ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വിസ് സമര്‍പ്പിച്ചു
റിയാദ്: പുണ്യ നഗരങ്ങളായ മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിച്ചുള്ള ഹറമൈന്‍ ട്രെയിന്‍ സര്‍വിസ് സമര്‍പ്പിച്ചു. ജിദ്ദയില്‍ നിന്നു പ്രവാചക പട്ടണത്തിലേക്കു കന്നി യാത്ര നടത്തി സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വിസ് സമര്‍പ്പിച്ചത്. അടുത്ത മാസം നാലു മുതലാണ് പൊതുജനങ്ങള്‍ക്കു യാത്രയ്ക്ക് അവസരമുണ്ടാകുക.
ഹറമൈന്‍ ട്രെയിന്‍ സര്‍വിസ് നിലവില്‍വന്നതോടെ മക്കയില്‍നിന്ന് മദീനയിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശത്തിനു പരിഹാരമായി. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലോടുന്ന ഇലക്ട്രിക് ട്രെയിന്‍ ഒന്നര മണിക്കൂര്‍ കൊണ്ട് മക്കയില്‍നിന്ന് മദീനയിലെത്തും. ഇതോടെ വിഷന്‍ 2030യുടെ ഭാഗമായി കോടിക്കണക്കിന് ഉംറ തീര്‍ഥാടകരെ ലക്ഷ്യംവയ്ക്കുന്നതിനുള്ള ഒരു പടികൂടി സഊദി ഭരണകൂടം പിന്നിട്ടു.
സുലൈമാനിയ റെയില്‍വേ സ്റ്റേഷനിലെത്തിയ സല്‍മാന്‍ രാജാവിനെ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍, ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ ആമൂദി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍, അല്‍ബാഹ ഗവര്‍ണര്‍ ഹുസാം ബിന്‍ സഊദ് രാജകുമാരന്‍, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, നാഷനല്‍ ഗാര്‍ഡ് മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് രാജകുമാരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."