മില്‍മ പ്ലാന്റില്‍നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കിവിട്ടത് സംഘര്‍ഷത്തിന് ഇടയാക്കി
കുന്ദമംഗലം: പെരിങ്ങളത്തെ മില്‍മ പ്ലാന്റില്‍നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കിവിട്ടത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ ഉച്ചയോടെയാണ് പെരിങ്ങളത്തെ മില്‍മ പ്ലാന്റില്‍ നിന്ന് കുരിക്കത്തൂര്‍ റോഡിനു താഴ്ഭാഗത്തെ തോട്ടിലൂടെ മാലിന്യം ഒഴുക്കിവിട്ടത്. മാലിന്യം തോട്ടിലും സമീപത്തെ വയലിലും പരന്നതോടെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു.
തുടര്‍ന്ന് മാലിന്യം ശേഖരിച്ച് മില്‍മയുടെ ഓഫിസില്‍ കൊണ്ടുപോയി ഒഴിച്ചു. കുന്ദമംഗലം പൊലിസ് സ്ഥലത്തെത്തി നാട്ടുകാരോടും മില്‍മ അധികൃതരോടും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് മാലിന്യം എടുത്തുമാറ്റാന്‍ നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണു നാട്ടുകാര്‍ പിരിഞ്ഞുപോയത്. ഒഴയാടി ഭാഗത്തുനിന്ന് ഒഴുകിവരുന്ന ഈ തോട് മില്‍മയുടെ സ്ഥലത്തുകൂടെയാണ് കുറ്റിക്കാട്ടൂര്‍ മാമ്പുഴ തോട്ടില്‍ എത്തിച്ചേരുന്നത്. അതേസമയം ശുചീകരണ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയതാണു പ്രശ്നത്തിന് ഇടയാക്കിയതെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു.
ഇപ്പോള്‍ താല്‍ക്കാലികമായി ബണ്ട് കെട്ടി മാലിന്യം പുറത്തേക്ക് ഒഴുകുന്നത് തടഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ മാലിന്യം എടുത്തുമാറ്റുമെന്നും മില്‍മ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."