രജനിയുടെ രാഷ്ട്രീയ പ്രവേശനം: എതിര്‍പ്പുമായി പ്രാദേശിക പാര്‍ട്ടികള്‍
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വലിയ ചര്‍ച്ചയാകുന്നതിനിടയില്‍ വംശീയ വിദ്വേഷം ഉയര്‍ത്തി തമിഴര്‍ മുന്നേറ്റ പടൈയുടെ(ടി.എം.പി) നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധം. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരേ പോയസ് ഗാര്‍ഡനിലെ അദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധിച്ച 30 ടി.എം.പി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
ടി.എം.പി നേതാവ് വീരലക്ഷ്മിയുടെ നേതൃത്വത്തിലാണ് രജനിയുടെ വീടിനുമുന്‍പില്‍ പ്രതിഷേധം അരങ്ങേറിയത്. തമിഴ്‌നാട്ടുകാരനല്ലാത്ത രജനികാന്ത് തമിഴ്‌നാട് ഭരിക്കാന്‍ ശ്രമിക്കേണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം തന്റെ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രജനി രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കിയത്.
പ്രതിഷേധത്തിനിടയില്‍ രജനികാന്തിന്റെ കോലവും കത്തിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ തമിഴ്‌നാട് പൊലിസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. സൂപ്പര്‍ താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചന നല്‍കി രജനി രംഗത്തെത്തിയത്. തമിഴനല്ലെന്ന വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയും അദ്ദേഹം നല്‍കിയിരുന്നു. 22 വര്‍ഷം കര്‍ണാടകയിലാണ് ജീവിച്ചതെങ്കിലും പിന്നീടുള്ള 44 വര്‍ഷവും തമിഴ്‌നാട്ടിലാണ് ജീവിച്ചതെന്ന് രജനി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."