സ്വപ്‌നയെ വിട്ടുതരില്ലെന്ന് കസ്റ്റംസ്; വിവാദ ശബ്ദരേഖ അന്വേഷണം ത്രിശങ്കുവില്‍
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരായ സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. കസ്റ്റഡിയിലിരിക്കെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ കോടതി അനുമതി വാങ്ങണമെന്നും കാണിച്ച് കസ്റ്റംസ് ജയില്‍ വകുപ്പിന് മറുപടി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കോടതിയെ എങ്ങനെ സമീപിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷണ സംഘം. ഗുരുതര ആരോപണമുള്ള ഈ ശബ്ദരേഖ സ്വപ്നയുടേതാണോയെന്ന് ഉറപ്പിക്കാന്‍പോലും അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
ജയിലിലുള്ള സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിനും ജയില്‍ വകുപ്പ് കസ്റ്റംസിനും എന്‍.ഐ.എ കോടതിയ്ക്കും അപേക്ഷ നല്‍കിയിരുന്നു. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കൊഫപോസ പ്രതിയായതിനാലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്താന്‍ ജയില്‍ വകുപ്പ് കൊച്ചി എന്‍.ഐ.എ കോടതിയുടെയും കസ്റ്റംസിന്റെയും അനുമതി തേടിയത്. സ്വപ്നയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. അതിനുശേഷം ചോദ്യം ചെയ്യണമെങ്കിലും കോടതിയില്‍നിന്ന് അനുമതി വാങ്ങണമെന്നാണ് കസ്റ്റംസ് നിലപാട്. ഇക്കാര്യം ജയില്‍ വകുപ്പ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. തുടര്‍കാര്യങ്ങള്‍ ഇനി ക്രൈംബ്രാഞ്ച് തീരുമാനിക്കട്ടെ എന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്.
പക്ഷെ നിലവില്‍ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കാനും നിയമതടസമുണ്ട്. സ്വപ്നയ്‌ക്കെതിരേ കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് ഇവര്‍ നടത്തുന്നത്. കേസിന്റെ ഭാഗമല്ലാതെ ചോദ്യം ചെയ്യല്‍ അനുമതിക്കായി കോടതിയില്‍ അപേക്ഷ നല്‍കാനുമാവില്ല. ഇതോടെ ഇനി എങ്ങനെ അന്വേഷണം മുന്നോട്ട് പോകുമെന്നതിലാണ് ആശയക്കുഴപ്പം.
ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ ആദ്യം അന്വേഷിക്കാതിരുന്ന പൊലിസ് ഇ.ഡി കത്ത് നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ആദ്യം ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ശബ്ദരേഖ തന്റേതാണെന്ന് ഉറപ്പിക്കാന്‍ സ്വപ്ന തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."