്രയ മെഡിക്കല്‍ ഫീസ്: അടിയന്തിരമായി വാദംകേള്‍ക്കണമെന്ന് സുപ്രിംകോടതിയോട് കേരളം
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് രണ്ടിരട്ടിയലധികം ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന കേരളാ ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ അടിയന്തിരമായി വാദംകേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്‍ അപേക്ഷ നല്കി. കേരളത്തിലെ മെഡിക്കല്‍ പ്രവേശനം നിലവില്‍ നിശ്ചലാവസ്ഥയിലാണെന്നും അതിനാല്‍ വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് അടിയന്തിര തീരുമാനം വേണമെന്നും സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് നല്കിയ അപേക്ഷയില്‍ പറയുന്നു. പുതിയ സാഹചര്യത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനായുള്ള കൗണ്‍സലിങ് നേരിടുന്ന പ്രതിസന്ധിയും അപേക്ഷയില്‍ കേരളം വിശദീകരിച്ചിട്ടുണ്ട്.
അതേസമയം, ഹൈക്കോടതി വിധിക്കെതിരേ റാങ്ക് പട്ടികയിലുള്ള ചില വിദ്യാര്‍ഥികളും സുപ്രിംകോടതിയെ സമീപിച്ചിരിക്കയാണ്. ഫീസ് നിര്‍ണയ സമിതി നേരത്തെ നിശ്ചയിച്ചതിനെക്കാളും മൂന്നിരട്ടി ഫീസാണ് ചില സ്വാശ്രയ കോളജുകള്‍ ആവശ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് റാങ്ക് പട്ടികയില്‍ സ്ഥാനംപിടിച്ച വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ 13ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കഴിഞ്ഞയാഴ്ച ഹരജി സമര്‍പ്പിച്ചിരുന്നത്. 2019ലെ കേന്ദ്ര മെഡിക്കല്‍ കമ്മിഷന് നിയമം നിലവില്‍വന്നതോടെയാണ് ഫീസ് നിര്‍ണയിക്കാനുള്ള അധികാരം മെഡിക്കല്‍ കമ്മിഷനാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അതിനാല്‍ ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനഃനിര്ണയിക്കണമെന്നും കോളജുകള്‍ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ നല്‍കേണ്ടിവരുമെന്ന് വിദ്യാര്‍ഥികളെ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."