ജലാശയങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞു
അരൂര്‍: മത്സ്യ ലഭ്യത കുറഞ്ഞതോടെ തൊഴിലാളികള്‍ വറുതിയുടെ പിടിയില്‍. ഉള്‍നാടന്‍ കായലുകളിലും മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളിലും ഏറെ പ്രതീക്ഷയോടെയാണ് മല്‍സ്യ തൊഴിലാളികള്‍ മല്‍സ്യ ബന്ധനത്തിനിറങ്ങുന്നത്. സാധാരണ ഗതിയില്‍ കാലവര്‍ഷമഴ തിമിര്‍ത്തു പെയ്യുമ്പോള്‍ വല നിറയെ മല്‍സ്യങ്ങള്‍ ലഭിക്കുമായിരുന്നുവെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു.
എന്നാല്‍ ഇക്കുറി കാലവര്‍ഷത്തിന് കായലുകളിലും മറ്റ് അനുബന്ധ ജലാശയങ്ങളിലും മല്‍സ്യ ബന്ധനം നടത്തുന്ന തൊഴിലാളികള്‍ മല്‍സ്യ ബന്ധനം കഴിഞ്ഞ് കറിക്കുപോലും മല്‍സ്യം ലഭിക്കാതെ വെറും കയ്യോടെയാണ് മടങ്ങുന്നത്.
കായലുകളില്‍ നിന്നും മല്‍സ്യ ബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് ചെമ്മീന്‍ കൊയ്ത്തു കാലമായ ജൂണ്‍ ജൂലൈ മാസങ്ങളില്‍ ചെമ്മീന്‍ ലഭ്യതിയില്‍ ഉണ്ടായ വന്‍ ഇടിവ് മല്‍സ്യ തൊഴിലാളികളെ പട്ടിണിയാലാക്കുകയാണ് ചെയ്യുന്നത്. കാലവര്‍ഷത്തില്‍ വല നിറയെ ചെമ്മീന്‍ ലഭിച്ചിരുന്ന മല്‍സ്യതൊഴിലാളികള്‍ക്ക് ലഭ്യത കുറവ് മൂലം പേരിനെങ്കിലും ലഭിക്കുന്ന വിവിധ തരം ചെമ്മീനുകള്‍ക്ക് വില ലഭിക്കാത്തതും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തെള്ളി ചെമ്മീനുകള്‍ക്ക് ഒരു കിലോക്ക് എണ്‍പത് രൂപ വരെ ലഭിച്ചിരുന്നത് ഇപ്പോള്‍ മുപ്പതു രൂപ മുതല്‍ മുപ്പത്തിയഞ്ചു രൂപ മാത്രമായി മാറിയിരിക്കുകയാണ്.
നാരന്‍ ചെമ്മീന് നൂറ്റി നാല്‍പ്പത് രൂപ മുതല്‍ നൂറ്റിയന്‍പത് രൂപവരെ ലഭിച്ചിരുന്നത് ഇപ്പോള്‍ ഒരു കിലോക്ക് അറുപത് രൂപ മുതല്‍ എണ്‍പത് രൂപ വരെയായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ വലിയ നാരന്‍ ചെമ്മീനുകള്‍ക്ക് അതിന്റെ വലിപ്പമനുസരിച്ച് ഒരു പരിധി വരെ നല്ല വില ലഭിക്കുമായിരുന്നു. മുന്നൂറ് രൂപ മുതല്‍ എഴുന്നൂറ് രൂപ വരെ ലഭിച്ചിരുന്നത് ഇപ്പോള്‍ നാന്നൂറ് രൂപ പോലും ലഭിക്കാത്ത അവസ്ഥയിലായി മാറിയിരിക്കുന്നു. കാലവര്‍ഷക്കാലത്ത് മല്‍സ്യ തൊഴിലാളികള്‍ക്ക് കായലുകളില്‍ നിന്നും സുലഭമായി ലഭിച്ചിരുന്ന ആറ്റുകൊഞ്ച് ഇപ്പോള്‍ അപ്രത്യക്ഷമായ അവസ്ഥയിലാണ്.
ഇത്തരം സാഹചര്യവും മല്‍സ്യതൊഴിലാളുകളെ പട്ടിണിയിലേക്ക് തള്ളി വിടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സാധാരണ ഗതിയില്‍ ട്രോളിങ് കാലയളവ് ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികളുടെ ചാകരക്കാലമാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ചെമ്മീനുകളും ആറ്റുകൊഞ്ചും ഉള്‍പ്പെടെയുള്ള നല്ല വില ലഭിക്കുന്ന മല്‍സ്യങ്ങള്‍ ലഭിക്കാതെ വന്നതോടെ ഇവരുടെ ചാകര കാല ഒര്‍മ്മയില്‍ മാത്രമായി ഒതുങ്ങകയാണെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു.
ഇപ്പോള്‍ മല്‍സ്യ ബന്ധനത്തിന് പോകുന്ന മല്‍സ്യ തൊഴിലാളികള്‍ക്ക് ചൊറി പൊടിമീനുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. വലിയ കായല്‍ മല്‍സ്യങ്ങളായ കരിമീന്‍, വരാല്‍, ഫിലോപ്പിയ തുടങ്ങിയ ഇനത്തില്‍പ്പെട്ട വില ലഭിക്കുന്ന മല്‍സ്യങ്ങളും ലഭിക്കാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. വിവിധ തരം ഞണ്ടുകളും കായലുകളില്‍ നിന്നും മല്‍സ്യ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.
വന്‍ തോതില്‍ മല്‍സ്യ ലഭ്യത കുറഞ്ഞതോടുകൂടി ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഭീമമായ തുക ലോണ്‍ എടുത്ത് മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ വാങ്ങിയ തൊഴിലാളികള്‍ക്ക് ലോണ്‍ തിരികെ അടക്കുവാന്‍ മാര്‍ഗ്ഗമില്ലാതെ ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി ഭീഷണിയും നേരിടേണ്ടി വന്നിരിക്കുകയാണ്.
കായലുകളില്‍ വന്‍ തോതില്‍ രാസമാലിന്യം കാലരുന്നത് കായല്‍ മല്‍സ്യങ്ങളുടെ പ്രജനനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കായലുകളിലേക്ക് വന്‍ തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുവാന്‍ നടപടിയില്ലാത്തതും മല്‍സ്യ തൊഴിലാളികളുടെ തൊഴിലിടം നഷ്ടമാക്കുന്നതിനും മല്‍സ്യങ്ങളുടെ ലഭ്യത കുറവിനും ഇടക്കാക്കുന്നുവെന്നും തൊഴിലാളുകള്‍ ആരോപിക്കുന്നു.
കായലുകളിലേക്ക് ഒഴുകിയെത്തുന്ന പോള പായലുകളാണ് ഉള്‍ നാടന്‍ മല്‍സ്യ തൊഴിലാളികള്‍ക്ക് എക്കാലവും ദുരിതം വിതക്കുന്നത്.
പോള പായല്‍ ഉത്ഭവ സ്ഥാനത്തു തന്നെ നശിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കി ഇവ നടപ്പിലാക്കുന്നതില്‍ അധികൃതര്‍ക്ക് വരുന്ന വീഴ്ച മൂലമാണ് ഉള്‍ നാടന്‍ മല്‍സ്യ തൊഴിലാളികളുടെ തൊഴിലിടം നഷ്ടമാക്കുന്നതേടൊപ്പം കായല്‍ മല്‍സ്യങ്ങളുടെ പ്രജനനവും അവയുടെ വളര്‍ച്ചയേയും സഞ്ചാരത്തേയും സാരമായി ബാധിക്കുന്നതും തങ്ങള്‍ക്ക് മല്‍സ്യ ലഭ്യത കുറയാന്‍ കാരണമായതെന്ന് തൊഴിലാളികള്‍ ചൂണ്ടി കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."