കാഞ്ഞിരകോട് കായലില്‍ അഷ്ടമുടിയുടെ 'ഹൃദയം പദ്ധതി'
കൊല്ലം: അഷ്ടമുടി കായലിന്റെ ഭാഗമായ കാഞ്ഞിരകോട് പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി പെരിനാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന അഷ്ടമുടിയുടെ ഹൃദയം പദ്ധതിക്ക് ലോക ടൂറിസം ദിനത്തില്‍ തുടക്കമാകുന്നു.
ജില്ലയിലെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടായ അഷ്ടമുടി കായലിനെ സംരക്ഷിക്കുകയും കായല്‍ സമ്പത്ത് വര്‍ധിപ്പിക്കുകയും ലക്ഷ്യമാക്കുന്ന പദ്ധതിയിലൂടെ പ്ലാസ്റ്റിക് മാലിന്യത്തെ ഉപയോഗപ്രദമാക്കി മാറ്റാമെന്നതാണ് മുഖ്യ സവിശേഷത.പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാഞ്ഞിരകോട് ഭാഗം പ്ലാസ്റ്റിക് മുക്തമാക്കലാണ് അത്യന്തിക ലക്ഷ്യം. പഞ്ചായത്തിന്റെ ചുമതലയിലുള്ള കടത്തുവള്ളങ്ങള്‍ ഉപയോഗിച്ചാണ് കായലില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക. മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ ഹരിതകര്‍മസേന വഴി ചെറുമൂട് പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റില്‍ എത്തിക്കുകയും റോഡ് ടാറിങിന് ഉപയോഗിക്കുന്ന ബിറ്റുമിനുമായി ചേര്‍ക്കുകയും ചെയ്യും.
രണ്ടാഴ്ച്ചത്തെ ഇടവേളയില്‍ മാസത്തില്‍ രണ്ടുതവണ ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും അവ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റില്‍ എത്തിക്കുകയും ചെയ്യും.
പദ്ധതിയുടെ ഉദ്ഘാടനം കൈതാകോടി കടത്തുകടവില്‍ ഇന്ന് രാവിലെ 10 ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് നിര്‍വഹിക്കും. ഡി.ടി.പി.സി സെക്രട്ടറി സന്തോഷ് കുമാര്‍, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."