ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം; ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. ബാര്‍കോഴ ആരോപണം ഉയര്‍ന്ന സമയത്ത് ചെന്നിത്തല മന്ത്രിയല്ലാത്തതിനാല്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്നും സ്പീക്കറുടെ അനുമതി മാത്രം മതിയെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.
അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണമോ അതോ സ്പീക്കറുടെ അനുമതി മതിയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ലാതിരുന്നതിനാല്‍ ഇതുവരെ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തിനുള്ള ഫയല്‍ ആഭ്യന്തര വകുപ്പ് രാജ്ഭവനിലേക്ക് അയച്ചിരുന്നില്ല. ചെന്നിത്തലയുടെ കാര്യത്തില്‍ സ്പീക്കറെയും ബാര്‍ കോഴയില്‍ ആരോപണ വിധേയരായ മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരേയുള്ള അന്വേഷണത്തിന് ഗവര്‍ണറെയും സമീപിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചെന്നിത്തലയുടെ കാര്യത്തിലും ഗവര്‍ണറെ സമീപിക്കണമെന്ന് ചില ഉന്നതോദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് ബാബു, ശിവകുമാര്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടും.
ചെന്നിത്തല, ബാബു, ശിവകുമാര്‍ എന്നിവക്കെതിരേ അന്വേഷണം നടത്താന്‍ അനുമതി ചോദിച്ച് നേരത്തെ സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. സ്പീക്കര്‍ ഗുജറാത്തില്‍ ഔദ്യോഗിക പരിപാടി കഴിഞ്ഞ് 30ന് മാത്രമേ എത്തുകയുള്ളൂ. അതിനു ശേഷം അനുമതി നല്‍കുമെന്നറിയുന്നു.
അതിനിടെ ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോഴ കൊടുക്കാന്‍ പണം നല്‍കിയെന്ന ബാറുടമകള്‍ വിജിലന്‍സിനു നല്‍കിയ മൊഴി പുറത്തുവന്നു. പൊളിറ്റിക്കല്‍ ഫണ്ടായി ഒരു ലക്ഷം രൂപ വീതവും ലീഗല്‍ ഫണ്ടായി അര ലക്ഷം രൂപ വീതവും നല്‍കിയെന്നാണ് 12 ബാറുടമകള്‍ വിജിലന്‍സിനു നല്‍കിയ മൊഴിയിലുള്ളത്. എന്നാല്‍ മൊഴി രേഖപ്പെടുത്തിയ വിജിലന്‍സ് തുടര്‍നടപടിയെടുത്തിരുന്നില്ല. എറണാകുളത്തെ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ 2013 മാര്‍ച്ച് മൂന്നിന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് കോഴ കൊടുക്കാന്‍ തീരുമാനിച്ചത്. പൊളിറ്റിക്കല്‍, ലീഗല്‍ ഫണ്ടായി തിരുവനന്തപുരത്തുനിന്നു മാത്രം 80 ലക്ഷം രൂപ പിരിച്ചു.
അക്കാലത്ത് മന്ത്രിയായിരുന്ന ബാബുവിനും അദ്ദേഹം പറഞ്ഞവര്‍ക്കും പത്തു കോടി രൂപ നല്‍കിയെന്ന് ബാറുടമകളുടെ സംഘടനാ നേതാവായിരുന്ന ബിജു രമേശ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ചെന്നിത്തലയ്ക്ക് ഒരു കോടിയും കെ. ബാബുവിന് 50 ലക്ഷവും ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്ന് അടുത്തിടെ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."