വേനല്‍ മഴ; കിഴക്കന്‍ മേഖലയില്‍ ഇഞ്ചി കൃഷിക്ക് തുടക്കമായി
കഞ്ചിക്കോട്: വേനല്‍ മഴ വ്യാപകമായതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പാടശേഖരങ്ങളില്‍ ഇഞ്ചി കൃഷി ആരംഭിച്ചു. പൂട്ടിയൊരുക്കിയ പാടശേഖരങ്ങളില്‍ ഇഞ്ചി കൃഷിക്കായി വാരം എടുക്കുന്ന ജോലികള്‍ നെന്മാറ, അയിലൂര്‍ പഞ്ചായത്തുകളിലെ വിവിധ മേഖലയില്‍ തുടങ്ങി.
ഒരേക്കറിന് 40,000 മുതല്‍ 50,000 രൂപ വരെ വാര്‍ഷിക പാട്ടം നല്‍കിയാണ് കര്‍ഷകര്‍ നിലം ഒരുക്കുന്നത്. ഒരു തവണ ഇഞ്ചി വിളയിറക്കിയ സ്ഥലത്ത് വൈറസ്, ഫംഗസ്, ബാക്ടീരിയ കീടങ്ങളുടെ ആക്രമണം ഭയന്ന് ഓരോ വര്‍ഷവും പുതിയ സ്ഥലത്തേക്ക് മാറിയാണ് വിളയിറക്കുക.
ഒരേക്കര്‍ കൃഷി ചെയ്യാന്‍ 300 കിലോഗ്രാം വിത്തു വേണം. കിലോയ്ക്ക് 40 മുതല്‍ 60 രൂപ വരെയാണ് വിത്തിന്റെ വില. മിക്ക കര്‍ഷകരും പ്രത്യേകം സൂക്ഷിച്ച വിത്താണ് ഉപയോഗിക്കുക.
ഇഞ്ചി നട്ടു വാരങ്ങളില്‍ പുല്ല് മുളക്കാതിരിക്കാന്‍ മുകളില്‍ വൈക്കോല്‍ വിരിക്കും. വരള്‍ച്ച മൂലം ഇക്കുറി രണ്ടാം വിള നെല്‍കൃഷി മിക്കയിടത്തും ഇല്ലാതായതോടെ വൈക്കോല്‍ കിട്ടാത്തതും വില കൂടുകയും ചെയ്തതിനാല്‍ കയര്‍ ഫാക്ടറികളില്‍നിന്നുള്ള ചകിരിച്ചോര്‍ കൊണ്ടാണ് വാരം മൂടുന്നത്.
ചെറിയ ടിപ്പര്‍ ചകിരിച്ചോറിന് 4,000 രൂപ മുതല്‍ വില വരുന്നുണ്ട്. ഏക്കറിന് ഏകദേശം 12,000 രൂപ ചകിരിച്ചോറിന് മാത്രം ചെലവ് വരും.
ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ വാരങ്ങളില്‍ പാഴ്‌ച്ചെടി മുളക്കുന്നത് ഒഴിവാക്കാന്‍ പയര്‍ നടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."