ബാബരി മസ്ജിദ് കേസ്: വിധി ഇന്ന്
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ഭരണഘടനാ ബെഞ്ചിനു വിടണമോയെന്ന കാര്യത്തില്‍ സുപ്രിംകോടതി ഇന്നു വിധിപറയും. പള്ളി ഇസ്ലാമില്‍ അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ പരാമര്‍ശം നീക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യത്തിലും ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ അശോക് ഭൂഷണ്, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് തീരുമാനമറിയിക്കും. പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹാബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന 14 ഹരജികളാണ് ചീഫ്ജസ്റ്റിസിന്റെ ബെഞ്ചിനു മുന്‍പാകെയുള്ളത്.
പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. ബാബരി മസ്ജിദ് വിഷയത്തിലുള്ള സുപ്രധാന കേസും ഇതാണ്. നീണ്ട വാദത്തിനൊടുവില്‍ ജൂലൈ 20ന് കേസ് വിധിപറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."