മണ്ണാര്‍ക്കാട്ടെ ഡെങ്കിപ്പനി; പ്രതിഷേധങ്ങള്‍ക്ക് ശക്തിയേറുന്നു പ്രത്യേക കൗണ്‍സില്‍ യോഗം ചേരുമെന്ന്
മണ്ണാര്‍ക്കാട്: ഡെങ്കിപ്പനി രൂക്ഷമായ മണ്ണാര്‍ക്കാട് നഗരസഭയുടെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാവുന്നില്ലെന്ന് വിവിധ കോണുകളില്‍നിന്ന് ആക്ഷേപങ്ങളുയരുന്നു. ഡെങ്കിപ്പനിയുടെ പേരില്‍ നഗരസഭാ അംഗങ്ങള്‍ രാഷ്ട്രീയ നാടകം കളിക്കുന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് നഗരസഭാ യോഗം ചേരുന്നുണ്ട്. നഗരസഭയുടെ അനാസ്ഥക്കെതിരേ എന്‍.സി.പി മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തി. നഗരസഭാ പരിധിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും ചികിത്സാ ധനസഹായം നല്‍കണമെന്നും എന്‍.സി.പി ആവശ്യപ്പെട്ടു. നിരാഹാര സമരം ഷൗക്കത്തലി കുളപ്പാടം ഉദ്ഘാടനം ചെയ്തു. വി. ഷഫീഖ് അധ്യക്ഷനായി.
തിങ്കളാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ കോടതിപ്പടിയിലെ പ്രമുഖ ഷോപ്പിങ് കോംപ്ലക്സില്‍നിന്ന് കക്കൂസ് മാലിന്യങ്ങള്‍ അഴുക്കുചാലിലേക്ക് തുറന്നുവിടുന്നതായി കണ്ടെത്തി. 5000 രൂപ പിഴ ഈടാക്കുകയും 12 മണിക്കൂറിനകം മാലിന്യം നീക്കം ചെയ്യാനും, മാലിന്യ സംസ്കരണ സംവിധാനമരുക്കാനും നോട്ടീസ് നല്കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടോംസ് വര്‍ഗീസ്, സുരേഷ്, ഗോപാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഡെങ്കിപ്പനിക്കെതിരേ ബോധവല്കരണവുമായി സേവ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ വീടുകള്‍ കയറിയുളള ബോധവല്കരണം നടത്തുകയും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികളെ സന്ദര്‍ശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."