തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 150 പായ്ക്കറ്റ് കഞ്ചാവ് പിടിച്ചു
തിരൂര്‍: ഉത്തരേന്ത്യയില്‍നിന്ന് 150 പായ്ക്കറ്റ് കഞ്ചാവുമായെത്തിയ മധ്യപ്രദേശ് സ്വദേശി തിരൂരില്‍ പിടിയില്‍. മധ്യപ്രദേശ് പുരുസോത്തംപൂര് സാഗര്‍ സൗത്ത് 24 പര്ഗ്ഗനാസ് സ്വദേശി സൗരവ് ഗിരി (24) ആണ് തിരൂര്‍ ആര്.പി.എഫിന്റെ പിടിയിലായത്. 500 രൂപ വീതം വില വരുന്ന അഞ്ച് ഗ്രാം തൂക്കം വരുന്ന 150 പായ്ക്കറ്റ് കഞ്ചാവാണ് ഇയാളുടെ ബാഗില്‍ നിന്ന് ആര്.പി.എഫ് പിടിച്ചെടുത്തത്.
ഇന്നലെ വൈകിട്ട് 6.30 ഓടെ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സൗരവ് ഗിരിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നുവെന്ന് ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആദ്യമായാണ് ഇയാള്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്നും 150 പായ്ക്കറ്റ് കഞ്ചാവിന് 75,000 രൂപയോളം വില വരുമെന്നും ആര്.പി.എഫ് വ്യക്തമാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനും തുടര്‍ നടപടികള്‍ക്കുമായി പ്രതിയെ തിരൂര്‍ എക്സൈസിന് കൈമാറി. ആര്.പി.എഫ് എസ്.ഐ എന്‍.പി ഷിനോജ്കുമാര്‍, സിറാജ് മേനോന്, കെ. ശശിധരന്, എ.വി സുഹൈല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."